13 December Friday
പൊലീസ്‌ അക്ഷയപാത്രം നാളെ മുതൽ

അശരണർക്ക്‌ ഭക്ഷണമൊരുക്കി കാസർകോട്‌ പൊലീസ്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2019
കാസർകോട് 
നഗരത്തിലെത്തുന്ന അശരണർക്ക്‌ സൗജന്യമായി ഭക്ഷണമൊരുക്കി കാസർകോട്‌ പൊലീസ്‌. ഭക്ഷണം കഴിക്കാൻ പണമില്ലെന്നോർത്ത് നഗരത്തിൽ ഇനിയാരുമുണ്ടാകരുതെന്ന ദൃഢനിശ്ചയമാണ്‌ പൊലീസിനുള്ളതെന്ന്‌ ഡിവൈഎസ്‌പി പി പി സദാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്‌ ടൗൺ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കയറുന്ന റോഡിന്റെ ഇടതുഭാഗത്തായാണ്‌ ഭക്ഷണം ഒരുക്കിവയ്‌ക്കുക. ഇവിടെയുള്ള ഫുഡ് ചില്ലറിൽനിന്നും ആർക്കും എടുത്തുകഴിക്കാം. 
സന്നദ്ധ സംഘടനകളുടെയും ഹോട്ടലുടമകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കാസർകോട് ടൗൺ പൊലീസിന്റെ നേതൃത്വത്തിലാണ് ഒരു നേരം വയറുനിറയ്‌ക്കാൻ വകതേടുന്നവർക്കായി ഭക്ഷണമൊരുക്കുന്ന "പൊലീസ്‌ അക്ഷയപാത്രം' പദ്ധതി ആരംഭിക്കുന്നത്. പ്രധാനമായും ഉച്ചഭക്ഷണമാണ് ഇവിടെ ഒരുക്കുന്നത്. വടകരയിലും കണ്ണൂരിലും കോഴിക്കോട് സിറ്റിയിലും "അക്ഷയപാത്രം' വിജയകരമായി നടപ്പാക്കിയ ശേഷമാണ്‌ ഡിവൈഎസ്‌പി പി പി സദാനന്ദൻ കാസർകോട്ടും പദ്ധതിയുമായെത്തിയത്‌.
പൊലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയും വാട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചാണ്‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്‌.വിശക്കുന്ന ആർക്കും ഇവിടെ നിന്നും ഭക്ഷണം എടുത്തുകഴിക്കാം. 50 പേർക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഇവിടം സിസിടിവി നിരീക്ഷണത്തിലായിരിക്കും. മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണം നൽകില്ല. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവരെ കണ്ടെത്തി അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള ശ്രമവും പൊലീസ്‌ നടത്തും. അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണം സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ പൊലീസിനെ അറിയിക്കണമെന്നും പദ്ധതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.  
അക്ഷയപാത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് കണ്ണൂർ റെയിഞ്ച് ഡിഐജി കെ സേതുരാമൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കാസർകോട്‌ സിഐ സി എ അബ്ദുൾറഹീമും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top