പിലിക്കോട്
റവന്യു ജില്ല സ്കൂള്‍ കായികമേളയുടെ ആദ്യ ദിനത്തിൽ ചെറുവത്തൂർ മുന്നിൽ.
പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ തിങ്കളാഴ്ച ആരംഭിച്ച മേളയിൽ 31 ഇനങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്റ് നേടി ചെറുവത്തൂരും 55 പോയിന്റുമായി ചിറ്റാരിക്കാലും മുന്നേറ്റം തുടരുന്നു.
47 പോയിന്റോടെ കാസർക്കോട് മൂന്നാം സ്ഥാനത്തുണ്ട്. ആറ് സ്വർണവും നാല് വെള്ളിയും ഒരു വെങ്കല മെഡലും സ്വന്തമാക്കി 43 പോയിന്റ് നേടിയ ചീമേനി ഗവ: ഹയർ സെക്കൻഡറിയുടെ ചിറകിലേറിയാണ് ചെറുവത്തൂർ സബ്ജില്ല കുതിപ്പ് തുടരുന്നത്. മൂന്ന് സ്വർണവും രണ്ട് വെങ്കലവും നേടി 17 പോയിന്റ് കരസ്ഥമാക്കിയ മാലോത്ത് കസബ ഹയർ സെക്കണ്ടറിയാണ് ചിറ്റാരിക്കാലിനെ രണ്ടാം സ്ഥാനത്ത്ഉറപ്പിച്ചത്.
74 ഇനങ്ങളിലാണ് മത്സരം. ഏഴു ഉപജില്ലകളില്‍ നിന്നുള്ള 2500 കായിക പ്രതിഭകള്‍ പങ്കെടുക്കുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ പതാകയുയര്‍ത്തി. ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ശൈലജ, കെ ദാമോദരൻ, ദിലീപ്, മനോജ്, കെ ജി സനൽ ഷാ, വി പി രാജീവൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനത്തില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ സമ്മാനം വിതരണം ചെയ്യും.
41 ഇനങ്ങൾ പൂർത്തിയായപ്പോൾ ചെറുവത്തൂർ 91, ചിറ്റാരിക്കാൽ 77, കാസർകോട് 60 എന്നിങ്ങനെയാണ് പോയിന്റ് നില. ജിഎച്ച്എസ് ചീമേനി 51, സെന്റ് ജോൻസ് പാലാവയൽ 23 , മാലോത്ത് കസബ ജിഎച്ച്എസ്എസ് 20 പോയിന്റ് എന്നിങ്ങനെ മുന്നിട്ടു നിൽക്കുന്നു.