02 July Thursday

കവിത വറ്റാതെ നൗഷാദലിയുടെ പ്രവാസം

പി പി കരുണാകരൻUpdated: Sunday Nov 17, 2019

നൗഷാദലി ഇ എം എസിനൊപ്പം. (ഇൻസെറ്റിൽ നൗഷാദലി)

കാഞ്ഞങ്ങാട‌്
""നൗഷാദലീ.. നിന്നിൽ കവിതയുടെ ഉപ്പുണ്ട്‌'' –- 1998ലെ സ്‌കൂൾ കലോത്സവത്തിൽ കവിതാരചനയിലെ ഒന്നാംസ്ഥാനക്കാരന്‌ ഒരു പാർക്കർ പേന സെറ്റ‌് നൽകി കവി ഒ എൻ വി കുറുപ്പ്‌ പറഞ്ഞതാണിത്‌. മടിക്കൈ ഗവ. ഹയർസെക്കൻഡറി സ‌്കൂളിലെ ആ പഴയ ഒമ്പതാംതരം വിദ്യാർഥിയെ കവിതാരചനയിലെ സമ്മാനത്തേക്കാൾ സന്തോഷിപ്പിച്ചത‌് ഈ വാക്കുകളായിരുന്നു. 
 അന്ന്‌ ബാലസംഘം വില്ലേജ‌് സെക്രട്ടറിയും എസ‌്എഫ‌്ഐ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നൗഷാദലിക്ക്‌ ഒരാഗ്രഹമേ  ഉണ്ടായിരുന്നുള്ളൂ. ഒന്നാംസമ്മാനം കിട്ടിയാൽ  ഇ എം എസ‌്, ഒ എൻ വി കുറുപ്പ‌് എന്നിവരെ കാണണം. അനുഗ്രഹം വാങ്ങണം. ആ സ്വപ‌്നസാക്ഷാൽക്കാരമാണ‌് തന്റെ ജീവിതത്തെ ഇന്നും കർമോന്മുഖമാക്കുന്നതെന്ന‌് നൗഷാദലി പറയുന്നു. ‘‘കൊള്ളാമല്ലോ, ഇനിയും എഴുതണം. കൂടുതൽ വായിക്കണം’’ –- ഇ എം എസ്‌ നൗഷാദലിയോട്‌ പറഞ്ഞ വാക്കുകൾ അന്നത്തെ പത്രങ്ങളിൽ വലിയ വാർത്തയായി.     ഇന്ന്‌ അബുദാബിയിൽ ഐടി സോഫ‌്റ്റ‌് വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഈ കവിക്ക്‌ കലോത്സവം നിറമുള്ള ഓർമയാണ‌്. രണ്ടു മനീഷികളെ നേരിൽ കാണാൻ കഴിഞ്ഞതും ഒ എൻ വിയിൽനിന്ന‌് സമ്മാനമായി പേനയും കൈയൊപ്പ്‌ ചാർത്തിയ പുസ‌്തകങ്ങളും നേടാൻ കഴിഞ്ഞതുമെല്ലാം ഇന്നലെയെന്നപോലെ ഈ നൗഷാദലിയുടെ മനസ്സിലുണ്ട്‌. 
വിധികർത്താക്കളെപോലും അമ്പരിപ്പിച്ചതായിരുന്നു പതിനാലുകാരനായ നൗഷാദലിയുടെ രചനയെന്ന‌് അന്നത്തെ പത്രങ്ങൾ എഴുതി. "തെറ്റുന്ന വഴികൾ'എന്ന കവിത തെറ്റുപറ്റാത്ത രചനയുടെ ഭാവവും ഗന്ധവും  ഉൾചേർന്നതായിരുന്നു.  ജീവിതത്തിന്റെ വിഷമസന്ധികൾ തരണംചെയ്യാൻ വിദേശത്തേക്ക‌് ചേക്കേറിയ നൗഷാദ‌് ഇനിയും എഴുതുമെന്നു പറയുന്നു.
 
 
പ്രധാന വാർത്തകൾ
 Top