21 September Saturday

തൃക്കരിപ്പൂരിൽ 5 മേൽപ്പാലം വരുന്നു

സ്വന്തം ലേഖകൻUpdated: Saturday Jun 15, 2019

നിർദിഷ്ട മേൽപാലം അനുവദിച്ച രാമവില്യം ഗേറ്റ്

തൃക്കരിപ്പൂർ 
ഉദിനൂർ ഉൾപ്പെടെ തൃക്കരിപ്പൂരിൽ അഞ്ച് മേൽപ്പാലം വരുന്നു. ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂരിനും പുറമെ ഒളവറ ഉളിയം കടവ് ഗേറ്റിലും രാമവില്യത്തും രണ്ട് മേൽപ്പാലം കൂടി നിർമ്മിക്കാൻ നടപടിയായി.  സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്ന ഒളവറ ഉളിയം കടവ് സ്മാരകത്തിലേക്കുള്ള ഗതാഗതം ഒളവറ റെയിൽവെ ഗേറ്റ് വഴിയാണ്. ഇവിടെ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം   വർഷങ്ങളായുണ്ട‌്. മുൻ എംപി പി കരുണാകരന്റെ ഇടപെടലിന്റെ ഫലമായി ഒളവറ ഗേറ്റിൽ 15.9 ഉം, രാമവില്യം ഗേറ്റിൽ 15. 6 കോടിയുമാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചത്. ഒളവറ ഉളിയം ഗേറ്റിൽ മണ്ണ് പരിശോധന മൂന്ന് മാസം മുമ്പ് പൂർത്തിയായിരുന്നു. ഇതോടെ  പഞ്ചായത്തിനെ രണ്ട് ഭാഗമായി തിരിച്ചു കടന്ന് പോകുന്ന പ്രധാന റെയിൽവേ ലൈനിൽ അഞ്ച് ഗേറ്റുകളിലും മേൽപാലം അനുവദിച്ചു. വെള്ളാപ്പ് റോഡ്, ബീരിച്ചേരി, രാമവില്യം, ഒളവറ ഗേറ്റുകൾ വഴിയാണ് ഗതാഗത സൗകര്യമുള്ളത്.  രണ്ട് വർഷം മുമ്പ് എളമ്പച്ചി തലിച്ചാലം ഗേറ്റ് ഒഴിവാക്കി അടിപ്പാത ഒരുക്കിയെങ്കിലും  കാലവർഷം തുടങ്ങിയാൽ അടച്ചിടുന്ന അവസ്ഥയാണ്. വേനലിലും വെള്ളകെട്ട് നിലനിൽക്കുന്ന പ്രദേശമാണിത്.    മൂന്ന് കോടി ചെലവിൽ റെയിൽവേ നേരിട്ട് നിർമിച്ചതാണിത‌്.  സമാന രീതിയിൽ രാമവില്യം ഗേറ്റിലും അടിപ്പാത നിർമിക്കാനായിരുന്നു  റെയിൽവേയുടെ തീരുമാനം. പി കരുണാകരൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഇവിടേയും പാലം അനുവദിച്ചത്.
2020 ഓടെ പാലക്കാട് ഡിവിഷനിലെ മുഴുവൻ ലെവൽ ക്രോസുകളും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാതയും മേൽപ്പാലവും വേഗത്തിൽ പൂർത്തിയാക്കാൻ റെയിൽവേ  തീരുമാനം.  ബീരിച്ചേരി മേൽപ്പാലത്തിനായി റോഡ്സ് ആൻഡ‌് ബ്രിഡ‌്ജസ‌്  കോർപറേഷൻ തയ്യാറാക്കിയ രൂപ രേഖ കിഫ്ബിക്ക് കൈമാറി. അംഗീകാരം ലഭിക്കുന്ന മുറക്ക് മൂന്ന്  മാസത്തിനകം ഭൂമി ഏറ്റെടുക്കൽ  നടപടി  ആരംഭിക്കും. ഭൂ ഉടമകളുടെ സഹകരണം കൂടിയായാൽ ടെൻഡർ  പൂർത്തിയാക്കി ഡിസംബറിൽ നിർമാണം ആരംഭിക്കും. റെയിൽവേ അനുവദിച്ച 20 കോടിക്ക് പുറമെയുള്ള തുക  സംസ്ഥാന  സർക്കാരാണ‌് വഹിക്കേണ്ടത‌്.  38 മേൽപാലങ്ങൾക്കാണ് കഴിഞ്ഞ ഏപ്രിലിൽ തുക അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത‌്. ഡിപിആർ പൂർത്തിയായി ടെൻഡർ നടപടിയിലേക്ക് നീങ്ങിയത് ബീരിച്ചേരി മാത്രമാണ്.  പുതുതായി 95 സെന്റ് ഭൂമി ഏറ്റെടുക്കണം.   7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ഈ വിഹിതം റവന്യു വകുപ്പ്  നൽകണം.  33 കോടി രൂപയാണ് നിർമാണ ചെലവ‌്.  18 കെട്ടിടങ്ങൾ പൊളിച്ച് സൗകര്യമൊരുക്കണം.  ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 10.2 മീറ്റർ വീതിയിലാണ് മേൽപ്പാലം പണിയുക. 50 മീറ്റർ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കും.   മുൻ എംപിയുടേയും എം രാജഗോപാലൻ എംഎൽഎയുടെയും ഇടപെടലിന്റെ ഫലമായാണ്  വികസനം യാഥാർഥ്യമാകുന്നത‌്.  അഞ്ച് മേൽപ്പാലങ്ങൾ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും  കുതിപ്പാകും.  പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ  പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റിൽ നിന്നുള്ള മോചനം ഉടൻ  സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റെയിൽവെ അനുവദിച്ച തുകക്ക് പുറമെ സംസ്ഥാന സർക്കാറിന്റെ വിഹിതം കിഫ് ബിയിൽ ഉൾപ്പെടുത്തിയ ബീരിച്ചേരി മേൽപ്പാലം 2022 ലും മറ്റ് നാല് പാലങ്ങളൾ 2025 ഓടെയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന വാർത്തകൾ
 Top