01 April Wednesday

പുതിയ മാസ്‌റ്റർ പ്ലാനിന്‌ സർക്കാർ അംഗീകാരം കാസർകോടും മാറും

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

 

കാസർകോട്‌ 
കാസർകോട്‌ നഗരത്തിന്റെ വികസനത്തിന്‌ തടസ്സമായിരുന്ന നഗരസഭാ മാസ്‌റ്റർ പ്ലാൻ ഇനിയില്ല. പുതിയ പ്ലാൻ സംസ്ഥാന സർക്കാർ അംഗീകരിച്ചു.  കഴിഞ്ഞ പതിറ്റാണ്ട്‌ നഗരവികസനത്തിന്‌ തടസ്സമായ പ്ലാനാണ്‌ സർക്കാരിന്റെ അനുഭാവ നിലപാടോടെ മാറിയത്‌. ഇനി  കാസർകോട്‌ നഗരത്തിന്‌ കുതിപ്പിന്റെ കാലമാണ്‌ .അതിനാവശ്യമായ ഒട്ടേറെ പദ്ധതികളാണ്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌.വിദ്യാനഗർ മുതൽ താളിപ്പടുപ്പ്‌ വരെ  15. 8 ചതുരശ്രകിലോമീറ്റർ വിസ്‌തീർണമുള്ള നഗരസഭാ പ്രദേശത്തിന്റെ വികസനത്തിനായി 2012ലാണ്‌ 
 കരട്‌ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്‌.വെളുക്കാൻ തേച്ചത്‌ പാണ്ടായി എന്നതുപോലെയായിരുന്നു മാസ്‌റ്റർ പ്ലാനിന്റെ സ്ഥിതി. വലിയ കെട്ടിടങ്ങളോ  നിർമാണ പ്രവർത്തനങ്ങളോ സാധാരണക്കാർക്ക്‌ വീട്‌ പോലും അവരുടെ താൽപര്യത്തിന്‌ അനുസരിച്ചു വയ്‌ക്കാൻ കഴിയുമായിരുന്നില്ല.  നഗരത്തിൽ വികസനം മുരടിച്ചു നിൽക്കുമ്പോൾ അതിന്‌ മുകളിൽ അടയിരിക്കുകയായിരുന്നു കഴിഞ്ഞ  എട്ട്‌ വർഷവും നഗരസഭ ഭരണം കയ്യാളുന്നവർ.ജില്ലയിലെ മറ്റു നഗരങ്ങൾ  വികസിക്കുമ്പോൾ  കാസർകോട് മാത്രം സ്‌തംഭിച്ചു നിൽക്കുന്നതിൽ ജനങ്ങൾ രോഷാകുലരായിരുന്നു.  തുർന്നാണ്‌ 2018ൽ കരട്‌ മാസ്‌റ്റർ പ്ലാനിന്‌ പകരം രൂപരേഖ തയാറാക്കാൻ എൻജിനിയർമാരുടെ സംഘടനയായ ലെൻസ്‌ ഫെഡിനോട്‌ ആവശ്യപ്പെട്ടത്‌. ഒരോ മേഖലകളിലെയും അപാകതകൾ പഠിച്ചു തയ്യാറാക്കിയ രേഖ മുനിസിപാലിറ്റി സർക്കാരിന്‌ സമർപ്പിച്ചൂ. ഒട്ടും താമസമില്ലാതെ സർക്കാർ അംഗീകരിച്ചു ഉത്തരവിറക്കുകയായിരുന്നു.   
കരടുരേഖയിൽ മാറ്റം വന്നു വെങ്കിലും നേരത്തെ അതിൽ ഉൾപ്പെടാതിരുന്ന  ഓൾഡ്‌ ബസ്‌ സ്‌റ്റാൻഡ്‌, ന്യൂ ബസ്‌സ്‌റ്റാൻഡ്‌ സ്‌കീം അതുപോലെ നിലനിൽക്കുകയാണ്‌. അതിനും കൂടി മാറ്റം  വന്നാൽ മാത്രമേ വികസനത്തിന്‌ പൂർണത കൈവരികയുള്ളൂ. 
വികസന സെമിനാർ 18ന്‌ 
കാസർകോട്‌ 
കാസർകോട്‌ നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട്‌ ലെൻസ്‌ഫെഡ്‌ യൂണിറ്റ്‌ സംഘടപ്പിക്കുന്ന  മുനിസിപ്പൽ മാസ്‌റ്റർ പ്ലാൻ സെമിനാർ 18ന്‌ കാപ്പിറ്റൽ ഇന്നിൽ നടക്കും. പകൽ 3.30ന്‌ ജില്ല ടൗൺപ്ലാനർ  എം രവികുമാർ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്റ്‌ എ സി ജോഷി, സെക്രട്ടറി രാജൻ, വി കെ ജോയി, ടി ജെ സെബാസ്‌റ്റ്യൻ, മധു എസ്‌ നായർ എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top