12 August Wednesday

മണ്ണിടിച്ചിൽ: വാഹന ഗതാഗതം ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
ചിറ്റാരിക്കാൽ   
മണ്ണിടിച്ചിൽ മൂലം ഗതാഗതം ഭീഷണിയിൽ. റോഡ് തകർച്ച നേരിട്ടിട്ടും  ജില്ലാ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന്‌ നാട്ടുകാർ. പാലാവയൽ - മലാംകടവ് - തയ്യേനി റോഡിൽ കുണ്ടാരത്താണ് റോഡിന്റെ ഒരു വശത്തു നിന്ന് മണ്ണിടിച്ചിൽ. അഞ്ച് മീറ്ററോളം ഉയരത്തിൽ ഏതാണ്ട് 150 മീറ്ററോളം ഭാഗത്ത് മണ്ണിടിയുന്നു.  ഭീമൻ കല്ലുകളും മരങ്ങളുംറോഡിലേക്ക് പതിച്ചാൽ വൻ അപകടമുണ്ടാകും. . കഴിഞ്ഞ ദിവസം മണ്ണിനോടൊപ്പം താഴേക്ക് പതിച്ച ഭീമൻ കല്ല്  റോഡിൽ തങ്ങി നിൽക്കുകയാണ്. ഏഴ്‌ ബസുകളടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്നു. റോഡ് കാൽനടയാത്രയ്ക്ക് പോലും ആകാതെ നശിച്ചപ്പോൾ മുൻ എം പി പി കരുണാകരന്റെ ഇടപെടലിന്റെ ഭാഗമായി പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 5.14 കിലോമീറ്റർ ദൂരം വരെ റോഡ് 5.40 കോടി രൂപ ചെലവിൽ പുനർ നിർമ്മിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ്  പണി പൂർത്തിയാക്കിയത്. ഈ റോഡിന്റെ ഏതാണ്ട് 500 മീറ്ററോളം വരുന്ന കുണ്ടാരം ഭാഗത്തെ ഒരു വശത്തെ മൺതിട്ട പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്ന്  നാട്ടുകാർ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡും  താമസസ്ഥലത്തിന്റെ തൊട്ടടുത്ത പ്രദേശവുമായിട്ടും  നടപടി സ്വീകരിച്ചില്ല.  തയ്യേനി, കുണ്ടാരം, അത്തിയടുക്കം, വായിക്കാനം, മീനഞ്ചേരി, മലാംകടവ്, കാവുന്തല തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top