23 May Thursday

കാലവര്‍ഷം കനത്തു മലയോരം വെള്ളത്തിൽ

സ്വന്തം ലേഖകർUpdated: Saturday Jul 14, 2018
കാഞ്ഞങ്ങാട്
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ വീശിയടിച്ച കാറ്റില്‍ ജില്ലയുടെ പലഭാഗങ്ങളിലും നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും മണ്ണിടിഞ്ഞുമാണ്‌ പലയിടത്തും നാശമുണ്ടായത്‌.
 വെള്ളിയാഴ്ച  പുലര്‍ച്ചെ വീശിയടിച്ച കാറ്റില്‍ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിന് മുകളില്‍ വന്‍ മരം മുറിഞ്ഞ് വീണ്  അഞ്ചു മീറ്റര്‍ അകലത്തിലുള്ള  മതില്‍ പൂര്‍ണമായും തകര്‍ന്നു. സ്‌കൂള്‍ ബസ് പാര്‍ക്ക് ചെയ്യുന്ന ഷെല്‍ട്ടറിന്  ചേര്‍ന്നായിരുന്നു  അപകടം.  എതിര്‍ഭാഗത്തേക്ക് മറിഞ്ഞു വീണതു മൂലം വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത ലയണ്‍സ് ഹാളിന് സമീപത്ത് പറമ്പിലെ മരം മറിഞ്ഞുവീണ്‌  ഇലക്ട്രിക് പോസ്റ്റ് തകര്‍ത്തു. വൈദ്യുതി കമ്പികള്‍ മരച്ചില്ലകളില്‍ കെട്ടുപിണഞ്ഞ് കിടന്ന് പ്രദേശത്ത് വൈദ്യുതി മുടക്കം തുടരുകയാണ്. ജീവനക്കാരുടെ നിതാന്ത ജാഗ്രതയും പരിശ്രമവും കൊണ്ട് മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. മീനാപ്പീസിലെ സി കെ മുഹമ്മദ് കുഞ്ഞിയുടെ വീട്‌  തെങ്ങുവീണ്  തകര്‍ന്നു. വൈദ്യുതി തൂണ്‍ പൊട്ടിവിണ് മേലാങ്കോട്ടെ അശോകന്റെ വീട് തകര്‍ന്നു. അതിഞ്ഞാല്‍ കേരളാ ഹോസ്പിറ്റലിന്റെ ഷിറ്റ് മേഞ്ഞ മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നു. 
വെള്ളരിക്കുണ്ട് തയ്യേനിയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് തകർച്ചാഭീഷണിയിലായി.  രണ്ടുദിവസത്തെ  തുടർച്ചയായ മഴയിൽ മലയോര മേഖല പൂർണമായും വെള്ളത്തിലായി. ചൈത്രവാഹിനി പുഴയും തോടുകളും  നിറഞ്ഞൊഴുകി.മലയോരത്ത് വ്യപകമായി ഉറവകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചെറുകൊല്ലികൾ വ്യാപകമായി. മഴവെള്ളപ്പാച്ചിലിൽ പല റോഡുകളും തോടുകളായി.പലയിടത്തും റോഡുകൾ തകർന്നു. റോഡിൽ വെള്ളംകെട്ടിനിന്ന് യാത്രക്കാർക്കും ബുദ്ധിമുട്ടായി.  പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്നു. പാലാവയൽ വില്ലേജിലെ തയ്യേനിയിൽ പൂവത്തിങ്കൽ തോമസിന്റെ വീടിനോട് ചേർന്ന് നിർമിച്ച  സംരക്ഷണഭിത്തി തകർന്നു. വീട് വിണ്ടുകീറി.  70കാരനായ തോമസും 67കാരിയായ ഭാര്യ മേരിയും മാത്രമാണ് ഇവിടെ താമസം. 18വർഷം മുമ്പ് നിർമിച്ച  ഭിത്തി ഏതാണ്ട് അഞ്ച് മീറ്റർ ഉയരത്തിലാണ് ഉള്ളത്. ഇത്  നാല് മീറ്റർ വീതിയിൽ തകർന്നിട്ടുണ്ട്. വീടിന്റെ തറയുടെ അടുത്തുവരെ മണ്ണ് താഴേക്ക് പതിച്ചു. മഴ കനത്താൽ വീട് അപകടത്തിലാകും. 
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മലയോര ഗ്രാമപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തുന്നു. ഇടമുറിയാതെ മഴപെയ്യുന്നത് മൂലം പലഭാഗങ്ങളിലും ഉറവ രൂപപ്പെട്ടിട്ടുണ്ട്. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കുറ്റിക്കോൽ, ബേഡകം പഞ്ചായത്തുകളിൽ വിവിധ ഭാഗങ്ങളിൽ കുന്നിടിച്ചിൽ രൂക്ഷമായിട്ടുണ്ട് ഉറവ പൊട്ടുന്നതിനാല്‍ പല സ്ഥലത്തും റോഡുകള്‍വെള്ളക്കെട്ടുകളാൽ നിറയുകയാണ്.   ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉറവകള്‍ ഉരുള്‍പൊട്ടലിന് കാരണമായേക്കുമോയെന്ന ആശങ്കയുണ്ട്‌.  പയസ്വിനി പുഴ  കരകവിഞ്ഞൊഴുകുന്നത് കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലെ ഉറവകള്‍ ശക്തമായി തുടരുന്നത് അപകടകരമാണ്. മഴക്കെടുതികളില്‍പ്പെട്ട് അമ്പതിൽ അധികം വീടുകളാണ് മലയോരത്ത് വിവിധ ഭാഗങ്ങളിലായി തകര്‍ന്നത്. ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
പ്രധാന വാർത്തകൾ
 Top