29 February Saturday

പൂടങ്കല്ല് താലൂക്ക് ആശുപത്രി പ്രഖ്യാപനം ഫെബ്രുവരി 8ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020
രാജപുരം
ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയുന്നു താലൂക്ക് ആശുപത്രി പ്രഖ്യാപനം ഫെബ്രുവരി 8ന് നടക്കും.  മലയോര ജനതയുടെ ആവശ്യത്തിന് പരിഹാരമായി  പൂടങ്കല്ല് സിഎച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തിയാതിന്റെ പ്രഖ്യാപനമാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നത്. പൂടംങ്കല്ല് കമ്യൂണിറ്റി ഹെൽത്ത് സെന്റർ  എൽ ഡി എഫ് സർക്കാർ വന്നതോടെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ആശുപത്രിക്ക് വേണ്ടി എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതിനെ തുടർന്ന് പ്രഖ്യാപനം വൈകി. മൂന്ന് നില കെട്ടിടത്തിന്റെ പണി പൂർത്തിയായതിനെ തുടർന്നാണ് കെട്ടിട ഉദ്ഘാടനവും പ്രഖ്യാപനവും.  മലയോര മേഖലയിലെ ഏക സർക്കാർ ആശുപത്രിയായ പൂടംകല്ല് സി എച്ച് സി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിക്കുന്നതോടെ  ആരോഗ്യമേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാകും. പനത്തടി, കള്ളാർ, കോടോംബേളൂർ, ബളാൽ, കിനാനൂർ  കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി എന്നി ഏഴ് പഞ്ചായത്തുകളിലെ പരിധിയിൽ രോഗികൾക്ക് പ്രയോജനം ലഭിക്കും.  മുൻ എംപി പി കരുണാകരൻ  എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ ചിലവിൽ  നിർമ്മിച്ച കെട്ടിടത്തിൽ അത്യാഹിത വിഭാഗം മുതൽ ഓപ്പറേഷൻ തിയേറ്റർ വരെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടമാണ് ഒരുങ്ങിയത്. പഴയ കെട്ടിടം ഡയാലിസിസ് കേന്ദ്രമാക്കാനുള്ള ശ്രമവും തുടങ്ങി. ഗൈനക്കോളജിസ്റ്റ്, ഫിസിഷൻ ഉൾപ്പെടെയുള്ള ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
 Top