03 August Monday

റീസൈക്കിൾ കേരള ഡിവൈഎഫ്‌ഐ ശേഖരിച്ചത്‌ 64. 21 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കാസർകോട്‌
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഡിവൈഎഫ്ഐ നടപ്പാക്കിയ റീ സൈക്കിൾ കേരളയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 64,21,884 രൂപ. കഴിഞ്ഞ ഒരുമാസമായി ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലയിലാകെ നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലാണ്‌ തുക സമാഹരിച്ചത്‌. പഴയ പത്രങ്ങളും ആക്രി സാധനങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ചാണ്‌ പ്രവർത്തനം ആരംഭിച്ചത്. ഇവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പുഴകളിലെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് റീസൈക്കിൾ കേരളയുടെ ഭാഗമാക്കിയപ്പോൾ മാലിന്യ നിർമാർജനവും നടന്നു. പ്രാദേശിക വിഭവങ്ങളായ ചക്കയും മാങ്ങയും തേങ്ങയും ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ച് വിറ്റു. 
വള്ളിക്കൊട്ടകളും മൺപാത്രങ്ങളും വരെ റീസൈക്കിൾ കേരളയുടെ ഭാഗമായി.  ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനവും നൽകാൻ യുവാക്കൾ തയ്യാറായി. കെട്ടിട നിർമാണത്തിന്‌ കല്ലുകൾ ചുമന്നും വാഹനങ്ങൾ കഴുകിയും കിണറുകൾ ശുചീകരിച്ചും  മറ്റും കിട്ടിയ വരുമാനം സംഭാവന നൽകി. കലാ-കരന്മാർ ഛായാചിത്രങ്ങളും കുപ്പികളിലെ ചിത്രങ്ങളും  കരകൗശല വസ്‌തുക്കളും വിറ്റ്‌ കിട്ടിയ തുക സംഭാവന ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്തിന്റെ പെയിന്റിങ്ങുകൾ സ്വന്തമാക്കി ക്രിക്കറ്റ്‌ താരം ശ്രീശാന്തും ഫുട്ബാൾ താരം ഐ എം വിജയനും ഭാഗമായി. ഖാദി കൈത്തറി മുണ്ടുകളുടെ വിൽപനയിലൂടെ തുക സമാഹരിച്ചു. മത്സ്യ വിൽപന നടത്തിയും ബൾബ് ചലഞ്ചിലൂടെയും പണം കണ്ടെത്തിയത്‌ പുതിയ അനുഭവമായി.  
തൃക്കരിപ്പൂർ - (3,50,050), ചെറുവത്തൂർ - (7,50,000), നീലേശ്വരം - (13,36,133), എളേരി  (-2,40,030), പനത്തടി - (2,50,360), കാഞ്ഞങ്ങാട് - (14,09,999), ഉദുമ - (7, 55,555), ബേഡകം - (3,00,000), കാറഡുക്ക (3,29,367), കാസർകോട്‌ (3,80,000), കുമ്പള (2,20,390), മഞ്ചേശ്വരം - (ഒരു ലക്ഷം) എന്നിങ്ങനെയാണ്‌ ബ്ലോക്ക്‌ കമ്മിറ്റികൾ തുക കണ്ടത്തിയത്‌. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ ശ്രദ്ധേയമായ ഇടപെടലുകൾക്കാണ് ഡിവൈഎഫ്ഐ നേതൃത്വം നൽകിയത്‌. മാസ്‌കുകളും സാനിറ്റൈസറുകളും ഭക്ഷണവും വിതരണം ചെയ്‌തു. ഐസൊലേഷൻ വാർഡുകൾ സജജീകരിച്ചു. കാർഷിക രംഗത്തെ ഇടപെടലുകളും  മികച്ചതായി. റീസൈക്കിൾ കേരള പ്രവർത്തനം വിജയിപ്പിച്ച മുഴുവനാളുകളേയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top