21 September Saturday

മധുര മാമ്പഴക്കാലം സംസ്ഥാന സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
കാഞ്ഞങ്ങാട്
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂളും ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൽ സംഘടിപ്പിക്കുന്ന മധുര മാമ്പഴം സാഹിത്യ ക്യാമ്പ‌് ശനിയാഴ്ച രാവിലെ നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനാകും. യുപി, ഹൈസ്കൂൾ വിദ്യാർഥികളായ നാല്പത് പേരാണ്  ക്യാമ്പംഗങ്ങൾ. പയ്യന്നൂർ കുഞ്ഞിരാമനാണ് ക്യാമ്പ് ഡയറക്ടർ. ശനിയാഴ്ച കവിതാ ശില്പശാലയ്ക്ക് സി എം വിനയചന്ദ്രൻ, സി പി ശുഭ, ബാബു മണ്ടൂർ എന്നിവർ നേതൃത്വം നൽകും. വൈകിട്ട് ലൈബ്രറി കൗൺസിലിന്റെ കുട്ടികളുടെ നാടക ശില്പശാലയിൽ രൂപപ്പെടുത്തിയ നാടകം 'ഒറ്റയിലത്തണൽ 'അവതരിപ്പിക്കും.
രണ്ടാം ദിവസം രാവിലെ കാരണവർ കൂട്ടവുമായി ക്യാമ്പംഗങ്ങൾ മാവോർമ്മ പങ്കുവയ‌്ക്കും. കഥാ ശില്പശാലയ്ക്ക് ഇ പി രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, പി വി ഷാജികുമാർ, ടി പി വേണുഗോപാലൻ എ്ന്നിവർ നേതൃത്വം നൽകും. മുഴുവൻ ക്യാമ്പംഗങ്ങൾക്കും നീലേശ്വരം കാർഷിക കോളേജ് അസോ. ഡീൻ ഡോ. പി ആർ സുരേഷ്  നാടൻ മാവിൻതൈ വിതരണം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ സർട്ടിഫിക്കറ്റ‌് വിതരണം ചെയ്യും. ചിത്രകാരന്മാരായ രാജേന്ദ്രൻ പുല്ലൂർ, വിനോദ് അമ്പലത്തുകര എന്നിവർ തത്സമയം ചിത്രാലേഖനം നടത്തും. 
ക്യാമ്പിന്റെ ഭാഗമായി വെള്ളിയാഴ‌്ച പകൽ 11 ന‌്  മാമ്പഴമേള നടക്കും. പടന്നക്കാട്  കാർഷിക കോളേജും പിലിക്കോട്ടെ അജേഷ്  കരക്കേരുവും ചേർന്ന് ഒരുക്കുന്ന മേളയിൽ അപൂർവങ്ങളായ നാടൻ മാങ്ങകൾ പ്രദർശിപ്പിക്കും. പടന്നക്കാട് കാർഷിക കോളേജിന്റെ  വിവിധങ്ങളായ മാമ്പഴങ്ങൾക്ക് പുറമെ ക്യാമ്പംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഒട്ടുമാവുകളുടെ പ്രദർശനവും ഉണ്ടാകും.
പ്രധാന വാർത്തകൾ
 Top