19 February Tuesday

കാസർകോട്‌ നഗരസഭ ഒഴിവില്ലാത്ത തസ്‌തികയിലും നിയമനം

കെ സി ലൈജുമോൻUpdated: Monday Aug 13, 2018

 കാസർകോട്‌

ഒഴിവില്ലാത്ത  തസ്‌തികയിൽ നിയമനം നടത്തി കാസർകോട്‌ നഗരസഭ. നഗരസഭയിൽ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും പുറത്തുവരാതിരിക്കാനുള്ള ഭരണസമിതി നീക്കത്തെ സഹായിക്കാനായി ഓവർസിയർ ഗ്രേഡ്‌‐ മൂന്ന്‌ തസ്‌തികയിലാണ്‌ ഒഴിവില്ലാതിരുന്നിട്ടും നിയമനം നടത്തിയത്‌. നഗരസഭയിൽ മൂന്നാംഗ്രേഡ്‌ ഓവർസിയറിന്റെ മൂന്ന്‌ തസ്‌തികയാണുള്ളത്‌. ഇവയിൽ ആളുണ്ടെന്നിരിക്കെയാണ്‌ സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി പുതുതായി ഒരാളെ നിയമിച്ചത്‌. രണ്ടുമാസം മുന്പ്‌ നഗരസഭയിൽ ഈ തസ്‌തികയിൽ ഒരാളുടെ ഒഴിവുണ്ടായിരുന്നു. ഇതിലേക്ക്‌ നീലേശ്വരം നഗരസഭയിൽനിന്ന്‌ വനിതാ ജീവനക്കാരിയെ കാസർകോട്‌ നഗരസഭയിലേക്ക്‌ സ്ഥലംമാറ്റി ജൂൺ 30ന്‌ ചീഫ്‌ എൻജിനിയർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ജീവനക്കാരി കാസർകോട്‌ നഗരസഭയിലെത്തി ചുമതല ഏറ്റെടുത്തില്ല. ഇതേ തുടർന്ന്‌ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിനിടെ പിഎസ്‌സി വഴി ഈ തസ്‌തികയിലേക്ക്‌ നിയമനം വന്നു. അതോടെ നഗരസഭയിൽ ഓവർസിയർ ഗ്രേഡ്‌‐ മൂന്ന്‌ തസ്‌തികയിൽ ഒഴിവില്ലാതായി. 
ഇതിനിടെ മൂന്നാംഗ്രേഡ്‌ ഓവർസിയറായ സി എസ്‌ അജിതയെ നഗരസഭ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. നഗരസഭയുടെ ഉത്തരവ്‌ ചീഫ്‌ എൻജിനിയർ റദ്ദാക്കിയെങ്കിയും കോടതിയെ സമീപിച്ച്‌ ഈ ഉത്തരവിന്‌ നഗരസഭാ അധികൃതർ രണ്ടുമാസത്തെ സ്‌േറ്റ വാങ്ങി. ഈ മാസം അവസാനത്തോടെ സ്‌റ്റേ കാലാവധി തീരുമെന്നിരിക്കെ ജൂണിൽ ഇവിടേക്ക്‌ സ്ഥലംമാറ്റിയ ജീവനക്കാരി േജാലിയിൽ പ്രവേശിക്കാനെത്തി. പിഎസ്‌സി വഴി നിയമനം നടന്നതോടെ നഗരസഭയിൽ മൂന്നാം ഗ്രേഡ് ഓവർസിയർ തസ്‌തികയിൽ ഒഴിവില്ലാതായി. ഹൈക്കോടതിയുടെ സ്‌്റ്റേ മാത്രമാണ്‌ അജിതയുടെ കാര്യത്തിലുള്ളത്‌ എന്നതിനാൽ  നിലവിൽ ഇവരിപ്പോഴും കാസർകോട്‌ നഗരസഭയിലെ ജീവനക്കാരിയാണ്‌. അതിനാൽ ഈ തസ്‌തികയിൽ നിലവിൽ ഒഴിവില്ല. സസ്‌പെൻഷൻ കാലാവധി 27ന്‌ അവസാനിക്കുന്നതോടെ അജിത ജോലിയിൽ തിരികെ പ്രവേശിക്കും. സ്ഥലം മാറിയെത്തിയ ജീവനക്കാരിയെ ഇവിടെ നിയമിച്ച്‌ അജിതയെ മറ്റൊരിടത്തേക്ക്‌ സ്ഥലംമാറ്റാനുള്ള നീക്കമാണ്‌ ഭരണസമിതിയുടേത്‌. നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ ഇതിനായി അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെമേൽ സമ്മർദം ചെലുത്തിയാണ്‌  നീലേശ്വരത്തുനിന്ന്‌ സ്ഥലംമാറിയെത്തിയ ജീവനക്കാരിക്ക്‌ നിയമനം നൽകിയത്‌. അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ രജനിക്ക്‌ നിയമനം നൽകിയതെന്നും ഈ നടപടി നിയമപരമാണോയെന്ന്‌ ഉദ്യോഗസ്ഥതലത്തിൽ പരിശോധിക്കപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിൽ ഭരണസമിതിക്ക്‌ അറിവില്ലെന്നും നഗരസഭാ വൈസ്‌ ചെയർമാൻ എൽ എ മുഹമ്മദ്‌ പറഞ്ഞു. 
നഗരസഭയിൽ നടക്കുന്ന അഴിമതികൾക്ക്‌ കൂട്ടുനിൽക്കാത്തതിെന്റ പേരിലുള്ള പ്രതികാര നടപടിയെേന്നാണമാണ്‌ മൂന്നാംഗ്രേഡ് ഓവർസിയറായ സി  എസ്‌ അജിതയെ ഭരണസമിതി സസ്‌പെൻഡ്‌ ചെയ്‌തത്‌. ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചീഫ്‌ എൻജിനിയർ സസ്‌പെൻഷൻ ഉത്തരവ്‌ റദ്ദാക്കിയിരുന്നു. എന്നാൽ നഗരസഭ ഹൈക്കോടതിയെ സമീപിച്ച്‌ ഈ ഉത്തരവിന്‌ രണ്ടുമാസത്തെ സ്‌റ്റേ വാങ്ങി. ഈ മാസം 27ന്‌ സ്‌റ്റേ കാലാവധി അവസാനിക്കുന്നതോടെ അജിത ജോലിയിൽ തിരികെ പ്രവേശിക്കും. നഗരസഭയിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച്‌ വകുപ്പുതലത്തിൽ അന്വേഷണം നടക്കുമെന്ന ഭീതി ഭരണസമിതിയെ ആശങ്കയിലാക്കുന്നുണ്ട്‌. അജിത ഇവിടെ ജോലിയിലുണ്ടെങ്കിൽ അന്വേഷണം വരുമ്പോൾ അഴിമതി നടത്തിയ പദ്ധതികളും പ്രവൃത്തികളും കാണിച്ചുകൊടുക്കാൻ സാധ്യതയുണ്ടെന്നത്‌ മുൻകൂട്ടി കണ്ടുള്ള ഭരണസമിതി‐ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ നീക്കമായിരുന്നു ഒഴിവില്ലാതിരുന്നിട്ടും മൂന്നാംഗ്രേഡ് ഓവർസിയർ തസ്‌തികയിൽ തിടുക്കത്തിൽ നിയമനം നടത്തിയതിന്‌ പിന്നിലുള്ളത്‌. 
അതേസമയം നഗരസഭയിൽ പത്തുവർഷത്തിനിടെ നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ സംബന്ധിച്ചും ഇതിൽ നടത്തിയ അഴിമതികളെക്കുറിച്ചും വിവിധ തലങ്ങളിലുള്ള അന്വേഷണം നടക്കുന്നുണ്ട്‌. വിജിലൻസ്‌ സംഘം കയറിയിറങ്ങാത്ത ദിവസമില്ലാത്ത സ്ഥിതിയാണ്‌ നഗരസഭ ഓഫീസിലുള്ളത്‌.
പ്രധാന വാർത്തകൾ
 Top