23 May Thursday

‘പൂവിതളുകൾ പറക്കുമ്പോൾ' നാടകയാത്ര നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കാഞ്ഞങ്ങാട്
പൊതുവിദ്യാഭ്യാസത്തിലൂടെ കേരളം നേടിയ നന്മകൾ ആടിയും പാടിയും നാട്ടുകാരെ അറിയിക്കാൻ മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂളിലെ കുട്ടികളുടെ ‘പൂവിതളുകൾ  പറക്കുമ്പോൾ'  നാടകയാത്ര വ്യാഴാഴ‌്ച തുടങ്ങും. 
പ്രധാനാധ്യാപകൻ  കൊടക്കാട് നാരായണന്റെ ആശയത്തിന് അധ്യാപകനും നാടകകൃത്തുമായ പ്രകാശൻ കരിവെള്ളൂരാണ‌് നാടക രൂപം നൽകിയത‌്. രതീഷ് അന്നൂരാണ‌് സംവിധാനം.   ആദ്യഘട്ടത്തിൽ വിദ്യാലയത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലേക്കാണ് യാത്ര. 
ഓരോ കേന്ദ്രത്തിലും ഗ്രന്ഥാലയങ്ങളും ക്ലബ്ബുകളും കുടുംബശ്രീകളും പ്രാദേശിക രക്ഷാകർത്തൃസമിതിയും  നാടകത്തെ വരവേൽക്കും. ജാതി മത ചിന്തകളുടെ ജീർണകാലത്തേക്ക് തിരിച്ചു പോകുമ്പോൾ അക്ഷരവെളിച്ചത്തിലൂടെ മാത്രമേ നന്മകൾ കാത്തുസൂക്ഷിക്കാൻ കഴിയൂ എന്നതാണ് നാടകത്തിലെ മുഖ്യ പ്രമേയം.
വ്യാഴാഴ‌്ച വൈകിട്ട് ആറിന‌് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിലാണ് നാടകയാത്രയുടെ തുടക്കം. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ ഉദ്ഘാടനംചെയ്യും.  
വൈഗ, സൂര്യ, ദേവനന്ദ, ജിഷ്ണ, ആദിത്യൻ, വിഷ്ണു, രാമു ജയൻ, രാംഗോപാൽ, ശ്രീരാജ്, ഷാരോൺ എന്നിവരാണ് രംഗത്ത്. ആകാശ്, സിദ്ധാർഥ് എന്നിവർ അണിയറയിലും.
പ്രധാന വാർത്തകൾ
 Top