19 February Tuesday

രാത്രി മുഴുവൻ ആശങ്ക; നാടാകെ ഉറക്കമൊഴിഞ്ഞു

പി കെ രമേശൻUpdated: Wednesday Aug 15, 2018
വെള്ളരിക്കുണ്ട് 
പ്രകൃതി ദുരന്തം മലയുടെ രൂപത്തിൽ റോഡിലേക്ക് വന്നപ്പോൾ ഒഴിവായത് വൻദുരന്തവും മലയോരത്തിന്റെ  ഒരു രാത്രിയുടെ ഉറക്കവും. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്‌  മലയോര ഗ്രാമത്തെ  ഭയാശങ്കയിലാക്കി ഭീമനടി മുക്കട  റോഡിൽ കുന്നുംകൈ ടൗണിൽ മലയിടിഞ്ഞു വീണത്. റോഡിനോട് ചേർന്നുള്ള  ചെങ്കുത്തായ മല ടൗണിന്റെ  മുക്കാൽ ഭാഗവും മൂടി. എളേരിയിലേക്കുള്ള കെഎസ്ആർടിസി ബസ്‌  ടൗണിലെത്തിയ സമയത്തായിരുന്നു ഇത്‌.  ബസിന്‌ തൊട്ടടുത്താണ്‌ മണ്ണിടിഞ്ഞ്‌ വീണത്‌. 
ആളുകൾ കിഴക്കൻ ഭാഗത്തേക്ക് ബസ്‌  കാത്തിരിക്കുന്ന സ്ഥലത്തേക്ക് മലവന്നപ്പോൾ അവിടെ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നതായി സംശയം ഉണ്ടായി. പിന്നീട് ഉണ്ടായത് അതീവ ജാഗ്രതതയോടെയുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ പി വി മുരളി, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  പി കെ സുധാകരൻ, വെള്ളരിക്കുണ്ട് സിഐ എം സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ, വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റിയംഗം പി ആർ ചാക്കോ, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് പിന്നീട് നടന്നത്. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്ന്‌  നാല് യൂണിറ്റ് ഫയർഫോഴ്സ്, പൊലീസ് എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. എന്നാൽ മണ്ണുംകല്ലും ആയി റോഡിൽ ഒരു മലതന്നെ രൂപപെട്ടതിനാൽ ഇവ നീക്കുകയും വെല്ലുവിളി ആയി. 
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാളുടെ നിഴൽ കാണുന്നതായ് വീണ്ടും സംശയം വന്നതോടെ മണ്ണ് ഉടനെ മാറ്റുകയല്ലാതെ നിവൃത്തില്ലാതായി. വൈദ്യുതി നിലച്ചതും ഒന്നും കൃത്യമായി കാണാനുകഴിഞ്ഞിരുന്നില്ല.  മൂന്ന് ജെസിബിയും, എട്ട് ടിപ്പറുകളും ഉപയോഗിച്ച് റോഡിലെ മണ്ണ് പൂർണമായും മാറ്റുമ്പോഴേക്കും നേരം വെളുത്തു. മുന്നൂറ് ലോഡ് മണ്ണാണ് ഒറ്റരാത്രികൊണ്ട് എടുത്തു മാറ്റിയത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ട് എന്ന ആശങ്കയും അതോടെ നീങ്ങി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ, ഡെപ്യൂട്ടി തഹസിൽദാർ പി വി മുരളി, പിഡബ്ല്യുഡി  ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ നേരംവെളുക്കുവോളം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top