15 October Tuesday

തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

മൂസോടി കടപ്പുറത്തെ ഖിള്‌രിയ മസ്‌ജിദിന്റെ പിൻഭാഗത്തെ ചുവർ തിരയടിച്ച്‌ തകർന്ന നിലയിൽ

കാസർകോട‌്

മംഗൽപാടി പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. അഞ്ച്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾ കടലെടുക്കുന്ന അവസ്ഥയിൽ. ഒന്നാംവാർഡ്‌ മൂസോടിയിലും അത്തീക്കയിലുമാണ്‌ കടലാക്രമണം രൂക്ഷമായിട്ടുള്ളത്‌. 
അത്തീക്ക കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ എറമുള്ളാൻ, മറിയുമ്മ, മുഹമ്മദ്‌, സഹോദരി നബീസ, മൂസോടിയിലെ മറിയുമ്മ എന്നിവരുടെ കുടുംബത്തെയാണ്‌ സമീപത്തെ വാടക വീടുകളിലേക്ക്‌ മാറ്റിയത്‌. റവന്യു അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി കടലോരവാസികൾക്ക്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്‌. 
മൂസോടിയിലും അത്തീക്കയിലും 200 മീറ്ററോളം കര കടലെടുത്തു. മൂസോടിയിലെ ഖിള്‌രിയ മസ്‌ജിദിന്റെ പിൻഭാഗത്തെ ചുവരാകെ തിരയടിച്ച്‌ തകർന്നു. കെട്ടിടംതന്നെ ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണുള്ളത്‌. മസ്‌ജിദിന്‌ സമീപത്തെ അബ്ബാസ്‌, ഹനീഫ എന്നിവരുടെ വീടുനുള്ളിലേക്ക്‌ തിരയടിച്ച്‌ കടൽവെള്ളമെത്തിയതോടെ ഇവരും ആശങ്കയോടെയാണ്‌ ഓരോ രാത്രിയും കഴിയുന്നത്‌. 
നാലുദിവസമായി ഇവിടെ കടലാക്രമണം രൂക്ഷമാണ്‌. വൈകിട്ട്‌ വേലിയേറ്റമുണ്ടാകുന്നതോടെ റോഡിലേക്കുവരെ ആർത്തലച്ച്‌ തിരയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി കടൽക്ഷോഭമുണ്ടാകുന്നുണ്ടെന്നും പഞ്ചായത്ത്‌ അധികാരികളോ സ്ഥലം എംഎൽഎയുടെ പാർടിക്കാരോ വേണ്ട നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു. തൊട്ടടുത്തുവരെ കരിങ്കല്ലുകൊണ്ട്‌ പുലിമുട്ട്‌ നിർമിച്ചിട്ടും ജനവാസ കേന്ദ്രങ്ങൾക്ക്‌ സമീപം കടലോരത്ത്‌ പുലിമുട്ട്‌ കൊണ്ടുവരാൻ ശ്രമിച്ചില്ലെന്നുമാണ്‌ ഇവിടുത്തുകാരുടെ പ്രധാന ആക്ഷേപം. നാലുവർഷം മുമ്പ്‌ മൂസോടിയിൽ രണ്ട്‌ വീട്‌ കടലെടുത്തിട്ടും പുനർനിർമിക്കാനുള്ള സഹായങ്ങൾ ലഭിച്ചില്ലെന്നാണ്‌ ഇവർ പറയുന്നത്‌.  അത്തീക്കയിൽനിന്ന്‌ വീടുമാറിയവർ മൂസോടി ജുമ മസ്‌ജിദിന്റെ കെട്ടിടത്തിലാണ്‌ താമസിക്കുന്നത്‌. ഇതാകട്ടെ വാടകയ്‌ക്കുമാണ്‌. മത്സ്യത്തൊഴിലാളികളായ ഇവരുടെ ആകെയുള്ള വരുമാനവും നിലച്ചതോടെ കെട്ടിടവാടകയും നിത്യചെലവും എങ്ങനെ കഴിയുമെന്ന ആശങ്കയും ഇവർക്കുണ്ട്‌. മൂസോടിയിൽ 25 കായ്‌ക്കുന്ന തെങ്ങും അത്തീക്കയിൽ 15 തെങ്ങും കടലെടുത്തു. മൂസോടിയിലും അത്തീക്കയിലുമായി മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്‌. ഇവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.
ഉദുമ പടിഞ്ഞാറിൽ കടൽ ആക്രമണം രൂക്ഷമായി. തീരത്തെ നിരവധി മരങ്ങൾ കടലെടുത്തു. കൊപ്പൽ, ജന്മ, കാപ്പിൽ എന്നിവിടങ്ങളിൽ നൂറു മീറ്ററുകളോളം കര കടലെടുത്തു. തെങ്ങ‌് ഉൾപ്പടെ  നിരവധി മരങ്ങൾ കടപുഴകി.  കടലാക്രമണം ശക്തിപ്പെട്ടാൽ  ഈ പ്രദേശത്തെ  വീടുകൾ  കടലെടുക്കുമെന്ന്  ഭയത്തിലാണ് നാട്ടുകാർ, കടൽ ഭിത്തിയില്ലാത്താണ് തിരമാലകൾ ശക്തമായി കരയിലേക്ക് കയറാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു. കൊവ്വൽ, കീഴൂർ, ചെമ്പരിക്ക, കോട്ടിക്കുളം, തൃക്കണ്ണാട്, ബേക്കൽ, പള്ളിക്കര തീരദേശ പ്രദേശങ്ങളിലും  കടലാക്രമണം ശക്തമാണ‌്. 
പ്രധാന വാർത്തകൾ
 Top