01 April Wednesday

ആനുകൂല്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
കാസർകോട്‌ 
മൽസ്യ ക്ഷാമം കാരണം പ്രയാസമനുഭവിക്കുന്ന മൽസ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനും മൽസ്യ സഹ. സംഘങ്ങളെ ശാക്തീകരിക്കുന്നതിനുമായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുകയാണ്‌.  അതിനെ ദുർബലപ്പെടുത്തി രാഷ്‌ട്രിയമുതലെടുക്കാനുള്ള ശ്രമമാണ്‌ ചിലർ നടത്തുന്നതെന്നും അതിൽ തൊഴിലാളികൾ വീഴരുതെന്നും മൽസ്യത്തൊഴിലാളി യൂനിയൻ പ്രസ്‌താവനയിൽ പറഞ്ഞു.  സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൂറ്‌ സംഘങ്ങൾക്ക്‌ 90,000 രൂപ നൽകാൻ  സർക്കാർ  തീരുമാനിച്ചിട്ടുണ്ട്‌. അതിന്‌ അർഹതയുള്ള സംഘങ്ങളുടെ ലിസ്‌റ്റ്‌ ഫിഷറീസ്‌ വകുപ്പ്‌  തയ്യാറാക്കി അയച്ചിട്ടുണ്ട്‌. നല്ല നിലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘങ്ങളും ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്‌. വായ്‌പാ തിരിച്ചടവിൽ വീഴ്‌ച വന്ന സംഘങ്ങൾക്ക്‌ പിഴ ഒഴിവാക്കി പുതിയ വായ്‌പയാക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്‌. അത്‌ 36 ഗഡുക്കളായി തിരിച്ചടക്കാനുള്ള സാവകാശവും നൽകി. ഇതിന്‌ പുറമേ  മൽസ്യത്തൊഴിലാളികൾക്ക്‌ വീട്‌ വെക്കാനുള്ള  സാമ്പത്തിക സഹായമടക്കമുള്ള പദ്ധതികൾ സർക്കാർ  നടപ്പാക്കുകയാണ്‌. അതിനിടയിലാണ്‌ ചിലർ രാഷ്‌ട്രീയ താൽപര്യത്തോടെ   തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു സമരത്തിലേക്ക്‌ ഇറക്കാൻ ശ്രമിക്കുന്നത്‌.  ഇത്‌ മൽസ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അനുകൂല നിലപാടിന്‌ തുരങ്കംവയ്‌ക്കാൻ മാത്രമേ വഴിവെക്കുകയുള്ളൂവെന്ന്‌ യൂനിയൻ ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top