11 July Saturday

എൽഡിഎഫ്‌ മുന്നേറ്റം വ്യക്തം: വ്യക്തിഹത്യയിൽ നേട്ടമുണ്ടാക്കാൻ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Monday Oct 14, 2019
മഞ്ചേശ്വരം
തെരഞ്ഞെടുപ്പ് അടുക്കുന്തോറും തുളുനാടിന്റെ ഹൃദയത്തിൽ കൈയൊപ്പ‌് ചാർത്തി മുന്നേറുകയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈ. ജാതിമത ഭാഷാ വ്യത്യാസങ്ങളില്ല. ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എല്ലാവിഭാഗം ജനങ്ങളിലും ശങ്കർ റൈയ‌്ക്ക‌് സ്വീകാര്യത ഉറപ്പാക്കുന്നു.
എട്ട്‌ പഞ്ചായത്തുള്ള മണ്ഡലത്തിൽ ഒന്നിൽപോലും ബിജെപി ഭരണം കൈയാളുന്നില്ല. പഞ്ചായത്തുകളിൽ കാവി പ്രസ്ഥാനത്തിന്റെ വേരോട്ടം കുറയുന്നതും വസ്‌തുത.  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടിലെ ഗണ്യമായ ഇടിവ്‌ അതിന്  ഉദാഹരണമാണ്‌. ഈ  വസ‌്തുത കാണാതെയാണ‌് മഞ്ചേശ്വരത്ത‌് ത്രികോണ മത്സരമെന്ന‌് ചിലർ കാഹളമുയർത്തുന്നത‌്.
 ശങ്കർ റൈ ഇളക്കിവിട്ട ഇടത‌് അനുകൂലതരംഗമാണ്‌ മണ്ഡലത്തിലാകെ.  മൂന്നാംഘട്ട പര്യടനത്തിലേക്ക‌് കടന്ന ഇടതുമുന്നണിയുടെ പ്രചാരണ മുന്നേറ്റം ഇത്‌ അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ടാണ‌് വിശ്വാസവിഷയങ്ങളും ശബരിമലയും കോൺഗ്രസും ബിജെപിയും  വീണ്ടും പൊടിതട്ടിയെടുത്തത്‌.  അതും ഏശുന്നില്ല എന്നു വന്നതോടെയാണ്‌ ശങ്കർ റൈയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ ജനപിന്തുണയിൽ വിള്ളലുണ്ടാക്കാനാവുമോ എന്ന്‌ പരീക്ഷിക്കുന്നത്‌.  
ശങ്കർ റൈയുടെ ജനസമ്മതിയിൽ  അതൊന്നും ഏൽക്കുന്നില്ല എന്ന്‌ മാത്രമല്ല കൂടുതൽ കരുത്താർജിക്കുകയാണ്.   
മുസ്ലിം സ്വാധീനമേഖലകളിൽ വോട്ടുറപ്പിക്കുക, ഇടതുപക്ഷം മുന്നേറിയാൽ ബിജെപി ജയിക്കുമെന്ന ഭീതി പടർത്തുക എന്ന ദ്വിമുഖതന്ത്രമാണ‌് ലീഗ‌് പയറ്റുന്നത‌്. ന്യൂനപക്ഷങ്ങളിൽനിന്നുള്ള വോട്ടൊഴുക്ക‌് പ്രതിരോധിക്കാൻ എൽഡിഎഫ്‌ സ്ഥാനാർഥിയെ ഹിന്ദുസ്ഥാനാർഥിയെന്ന‌്  കോൺഗ്രസ്‌  വർഗീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. 
വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള അവരുടെ നീക്കം വിലപോവുന്നില്ല എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത.  ഇടതുപക്ഷത്തിന്റെ ശക്തമായ വേരോട്ടമാണിതിന്‌ കാരണം. ഭാഷാവിഷയം ആളിക്കത്തിയ ആദ്യ തെരഞ്ഞെടുപ്പുകളിൽ വിജയം അപ്രാപ്യമായിരുന്നെങ്കിലും മൂന്ന‌് തവണ ഇടതുപക്ഷം മഞ്ചേശ്വരത്ത‌് വെന്നിക്കൊടി പാറിച്ചിട്ടുണ്ട‌്. രണ്ടുതവണ സിപിഐയിലെ ഡോ. എ സുബ്ബറാവുവും 2006ൽ സിപിഐ എമ്മിലെ അഡ്വ. സി എച്ച‌് കുഞ്ഞമ്പുവും. ബിജെപി വരുമെന്ന ഭീതിയും വർഗീയ കാർഡുമിറക്കിയാണ‌് ലീഗ‌് മഞ്ചേശ്വരത്തെ ജനതയെ ആറുതവണ കബളിപ്പിച്ചത‌്. 
എന്നാൽ,  തുളുനാടിന്റെ പാരമ്പര്യം മതേതരമായ കൊടുക്കൽ വാങ്ങലിന്റെയും പാരസ‌്പര്യത്തിന്റെയുമാണ‌്. മായിപ്പാടി കോവിലകത്ത‌് പ്രത്യേക ഇരിപ്പിടമുള്ള നാടുവാഴി സൗക്കാർ കുഞ്ഞിപ്പക്കിയുടെ ദീപ‌്തമായ പാരമ്പര്യം. മുസ്ലിം തെയ്യമായ ആലിചാമുണ്ടിയെ ആരാധിക്കുന്ന ഹൈന്ദവമനസ‌്,  ആയിരം ജുമാമസ‌്ജിദിലെയും ഉദ്യാവർ മാടയിലെയും  മുസ‌്ലിം–-ഹൈന്ദവ പാരസ‌്പര്യം എന്നിവയൊക്കെയുമാണ്‌ ഈ മണ്ണിന്റെ മതേതരമായ ഈടുവയ്‌പ്പുകൾ. 
ഉറുദുവും കൊങ്ങിണിയും കന്നഡയും ബ്യാരിയും തുളുവും മലയാളവും ഉൾപ്പടെ ഏഴുഭാഷകളിലായി ഈ മണ്ണിൽ അലയടിക്കുന്നതും സഹവർത്തിത്വത്തിന്റെ മണിമുഴക്കങ്ങളാണ‌്. അറബി ഉൾപ്പടെ അഞ്ചുഭാഷകൾ അറിയുന്ന ശങ്കർ റൈ  പ്രതിഫലിപ്പിക്കുന്നത്‌ ഈ നാട്ടുപാരമ്പര്യമാണ‌്. ബിജെപി–- യുഡിഎഫ‌് പാളയങ്ങളെ ഭയപ്പെടുത്തുന്നത്‌ സ്ഥാനാർഥിയുടെ ഉജ്വലവ്യക്തിത്വത്തിന്റെ ബഹുസ്വരതയാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top