കാസർകോട്
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങി പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
വീട് വൃത്തിയാക്കാൻ പോകുന്നവർ കൈയ്യുറയും മറ്റ് വ്യക്തി സുരക്ഷാ മാർഗങ്ങളും അവലംബിക്കണം. വെള്ളം ഇറങ്ങിയതിനു ശേഷം വീട് വൃത്തിയാക്കാൻ ഏറ്റവും നല്ല മാർഗം ക്ലോറിനേഷനാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനി (10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 2/3 സ്പൂൺ ടിറ്റർജെന്റ് പൗഡറും) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റു കക്ക അല്ലെങ്കിൽ കുമ്മായം (ഒരു കിലോഗ്രാം നീറ്റുകക്കയിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ) ഉപയോഗിക്കാം.കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷൻ (1000 ലിറ്റർ വെള്ളത്തിൽ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ) നടത്തി ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുക. 20 മിനിറ്റ് തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.പനി, പനിയോടൊപ്പം തടിപ്പുകൾ, തിണർപ്പുകൾ, വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടായാൽ ചികിത്സ ഉറപ്പാക്കുക. ക്ലീൻ ചെയ്യാത്ത വീടുകളിൽ രാത്രിയിൽ പോകരുത്. വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടു പോകരുത്. വീടിനകത്ത് പ്രവേശിക്കുന്നതിനു മുമ്പ് മെയിൻ സ്വിച്ച് ഓഫാക്കി വൈദ്യുതബന്ധം വിഛേദിക്കണം. വീടിനകത്ത് കയറിയാൽ ഉടൻ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുക. ലൈറ്റർ, മെഴുക് തിരി, സിഗരറ്റ് എന്നിവ ഉപയോഗിക്കരുത്. വീട്ടുപരിസരത്ത് പക്ഷി-മൃഗാദികളുടെ ശവശരീരങ്ങൾ ഉണ്ടെങ്കിൽ തൊടരുത്. വീടിനകത്ത് ഇഴ ജന്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പാമ്പുകടിയേറ്റാൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക. വീട്ടിലുള്ള മലിനമായ ഭക്ഷണ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ ബ്ലീച്ചിംഗ് പൗഡർ ലായനിയിൽ വൃത്തിയായി കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..