05 December Thursday

എൻമകജെ ബഡ്സ് സ്‌കൂള്‍ നിർമാണത്തിന് ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കാസർകോട്‌
കാസർകോട്‌ വികസന പാക്കേജിൽ ബഡ്സ് സ്കൂൾ നിർമാണത്തിന് ഭരണാനുമതിയായി. എൻമകജെ  പഞ്ചായത്തിൽ ശാരീരിക മാനസിക വെല്ലുവികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടി ബഡ്സ് സ്കൂൾ നിർമാണത്തിന്‌ രണ്ടുകോടി രൂപയാണ് നിർമാണച്ചെലവ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു വയസ്സിനും 18  വയസ്സിനും ഇടയിലുള്ള നൂറിലധികം കുട്ടികൾ എൻമകജെ പഞ്ചായത്തിലുണ്ട്‌. 
എൻഡോസൾഫാൻ ബാധിതമായ 11 പഞ്ചായത്തുകളിൽ ഇവിടെ ബഡ്സ് സ്കൂൾ നിലവിലില്ല. താത്കാലിക കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഉള്ള കെട്ടിടത്തിൽ കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ സൗകര്യങ്ങളോ ചുറ്റുപാടോ ഇല്ല. കൂടാതെ എല്ലാ പ്രായത്തിലും ഉള്ള ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഒന്നിച്ച് ഇരിക്കേണ്ട സ്ഥിതിയാണുള്ളത്.  
ഒന്നരയേക്കർ ഭൂമിയിൽ നിർമ്മിക്കുന്ന സ്കൂളിന് 5 ക്ലാസ്സ് മുറികളും, ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം, അടുക്കള, ഭക്ഷണ ശാല, തൊഴിൽ പരിശീലനത്തിനുള്ള പ്രത്യേകം മുറികളും ചുറ്റു മതിലും നിർമ്മിക്കുന്നുണ്ട്. തികച്ചും വൈകല്യ സൗഹൃദവും ശിശു സൗഹൃദവുമായ രൂപകൽപനയാണ് കെട്ടിടത്തിനുള്ളത്. 
ബഡ്സ് സ്കൂളിന്റെ നടത്തിപ്പിന് പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് അടക്കമുള്ള സംവിധാനം സർക്കാർ മാർഗ്ഗ നിർദ്ദേശ പ്രകാരം നിലവിലുണ്ട്. കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന പാക്കേജ് ജില്ലാതല കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എ ജി സി  ബഷീർ, സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ, ടി മണികണ്ഠകുമാർ  തുടങ്ങിയവർ പങ്കെടുത്തു.  ഒരു വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാകും.
പ്രധാന വാർത്തകൾ
 Top