04 June Thursday
കലക്ടറേറ്റിലേക്ക്‌ 30ന്‌ കർഷക മാർച്ച്‌

കവുങ്ങ്‌ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ്‌ വേണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കവുങ്ങ്‌ കർഷക സമരപ്രഖ്യാപന കൺവൻഷൻ കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

ഉൽപാദത്തിലെ ഗണ്യമായ കുറവ്‌ കാരണം പ്രതിസന്ധിയിലായ ജില്ലയിലെ കവുങ്ങ്‌ കർഷകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന്‌ കർഷകസംഘം നേതൃത്വത്തിൽ ചേർന്ന കവുങ്ങ്‌ കർഷക സമരപ്രഖ്യാപന കൺവൻഷൻ കേന്ദ്ര‐ സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടു. വേനലിലുണ്ടായ ശക്തമായ വരൾച്ചയിൽ ജില്ലയിലെ 70 ശതമാനത്തോളം കവുങ്ങളുകളും ഉണങ്ങി നശിച്ചു. ഉള്ളവയിലാകട്ടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞു. ഇതിൽനിന്ന്‌ കിട്ടുന്ന വരുമാനത്തേക്കാളേറെ ഉൽപാദന ചെലവുണ്ടാകുന്നതിനാൽ മിക്ക കർഷകരും ആത്മഹത്യയുടെ വക്കിലാണ്‌. ബാങ്കുകളിൽനിന്ന്‌ പലിശയ്‌ക്ക്‌ പണം വായ്‌പയെടുത്തും മറ്റുമാണ്‌ മിക്കവരും കൃഷി നിലനിർത്തിയിരുന്നത്‌. നിലവിലെ സാഹചര്യത്തിൽ രോഗം വന്ന കവുങ്ങുകൾക്ക്‌ മരുന്ന്‌ തളിക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്‌. രണ്ടേക്കർ കവുങ്ങ്‌ കൃഷിയുണ്ടായിരുന്നത്‌ മഹാളി രോഗം ബാധിച്ചും ഉണങ്ങിയും അരയേക്കറിൽ താഴെയായി മാറി. 
ജില്ലയുടെ വടക്കൻ മേഖലയിലാണ്‌ ഏറ്റവും കൂടുതൽ കവുങ്ങ്‌ കർഷകരുള്ളത്‌. 80 ശതമാനം കൃഷിയുമുള്ളത്‌ വോർക്കാടി, മീഞ്ച, മംഗൽപാടി, ബദിയടുക്ക, കുമ്പഡാജെ, കാറഡുക്ക, ബെള്ളൂർ, ബേഡകം, കയ്യൂർ‐ ചീമേനി പഞ്ചായത്തുകളിലാണ്. കഴിഞ്ഞവർഷത്തെ കനത്ത മഴയും കൃഷിയെ സാരമായി ബാധിച്ചു. ഇത്‌ ഉൽപാദനത്തിൽ 45 ശതമാനത്തോളം കുറവ്‌ വന്നതിനെ തുടർന്ന്‌ 500 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്‌. കവുങ്ങളുകളുടെ മുകൾഭാഗം കരിഞ്ഞുണങ്ങുന്ന രോഗവും കൂടിയായതോടെ കടുത്ത പ്രതിസന്ധിയാണ്‌ കർഷകർ നേരിടുന്നത്‌. 
കവുങ്ങ്‌ കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാനും കൃഷി നഷ്ടമുൾപ്പെടെയുള്ള കൃത്യമായ വിവരശേഖരണം നടത്താനും കൃഷിവകുപ്പ്‌ അടിയന്തരമായി ഇടപെടേണ്ടതുണ്ട്‌. കൃഷിഭവനുകൾക്ക്‌ ചുമതല നൽകി എത്രയും പെട്ടെന്ന്‌ ഇക്കാര്യം പൂർത്തിയാക്കി കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടിയുണ്ടാകണം. കൃഷി നശിച്ച കർഷകർക്ക്‌ തുടർകൃഷി ചെയ്യാനാവശ്യമായ തൈകൾ കൃഷിഭവനിലൂടെയും ഫാമുകളിലൂടെയും സൗജന്യനിരക്കിൽ വിതരണം ചെയ്യണം.  
കർഷകർക്ക്‌ തുണയായി സംസ്ഥാന സർക്കാർ "കവുങ്ങ്‌ കർഷക പാക്കേജി'ലൂടെ രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. ഇത്‌ താൽകാലിക ആശ്വാസം മാത്രമേ പകരുകയുള്ളൂവെന്നതാണ്‌ യാഥാർഥ്യം. ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും കവുങ്ങ്‌ കർഷകർക്കായി ചെറുവിരലനക്കിയില്ല. രാജ്യത്തിന്‌ മാതൃകയായി മികച്ച രീതിയിൽ കവുങ്ങ്‌ കൃഷിയെ പരിപാലിക്കുന്നവരാണ്‌ ജില്ലയിലെ കർഷകർ. അതിനാൽതന്നെ മുഴുവൻ കവുങ്ങ്‌ കർഷകരെയും സംരക്ഷിക്കുന്നതിനായി അടക്ക കൃഷിക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന ആവശ്യമുയർത്തി 30ന്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്താനും സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു. രാവിലെ പത്തിന്‌ ഗവ. കോളേജ്‌ പരിസരത്തുനിന്ന്‌ മാർച്ച്‌ ആരംഭിക്കും. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
കാസർകോട്‌ മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷൻ കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ പി ജനാർദനൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എം വി കോമൻ നമ്പ്യാർ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top