05 April Sunday

കെ കുഞ്ഞിരാമൻ എംഎൽഎ പരാതി നൽകി കോട്ടിക്കുളം റെയിൽവേ മേല്‍പ്പാലം പണിക്ക്‌ ഉടൻ അനുമതിവേണം

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020
ഉദുമ
കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണി തുടങ്ങാന്‍ ഉടൻ  കേന്ദ്രസർക്കാർ  അനുമതി  നൽകണമെന്ന്‌  കെ കുഞ്ഞിരാമന്‍ എംഎല്‍എ റെയിൽവെ ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടു.  
പണി ആരംഭിക്കാൻ റെയിൽവേയുടെ സമ്മതം ചോദിച്ചപ്പോൾ റെയിൽവേ സ്ഥലത്തിന് നൽകിയ 2.50 ലക്ഷം രൂപയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നാണാവശ്യപ്പെട്ടത്‌. ഈ തുക  കേരള സർക്കാർ നൽകാമെന്ന്‌   മന്ത്രി ജി സുധാകരൻ  എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപ്പറേഷൻ (ആർബിഡിസികെ) പ്രതിനിധികളുടെയും  റെയിൽവേ ഉദ്യോഗസ്ഥരുടേയും യോഗത്തിൽ  സമ്മതിച്ചിരുന്നു.  എന്നാൽ റെയിൽവേ  ഇതിന് അനുമതി നൽകാതെ നീട്ടികൊണ്ടു പോവുകയാണ്. 
പാലക്കുന്ന് ടൗണിൽ നിന്ന് റെയിൽവേ പ്ലാറ്റ്ഫോം മുറിച്ച് കടന്ന് പോകുന്ന റോഡിന് പകരം മേൽപാലം പണിത് ഗതാഗത കുരുക്കും അപകടവും ഒഴിവാക്കുന്നതിന്  റെയിൽവേ  മേൽപ്പാലം നിർമ്മിക്കുന്നതിന്  10 വർഷങ്ങൾക്ക് മുമ്പ് സ്ഥലം ഏറ്റെടുത്തിരുന്നു. കേന്ദ്ര സർക്കാർ മേൽപ്പാല നിർമ്മാണത്തിന് തുക നീക്കിവെച്ചിരുന്നില്ല. ഏറ്റെടുത്ത സ്ഥലം വെറുതേ കിടക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് കൂടിവരുന്നതിനാൽ പാലം നിർമ്മാണത്തിനായി  രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രക്ഷോഭത്തിലേക്ക്‌ നീങ്ങിയിരുന്നു.  
2016–-17 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ കെ കുഞ്ഞിരാമൻ എംഎൽഎ യുടെ നിർദ്ദേശ പ്രകാരം ഫണ്ട് അനുവദിക്കുകയും ആർബിഡിസികെയെ   നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.  അവർ നൽകിയ എസ്റ്റിമേറ്റ് പ്രകാരം 20 കോടിയോളം രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ചെയ്തു.എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്‌ എംഎൽഎ റെയിൽവേ ക്കും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എംപിക്കും പരാതി നൽകിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top