13 October Sunday

ലോൺ ആപ്പ് പൊല്ലാപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
കാസർകോട്‌
സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന്‌ വിചാരിച്ച്‌ കുടുങ്ങിയവരും നമ്മുടെ നാട്ടിലുണ്ട്‌. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്.
ഉദുമയിലെ ഒരു യുവാവ്‌ ഇത്തരത്തിലാരു ആപ്പിൽപെട്ട്‌ ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ്‌. ലോൺ ആപ്പിൽ എല്ലാം സമ്മതിച്ച്‌ ഒരുലക്ഷം രൂപയാണ്‌ എടുത്തത്‌. മുതലും പലിശയും അതിനപ്പുറവും തിരിച്ചടച്ചിട്ടും പണം തന്നവർക്ക്‌ തൃപ്‌തിയാകുന്നില്ല. ഫോണിൽ വിളിച്ച്‌ ഭീഷണി. അതോടൊപ്പം, വീട്ടുകാരുടെ നമ്പറിലും വിളി തുടങ്ങി. കുടുംബാംഗങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ അയച്ചും ഭീഷണി തുടങ്ങി. ഒടുവിൽ പൊലീസ്‌ പരാതിപ്പെട്ടാണ്‌ രക്ഷപ്പെട്ടത്‌. സ്ഥിരം ഉപയോഗിക്കുന്ന നമ്പർ ഉപേക്ഷിക്കേണ്ടിയും വന്നു. 
എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന്‌ വിചാരിച്ച്‌ ഇത്തരം ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുന്നതായാണ്‌ പൊലീസ്‌ പറയുന്നത്‌.  ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. നമ്മളെല്ലാം യെസ്‌, യെസ്‌ എന്ന്‌ ക്ലിക്ക്‌ ചെയ്യും. പിന്നാലെയാണ്‌ മുട്ടൻ പണി.
ഫോൺ ഗാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കരുത്‌. മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണിൽനിന്ന് അവർ നമ്മളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കും. 
ഫോട്ടോയും മറ്റും അവർ കൈക്കലാക്കും. വായ്പ നൽകിയ പണം തിരിച്ചുവാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നമുക്കെതിരെ ഉപയോഗിക്കും. 
സുവർണ നിമിഷം പ്രധാനം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. സുവർണ നിമിഷങ്ങൾ എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.  
www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർചെയ്യാം. നൂറ്റമ്പതിലേറെ വ്യാജ ലോൺ ആപ്പുകളുടെ വിവരം കഴിഞ്ഞ ജനുവരിയിൽതന്നെ റിസർവ്‌ ബാങ്ക്‌ പുറത്തിറക്കിയിട്ടുണ്ട്‌. ഗൂഗിളിൽ ഇതിന്റെ വിവരം ലഭ്യമാണ്‌.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top