26 July Monday

ഗജപോക്രികൾക്കെന്ത് ഗജ

ശിവൻ ചൂരിക്കോട്Updated: Tuesday Jun 15, 2021

എരിഞ്ഞിപ്പുഴയിലിറങ്ങിയ ആനക്കൂട്ടം

ബേഡകം

കനത്ത മഴയിലും കൂസലില്ലാതെ കാടിറങ്ങി വരികയാണ് കാട്ടാനക്കൂട്ടം. പട്ടാപ്പകൽ പുഴയിലിറങ്ങി നിൽക്കുന്നത്‌ സ്ഥിരം കാഴ്ചയായതോടെ മലയോരത്തെ ജനങ്ങളാകെ ഭീതിയിലാണ്
ഉറങ്ങാതെ മലയോരം
ബേഡഡുക്ക കുറ്റിക്കോൽ പഞ്ചായത്തിലെ  എരിഞ്ഞിപ്പുഴ, ശങ്കരമ്പാടി, ബേത്തൂർപ്പാറ, കോളിക്കുണ്ട്, ബന്തടുക്ക, തോണിക്കടവ്, പാണ്ടിക്കണ്ടം, അരിയിൽ, കുട്ട്യാനം  തുടങ്ങിയ പ്രദേശങ്ങളിൽ  കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തുകയാണ്‌.  ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി  കാട്ടാനക്കൂട്ടമിറങ്ങുന്നു.   രാവും പകലുമെന്നില്ലാതെ കാർഷിക വിളകൾ അപ്പാടെ പിഴുതെറിയുകയാണ്.
കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ ജീവിതം  വഴിമുട്ടിയ അവസ്ഥയാണ്. വീടുകൾക്ക്‌ തൊട്ടടുത്തെത്തി ആനകൂട്ടം അതിക്രമം കാണിച്ചു തുടങ്ങിയതോടെ ജീവൻ പോലും കാട്ടാന ഭീഷണിയിലാണ്.  വൈകുന്നേരമായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം. നാട്ടുകാർ ഉറക്കമൊഴിച്ചിരുന്ന് ചെണ്ടകൊട്ടിയും  ശബ്ദമുണ്ടാക്കിയും മറ്റുമാണ്  താല്ക്കാലികമായി രക്ഷനേടുന്നത്.
വനാതിർത്തിയിൽ സൗരോർജ വേലിയും കിടങ്ങുമൊക്കെ സ്ഥാപിച്ചിരുന്നെങ്കിലും അതിനെയൊക്കെ ആനകൾ മറികടക്കുന്നു.  വനം വകുപ്പും നിസ്സഹായരാണ്. ഓപ്പറേഷൻ ഗജ നടപ്പാക്കി  ആനകളെ തുരത്തിയെങ്കിലും അവ തിരിച്ചെത്തിയത് വനം വകുപ്പിനെ കുഴക്കി.  ശാസ്ത്രീയ രീതിയിൽ മെച്ചപ്പെട്ട കിടങ്ങുകളും വേലികളും സ്ഥാപിച്ചാൽ മാത്രമേ രക്ഷയുള്ളു എന്ന് കർഷകർ പറയുന്നു.
അതിർത്തി കടന്നുവരുന്ന ആനകളെ നേരിടാൻ   വനാതിർത്തികളിൽ ആനവേലി, കിടങ്ങ്, മതിൽ എന്നിവ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചതായി  സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ സബ് മിഷന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. കൃഷിക്കാർക്ക്  നഷ്ടപരിഹാരം നൽകണമെന്നും ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഐ എം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.  ഇക്കാര്യം ഉന്നയിച്ചു മന്ത്രിക്ക് ഫാക്സ് അയക്കുമെന്നും ഏരിയ സെക്രട്ടറി സി ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top