18 June Tuesday

രണ്ടുവർഷത്തിനകം യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019
തിരുവനന്തപുരം
ബദിയഡുക്ക ഉക്കിനടുക്കയിൽ നിർമാണം ആരംഭിച്ച മെഡിക്കൽ കോളേജ്  രണ്ടു വർഷത്തിനകം യാഥാർഥ്യമാക്കാനാണ് ശ്രമമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സജീവ ഇടപെടൽ ഉണ്ടായ ആയിരം ദിനങ്ങളാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.  
എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപവരെയുള്ള കടബാധ്യതകൾ എഴുതി തള്ളാൻ നടപടി സ്വീകരിച്ചു. ഇതിനായി 7 കോടിയോളം രൂപയാണ് അനുവദിച്ചത്.  ദുരിത ബാധിതർക്ക് ധനസഹായം അനുവദിക്കുന്നതിന് 9.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 
    2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വഴി ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 279 പേർക്ക് ഈ തുക ലഭിക്കും. ഈ ക്യാമ്പിൽ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാത്ത 657 പേർക്ക് സൗജന്യ ചികിത്സ സഹായം അനുവദിച്ചിട്ടുണ്ട്. ദുരിതബാധിതർക്കുള്ള മൂന്നാം ഗഡു അനുവദിക്കുന്നതിനായി 56.76 കോടി രൂപ അനുവദിച്ചിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വൈദ്യുതി സൗജന്യമാക്കിയത് ഈ ആയിരം ദിനങ്ങൾക്കുള്ളിലാണ്. ഈ മേഖലയിൽ കൂടുതൽ ബഡ്സ് സ്കൂളുകൾ ആരംഭിച്ചു.  പുനരധിവാസ ഗ്രാമം നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മുളിയാറിൽ ആരംഭിച്ചു. നിർമാണപ്രവർത്തനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. സാമൂഹ്യ സേവന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 233 പദ്ധതികൾക്ക് ഭരണാനുമതി നൽകി. ഇതിൽ 199 എണ്ണം പൂർത്തിയാക്കിക്കഴിഞ്ഞു.  ദുരിതബാധിതരെ സഹായിക്കാൻ 20 കോടി രൂപ ഈ ബജറ്റിൽ സർക്കാർ നീക്കിവച്ചിട്ടുമുണ്ടെന്ന‌് മുഖ്യമന്ത്രി കുറിച്ചു.
പ്രധാന വാർത്തകൾ
 Top