08 August Saturday

കോവിഡ്‌ പരിശോധന: പോസ്‌റ്റുമോർട്ടം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കാഞ്ഞങ്ങാട‌്‌
പോസ്‌റ്റുമോർട്ടത്തിന്‌ ജില്ലാ ആശുപത്രിയിൽ കൊണ്ടുവരുന്ന  മൃതദേഹങ്ങൾ   ഒന്നിലധികം ദിവസങ്ങൾ വൈകുന്നു. കോവിഡ്‌ സ്രവപരിശോധനാ ഫലം വന്ന ശേഷമേ ഇൻക്വസ‌്റ്റ‌് നടപടികൾ നടത്താവൂ എന്നാണ്‌ പൊലീസിന്‌ ലഭിച്ച നിർദേശം. ജില്ലയിൽ വർധിച്ചുവരുന്ന കോവിഡ്‌ രോഗികളുടെ എണ്ണവും പരിശോധനയ‌്ക്കായി ലാബുകളിൽ എത്തുന്ന സ്രവത്തിന്റെ പെരുപ്പവുമെല്ലാം കാലതാമസത്തിന്‌ കാരണമാകുന്നു. അതിനിടയിൽ ജില്ല ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ കേടായത്‌ ഇരുട്ടടിയായി.  
മൃതദേഹങ്ങളുടെ സ്രവപരിശോധനയും ഇൻക്വസ‌്റ്റും വേഗത്തിലാക്കാൻ ലാബധികൃതരും പൊലീസും പാടുപെടുന്നുണ്ടെങ്കിലും  ഫലവത്താകുന്നില്ലെന്നതാണ‌് പ്രശ‌്നം. മൃതദേഹങ്ങളിൽ ആന്റിജൻ പരിശോധന സാധ്യമല്ലാത്തതുകൊണ്ട‌് ലാബുകളിൽനിന്ന‌ുള്ള പരിശോധന നിർബന്ധമാണ്‌.  കഴിഞ്ഞ ദിവസം നാലു ഫ്രീസറുള്ള ജില്ലാ ആശുപത്രിയിൽ അഞ്ചു മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഒരു ഫ്രീസർ പുറത്തുനിന്ന‌് കൊണ്ടുവന്നാണ‌് അഞ്ചാമത്തെ ജഡം സൂക്ഷിച്ചത‌്.  ചൊവ്വാഴ‌്ചയോടെ നാലു മൃതദേഹങ്ങൾ ഇൻക്വസ‌്റ്റ‌് നടപടി പൂർത്തിയാക്കി പോസ‌്റ്റ‌് മോർട്ടം ചെയ‌്ത‌് ബന്ധുക്കൾക്ക‌് വിട്ടു കൊടുത്തു. രണ്ട‌് അനാഥരുടെ മൃതദേഹവും നടപടി പൂർത്തിയാക്കി മറവു ചെയ‌്തു. ബാക്കിയുള്ള ഒരു ജഡം തൃക്കരിപ്പൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക‌് മാറ്റി.  തകരാറിലായ  ഫ്രീസറുകൾ  അറ്റകുറ്റപ്പണി ചെയ്യാനുള്ള ശ്രമം തകൃതിയിൽ നടക്കുന്നുണ്ട്‌. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top