14 November Thursday

പച്ചപ്പിന്റെ ‘പാഠം’ കടന്ന്‌ അക്ഷര മധുരം നുകരാം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
മടിക്കൈ
മണ്ണിനും മനസ്സിനും കുളിർമ നൽകി പച്ചപ്പണിഞ്ഞ വിദ്യാലയ മുറ്റം. നാല‌് ഏക്കറോളം വരുന്ന സ‌്കൂൾ വളപ്പ‌് നിറയെ മരങ്ങളും ചെടികളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും. മലച്ചച്ചേരി ജിഎൽപി സ‌്കൂൾ വിദ്യാലയങ്ങൾക്കാകെ മാതൃകയാ‌ണ‌്.  അറിവിനൊപ്പം അധ്വാനത്തിന്റെയും കൃഷിയുടെയും ബാലപാഠം വിദ്യാലയം പകർന്നു നൽകുന്നു. പാറയും കാരമുള്ളും തൊട്ടാവാടിയും നിറഞ്ഞ ചെങ്കൽപാറയായിരുന്നു മുമ്പ‌് സ‌്കൂൾ വളപ്പ‌്. നാല‌് ഏക്കറോളം വരുന്ന  പ്രദേശം മണ്ണിട്ട‌് വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ‌്  ജൈവ വൈവിധ്യ ഉദ്യാനമാക്കി മാറ്റിയത‌്.
കഴിഞ്ഞ വർഷം വിരമിച്ച സ‌്കൂൾ  പ്രധാനാധ്യാപകൻ ടി എം സലീം ഇവിടെ പ്രവർത്തിച്ചിരുന്ന കാലത്താണ‌്  ഇന്ന‌് കാണുന്ന രീതിയിലുള്ള മാറ്റത്തിന‌് നേതൃത്വം നൽകിയത‌്. 
ചെറുതും വലുതുമായ മുന്നൂറോളം നാട്ടുമാവ്‌ സ‌്കൂൾ വളപ്പിലുണ്ട‌്. കുറ്റ്യാട്ടൂർ മാവ‌് ഉൾപ്പെടെ ഇവ പതിനഞ്ചിലേറെ ഇനം വരും.  ഞാവൽ, ഇലഞ്ഞി,  കാശാവ‌്, ശതാവരി, മഞ്ചാടി, ലക്ഷ‌്മിതരു, മുള്ളാത്ത എന്നിങ്ങനെ ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളികളും ഔഷധസസ്യങ്ങളുമായി 160 ഇനങ്ങളിലായി 800 ഓളം സസ്യങ്ങൾ. നേന്ത്രവാഴയും കൃഷിചെയ്യുന്നുണ്ട‌്. മരങ്ങൾ നിറയെ മാമ്പഴവും ചക്കയും നെല്ലിക്കയും നിറഞ്ഞുനിൽക്കുന്ന കാഴ‌്ച ആരെയും ആകർഷിക്കും. മരങ്ങൾ നിറഞ്ഞതോടെ പക്ഷികളും ചെറുജീവികളും എത്തി. ഇവയ‌്ക്ക‌് കുടിക്കാൻ വെള്ളം ഒരുക്കിവച്ചിട്ടുണ്ട‌്. വനംവകുപ്പ‌്, കൃഷി വകുപ്പ‌് എസ‌്എസ‌്എ എന്നിവയുടെ സഹകരണത്തോടയായിരുന്നു ഉദ്യാനം യാഥാർഥ്യമാക്കിയത‌്.  സ‌്കൂൾ പരിസ്ഥിതി ക്ലബ്ബും പിടിഎയും വികസന സമിതിയും എല്ലാ  പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായി.
200 മീറ്റർ ട്രാക്കുള്ള ജില്ലയിലെ മികച്ച മൈതാനം സ‌്കൂളിനുണ്ട‌്.  ഉപജില്ലാ കായികമേളയ‌്ക്ക‌് ഇവിടം വേദിയായി. പള്ളം കെട്ടിയുയർത്തി വെള്ളം സംഭരിച്ച‌് ഒരുക്കിയ വലിയ കുളവും  കാണാം.  പുരാവ‌സ‌്തു മ്യൂസിയം മറ്റൊരാകർഷണം. 
മികവിന്റെ സാക്ഷ്യമായി സ‌്കൂളിന‌് ലഭിച്ച പുരസ‌്കാരങ്ങൾ നിരവധി. 2011 ൽ വണ്ടർലാ അമ്യൂസ‌്മെന്റ‌് പാർക്ക‌് ഏർപ്പെടുത്തിയ  സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പരിസ്ഥിതി പുരസ‌്കാരം, മികച്ച പൊതുസ്ഥാപനത്തിന‌് സംസ്ഥാന കൃഷി വകുപ്പ‌് നൽകുന്ന സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതി അവാർഡ‌് സംസ്ഥാനത്ത‌് മൂന്നാംസ്ഥാനം, മികച്ച പിടിഎക്കുള്ള ജില്ലാതല പുര‌സ‌്കാരം, മടിക്കൈ പഞ്ചായത്ത‌് ശുചിത്വ പുരസ‌്കാരം,  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള അവാർഡ‌് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം.
സ‌്കൂൾ വളപ്പിൽനിന്ന‌് വിളയിച്ചെടുക്കുന്ന പച്ചക്കറികൾ മാത്രമാണ‌്  കുട്ടികൾക്ക‌് ഉച്ചഭക്ഷണത്തിന‌് നൽകുന്നത‌്. തൊഴിലുറപ്പ‌് പദ്ധതിയിൽ ഭോജനശാല സ‌്കൂളിൽ ഒരുങ്ങുന്നുണ്ട‌്. കംപോസ‌്റ്റ‌് പിറ്റും ഒരുക്കിയിട്ടുണ്ട‌്. പ്ലാസ‌്റ്റിക‌് മാലിന്യം തരംതിരിച്ച‌് വച്ച ശേഷം പഞ്ചായത്തിന‌് കൈമാറും. സ‌്കൂളും പരിസരവും എന്നും വൃത്തിയും വെടിപ്പുമുള്ളതാണ‌്. കുട്ടികൾ രാവിലെ സ‌്കൂ‌ളിലെത്തിയാൽ പുൽത്തകിടിയിലും മറ്റും വീണുകിടക്കുന്ന ഇലകളും മറ്റ‌് വസ‌്തുക്കളും നീക്കി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ നിക്ഷേപിക്കും.
കുട്ടികളിൽ ശുചിത്വശീലം ചെറുപ്പത്തിലേ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്ന‌് പ്രധാനാധ്യാപിക കെ ജി ഗീതാകുമാരി പറഞ്ഞു. പുസ‌്തകത്താളിൽ നിന്ന‌് ലഭിക്കുന്ന അറിവുകൾക്കും എത്രയോ അപ്പുറമാണ‌് ജൈവവൈവിധ്യ ഉദ്യാനത്തിൽനിന്നും കുട്ടികൾക്ക‌് ലഭിക്കുന്നത‌്. പഠന പാഠ്യേതര രംഗത്ത‌് ഇവിടത്തെ കുട്ടികൾ മുന്നിലാണ‌്.
കഴിഞ്ഞ വർഷം മുതൽ എല്ലാ ക്ലാസ്സും ഹൈടെക്കാണ‌്. പഞ്ചായത്തിന്റെയും എംഎൽഎയുടെയും ഫണ്ടിൽ ക്ലാസ‌്മുറിയിൽ ലാപ‌്ടോപ‌്, എൽസിഡി പ്രൊജക്ടർ എന്നിവ ഒരുക്കി.  സന്ദർശക വിദ്യാലയംകൂടിയാണ‌് ഇവിടം. കർണ്ണാടക അസിം പ്രേംജി ഫൗണ്ടേഷൻ, ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലുറപ്പ‌് പഠനസംഘം, വിവിധ ജില്ലകളിൽ നിന്നുള്ള പഠന സംഘം എന്നിവ സ‌്കൂൾ സന്ദർശിച്ചിട്ടുണ്ട‌്. 1973 ലാണ‌് സ‌്കൂൾ സ്ഥാപിച്ചത‌്. പ്രീപ്രൈമറി ഉൾപ്പെടെ 125 കുട്ടികൾ  വിദ്യാലയത്തിലുണ്ട‌്. നാന്തംകുഴി, നാര, കുളങ്ങാട‌് എന്നിവിടങ്ങളിലെ പട്ടികവർഗ കോളനികളിലെ കുട്ടികളും ഇവിടെയെത്തുന്നു. കെ രമേശനാണ്‌ ഇപ്പോഴത്തെ പിടിഎ പ്രസിഡന്റ്‌.
പ്രധാന വാർത്തകൾ
 Top