24 October Thursday

പ്രവാസിയെ തട്ടിക്കൊണ്ട്‌ പോകൽ: മുഖ്യപ്രതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കുമ്പള
പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ടിക്കി അമ്മി പിടിയിലായി. കേരളത്തിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയായ  അമീർ എന്ന ടിക്കി അമ്മി (30)യെയാണ്‌ കൈക്കമ്പ കണ്ണാടിപ്പാറയിൽ വെച്ച്‌ കുമ്പള സിഐ രാജീവൻ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ബന്തിയോട്‌ വെച്ച്  മുട്ടത്തെ സിദ്ദീഖിനെ (34) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് അമ്മി. കേസിൽ ബായാർ മുളിഗദെയിലെ സൈനുൽ ആബിദ് (25) ഉൾപ്പെടെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റുള്ളവർക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് അമ്മി പിടിയിലായത്. മോഷണം, വീടാക്രമണം, തട്ടിക്കൊണ്ടുപോകൽ, തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടൽ, മയക്കുമരുന്ന് കടത്ത്, മദ്യക്കടത്ത്, വധശ്രമം ഉൾപ്പെടെ കുമ്പളയിൽ 10 കേസുകളിലും മഞ്ചേശ്വരത്ത് നാലും കാസർകോട് രണ്ടും കേസുകളിൽ പ്രതിയാണ്  ക്വട്ടേഷൻ സംഘാംഗമായ അമീർ. 
കഴിഞ്ഞ ആഗസ്‌ത്‌ ഒന്നിനാണ്‌  ബന്തിയോട്‌ പള്ളിയിൽ നിന്നും നിസ്‌കരിച്ച് കാറിനടുത്തേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്‌. ദുബായിലുള്ള സഹോദരൻ സത്താറുമായി മറ്റൊരാൾക്കുള്ള 12 ലക്ഷം രൂപയുടെ ഇടപാടിന്റെ പേരിലാണ്‌ ക്വട്ടേഷൻ സംഘം സിദ്ദീഖിനെ തട്ടിക്കൊണ്ട്‌ പോയത്‌. പൊലീസ്‌ പിന്തുടരുന്നതറിഞ്ഞ  സംഘം ഇയാളെ കേരള കർണാടക അതിർത്തിയിൽ ഉപേക്ഷിച്ചു. ക്രൈം എസ്ഐ രത്നാകരൻ പെരുമ്പള, സിവിൽ പൊലീസ്‌ ഓഫീസർമാരായ പ്രതീഷ് ഗോപാൽ,  ലിനീഷ്‌ എന്നിവർ അമീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top