17 July Wednesday

പേനകൾ വലിച്ചെറിയരുത‌്; വാങ്ങാൻ പെൻഫ്രണ്ടുണ്ട‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

കാസർകോട‌്

ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന ‘പെൻഫ്രണ്ട്' പദ്ധതി നടപ്പാക്കും. 
ജില്ലാ ഹരിത കേരളം മിഷൻ നേതൃത്വത്തിലാണ‌്  ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക. സമൂഹത്തിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷൻ  പദ്ധതി ആവിഷ്‌കരിച്ചത്.   സ്‌കൂളുകളിലും  സ്ഥാപനങ്ങളിലും പെൻഡ്രോപ് ബോക്‌സ് സ്ഥാപിക്കും. ഉപയോഗശൂന്യമായ പേനകൾ വിദ്യാർഥികളും അധ്യാപകരും  ഉദ്യോഗസ്ഥരും ഈ ബോക്‌സിൽ നിക്ഷേപിക്കണം. നിശ്ചിത കാലയളവിൽ അംഗീകൃത പാഴ്‌വസ്തു വ്യാപാരികൾക്ക് കൈമാറണം. 
പദ്ധതിയുമായി സഹകരിക്കുവാൻ കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തയ്യാറായിട്ടുണ്ട്. പുനചംക്രമണത്തിന് കൈമാറി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പേപ്പർ പേന നിർമാണ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിനിയോഗിക്കും. ബോൾ പേനകളുടെ ഉപയോഗം നിയന്ത്രിക്കാനാവശ്യമായ പ്രവർത്തനങ്ങളും ഇതിനൊപ്പം നടപ്പാക്കും. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന വലിയൊരളവിലുള്ള മാലിന്യമാണ് പുനചംക്രമണത്തിന‌് കൈമാറുക.
പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം  കലക്ടറേറ്റിൽ കലക്ടർ ഡോ. ഡി സജിത് ബാബു നിർവഹിച്ചു. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിന്  അഞ്ച് പെൻ ഡ്രോപ്പ് ബോക്‌സുകൾ കൂടി  സിവിൽ സ്റ്റേഷനിൽ സ്ഥാപിക്കും. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം പി സുബ്രമണ്യൻ, ജില്ലാ  ശുചിത്വ മിഷൻ കോഡിനേറ്റർ  സി രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ബിജു എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top