കാസർകോട്
ജില്ലയിലെ ആരോഗ്യപ്രവർത്തകർക്ക് നൽകാനുള്ള വാക്സിൻ ജില്ലയിലെത്തി. പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് എത്തിയത്. കോഴിക്കോട് റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്സിൻ കൊണ്ടുവന്നത്. പ്രത്യേകം താപനില ക്രമീകരിച്ച ബോക്സുകളിൽ 6860 ഡോസ് വാക്സിനുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. മുരളീധര നെല്ലൂരായ, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ എ ടി മനോജ് എന്നിവർ ഏറ്റുവാങ്ങി.
ആദ്യഘട്ടത്തിൽ 3100 പേർക്കാണ് നൽകുക. ഒന്നാം ഘട്ടത്തിൽ ഒമ്പത് കേന്ദ്രങ്ങളിലും രണ്ടാം ഘട്ടത്തിൽ 58 കേന്ദ്രങ്ങളിലും മൂന്നാം ഘട്ടത്തിൽ 329 കേന്ദ്രങ്ങളിലും വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, സ്റ്റാഫ് നേഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, നേഴ്സിങ് അസിസ്റ്റന്റുമാർ എന്നിവർക്ക് ശനിയാഴ്ച മുതൽ ഒമ്പത് കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. കാസർകോട് ഗവ. മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗൽപാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികൾ, പെരിയ സിഎച്ച്സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് കേന്ദ്രങ്ങൾ. രണ്ടാം ഘട്ടത്തിൽ ഈ ഒമ്പത് ഉൾപ്പെടെ 58 കേന്ദ്രങ്ങളുണ്ടാകും.
മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങൾക്കായി 329 കേന്ദ്രങ്ങളുണ്ടാകും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് നൽകുക. വാക്സിനേഷന് ശേഷം അസ്വസ്ഥതകൾ ഉണ്ടായാൽ പരിഹരിക്കുന്നതിനുളള ആംബുലൻസ് അടക്കമുളള സംവിധാനവും കേന്ദ്രങ്ങളിലുണ്ട്. വാക്സിനേഷന് ശേഷം ഒബ്സർവേഷൻ റൂമിൽ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം. വാക്സിൻ ലഭ്യമാക്കിയാലും കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..