21 August Wednesday

ജനനായകനെത്തി; പ്രചാരണത്തിന‌് ആവേശച്ചൂട‌്

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
കാഞ്ഞങ്ങാട‌്
ആവേശം പകർന്ന‌് ജന നായകൻ. മുഖ്യമന്ത്രി പിണറായി വിജയൻ  എത്തിയത‌് പ്രചാരണത്തിന‌് ആവേശമായി. വൻ ജനാവലിയാണ‌് എൽഡിഎഫ‌് റാലികളിൽ. കാഞ്ഞങ്ങാട‌് നടന്ന നിയോജക മണ്ഡലം റാലി ഉദ‌്ഘാടനം ചെയ‌്ത മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട‌് എണ്ണിപ്പറഞ്ഞാണ‌് തുടങ്ങിയത‌്. രാജ്യത്തിന്റെ ദിശ നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടാണ‌് മുഖ്യമന്ത്രി വിവരിച്ചത‌്. ‘ഈ ശാപം ഒന്നൊഴിഞ്ഞ‌് കിട്ടണമെന്നാണ‌് രാജ്യത്തെ ജനം ഒന്നടങ്കം ആഗ്രഹിക്കുന്നത‌്.’ നരേന്ദ്രമോഡിയുടെ ദുർഭരണം വിവരിക്കുകയാണ‌് മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ചു വർഷം മാത്രമല്ല, രാജ്യത്തെ തകർച്ചയിലേക്ക‌് നയിച്ച മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള അഞ്ചുവർഷം കൂടി നാം കണക്കിലെടുക്കണമെന്ന‌് അദ്ദേഹം പറഞ്ഞു. കർഷക ആത്മഹത്യ, വൻകുംഭകോണങ്ങൾ എന്നിങ്ങനെ ജനങ്ങളെ ദുരിതത്തിലേക്ക‌് നയിച്ചത‌് ആ സർക്കാരിന്റെ നയങ്ങളാണ‌്. ഇതിൽ പൊറുതിമുട്ടിയാണ‌് നരേന്ദ്ര മോഡിയുടെ വാഗ‌്ദാനങ്ങളിൽ വീണ ജനം അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത‌്. എന്നാൽ, വാഗ‌്ദാനം നൽകിയവർ ഒന്നും പാലിച്ചില്ല. വീണ്ടും അതേ വാഗ‌്ദാനങ്ങളുമായാണ‌് വരവ‌്.
മൃദു ഹിന്ദുത്വ നിലപാടുകളിലൂടെ സ്വയം ദുരന്തം വരിച്ച കോൺഗ്രസിന്റെ തകർച്ച വെളിവാക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആ പാർടിയെ വിചാരണ ചെയ്യുന്നതായി. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊല, മുത്തലാക്കിന്റെ മറവിൽ മുസ്ലീം ജനവിഭാഗത്തിനെതിരെയുള്ള നടപടി, മതത്തിന്റെ പേരിൽ പൗരത്വം നൽകാനുള്ള നീക്കം തുടങ്ങി രാജ്യം അഭിമുഖീകരിച്ച നിർണായക വിഷയങ്ങളിൽ കോൺഗ്രസിന്റെ പ്രതികരണം ദുർബലമായിരുന്നു. രാമക്ഷേത്ര നിർമാണം തങ്ങൾക്ക‌് മാത്രമേ സാധിക്കൂ എന്ന കോൺഗ്രസ‌് വക്താവ‌് ജോഷിയുടെയും ഗോവധ നിരോധം തങ്ങളാണ‌് നടപ്പാക്കിയത‌് എന്ന ദിഗ‌്‌ വിജയ‌്സിങ്ങിന്റെ വാദത്തെയും അദ്ദേഹം തുറന്നുകാട്ടി. ആർക്കുവേണ്ടിയാണ‌് ഇവർ ആർഎസ‌്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുന്നത‌്. 
ചില സംസ്ഥാനങ്ങളിലെങ്കിലും വിശാല മതേതരസഖ്യം രൂപീകരിക്കുന്നതിന‌് കോൺഗ്രസ‌് വിലങ്ങുതടിയായതും മുഖ്യമന്ത്രി വിമർശിച്ചു. മുഖ്യ എതിരാളി ബിജെപിയാണ‌് എന്ന‌് പ്രഖ്യാപിച്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത‌് ഇടതുപക്ഷത്തിനെതിരെയാണ‌്. മുതിർന്ന നേതാക്കൾ മാത്രമല്ല, ചില സംസ്ഥാനങ്ങളിൽ മന്ത്രിസഭ അപ്പടി ബിജെപിയായി മാറുകയാണ‌്. ത്രിപുരയിൽ മരുന്നിനു പോലുമില്ലാത്ത ബിജെപിക്ക‌് ഭരണം കിട്ടിയത‌് ഇങ്ങനെയാണ‌്. ചിലയിടങ്ങളിൽ ഇപ്പോഴും കോൺഗ്രസിലുള്ള നേതാക്കളാണ‌് ബിജെപിക്കായി പ്രചാരണം നടത്തുന്നത‌്. കേരളത്തിൽ ചില സ്ഥാനാർഥികൾ വിജയിച്ചാൽ ബിജെപിയിലേക്ക‌് പോകില്ലെന്ന‌് പരസ്യം നൽകുന്ന സ്ഥിതിയാണ‌്. കോൺഗ്രസല്ലാതെ മറ്റൊരു പാർടിയിലും ഇത‌് നടക്കില്ല.
മൂന്നുവർഷം മുമ്പ‌് കേരളം അഴിമതിയിൽ ഒന്നാംസ്ഥാനത്തായിരുന്നു. ഇന്ന‌് അത‌് മാറി. രാജ്യത്തിന‌് മാതൃകയായ രാഷ്ട്രീയ ബദൽ കേരളത്തിന‌് അവകാശപ്പെട്ടതാണ‌്. മുമ്പ‌് വീടുകളിൽ ന്യൂസ‌് കാണാൻ പോലും ആളുകൾ ടിവി തുറക്കാറില്ല. അത്ര ജീർണിച്ച വാർത്തകളാണ‌് പുറത്തുവന്നുകൊണ്ടിരുന്നത‌്. അഴിമതിയില്ലാത്ത മികവാർന്ന ഭരണമാണ‌് ഇന്ന‌് കേരളത്തിൽ. എല്ലാവിഭാഗത്തിനും ഇതിന്റെ ഫലം അനുഭവവേദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആയിരങ്ങളാണ‌് റാലിക്കെത്തിയത‌്.  മണ്ഡലം പ്രസിഡന്റ‌് ബങ്കള‌ം കുഞ്ഞികൃഷ‌്ണൻ അധ്യക്ഷനായി. ലോക താന്ത്രിക‌് ജനതാദൾ സംസ്ഥാന പ്രസിഡന്റ‌് എം വി ശ്രേയാംസ്‌കുമാർ, മന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐഎം കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ, കോൺഗ്രസ‌് എസ‌് സംസ്ഥാന ട്രഷറർ പി വർഗീസ‌്, ഐഎൻഎൽ ദേശീയ സെക്രട്ടറി അഹമ്മദ‌് ദേവർകോവിൽ, എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വി കെ രാജൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ, കെ കുഞ്ഞിരാമൻ എംഎൽഎ, എം രാജഗോപാലൻ കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ, കെ കുഞ്ഞിരാമൻ, നഗരസഭാ ചെയർമാൻ വി വി രമേശൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ കെ നാരായണൻ, പി അപ്പുക്കുട്ടൻ, ഒക്ലാവ‌് കൃഷ‌്ണൻ, എ  വി രാമകൃഷ‌്ണൻ, കെ രാജ‌്മോഹൻ, ടി കെ രവി   കൈപ്രത്ത‌് കൃഷ‌്ണൻ നമ്പ്യാർ, കെ രമേശൻ, സുരേഷ‌് പുതിയടത്ത‌്, പി പി രാജു, മെയ‌്തീൻകുഞ്ഞി കളനാട‌്, മാട്ടുമ്മൽ ഹസൻ, ജോസഫ‌് വടകര, , ജോൺ എൈമൻ, കെ വി കൃഷ‌്ണൻ, കെ കുഞ്ഞിരാമൻനായർ, നന്ദകുമാർ വെള്ളരിക്കുണ്ട‌് തുടങ്ങിയവർ സംബന്ധിച്ചു.
പ്രധാന വാർത്തകൾ
 Top