24 April Wednesday

കാട്ടാനകൾ നാട്ടിലേക്ക‌് : മലയോരം ഭീതിയിൽ

സ്വന്തം ലേഖകൻUpdated: Monday Mar 18, 2019

വെള്ളരിക്കുണ്ട്

കാട്ടാനകളുടെ അക്രമണത്തിൽ മലയോരം ഭീതിയിൽ. ബളാൽ പഞ്ചായത്തിലെ പടയംകല്ല്, പുഞ്ച പ്രദേശങ്ങളിൽ 35 കുടുംബങ്ങളാണ‌് കാട്ടാനകളുടെ ആക്രമണത്തെ തുടർന്ന‌്  ഭീതിയിൽ കഴിയുന്നത‌്.  
നാല് ദിവസമായി  പ്രദേശങ്ങളിൽ ആനകളുടെ വിളയാട്ടമാണ്. സ്കൂൾ കുട്ടികളും തൊഴിലാളികളും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ‌്. ഏക്കർ കണക്കിന് കൃഷി ഭൂമികൾ ആനകൾ നശിപ്പിച്ചു.  ഭയപ്പെടുത്തിയാലും പിന്തിരിയാത്ത ആനകൾ കാർഷിക വിള നശിപ്പിക്കുന്നതിനൊപ്പം മനുഷ്യർക്കും ഭീഷണിയാകുന്നു. പടയംകല്ല്, പുഞ്ച പ്രദേശങ്ങളിലെ കെ പി യുടെ മലയെന്നറിയപ്പെടുന്ന പ്രദേശങ്ങളിലാണ‌്  ആനകൾ വിരഹിക്കുന്നത്. ഈ പ്രദേശത്ത‌് പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിയ നിരവധി ആളുകളുടെ കൃഷിയിടം ആനകളുടെ താണ്ഡവത്തിൽ നശിച്ചു. തകിടിയിൽ ബെന്നി, വാടാതുമുകളേൽ ജോഷി, തകിടിയിൽ ജോസ്കുട്ടി എന്നിവരുടെ വാഴകൃഷി പൂർണമായും നശിപ്പിച്ചു. തകിടിയിൽ മനോജ്, ഏറത്ത് അപ്പച്ചൻ, മുഹമ്മദ് കുഞ്ഞി, ബഷീർ, ഹമീദ്, എന്നിവരുടെ കൃഷികളും  നശിപ്പിച്ചു. പോപ്പുലർ എസ്റ്റേറ്റിന്റെ സമീപത്തുള്ള പ്രദേശങ്ങളിലാണ് കൂടുതൽ നാശം. ഇവിടെ മിച്ചഭൂമിയിലെ കുടികിടപ്പുകാരായ 20 കുടുംബങ്ങൾ സ്വത്തും ജീവനും നഷ്ടപ്പെടുന്ന ഭീതിയിയിലാണ്.  മുൻ കാലങ്ങളിൽ തീ കാണിച്ചും, പാളയും ചെണ്ടയും കൊട്ടിയും പടക്കം പൊട്ടിച്ചും  കാട്ടാനകളെ തുരത്തിയിരുന്നു. എന്നാൽ ഇന്ന് ഇവയൊന്നും ആനകളെ ഭയപ്പെടുത്തുന്നില്ല. കാടിറങ്ങുന്ന ആനകളെ തുരത്താൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 
പ്രധാന വാർത്തകൾ
 Top