17 October Thursday
അജാനൂർ മീൻപിടിത്ത തുറമുഖം

ബ്രേക്ക‌് വാട്ടർ നിർമിക്കണം: വിദഗ‌്ധസംഘം

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
കാഞ്ഞങ്ങാട‌്
ചിത്താരിപ്പുഴയുടെ അഴിമുഖം ഏകദേശം ഒന്നര കിലോമീറ്റർ മാറി വരുന്നതായി പുണെയിൽനിന്ന‌് വന്ന വിദഗ‌്ധസംഘം കണ്ടെത്തി. അത‌് ചിലപ്പോൾ തെക്കോട്ടോ വടക്കോട്ടോ  മധ്യത്തിലോ ആകാം. ഇതിനിടയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ ഉറക്കുന്ന വിധത്തിൽ രണ്ട‌്  ബ്രേക്ക‌് വാട്ടർ നിർമിക്കണം. അതിനിടയിൽകൂടി മീൻപിടിത്തബോട്ടുകൾക്ക‌് ഉള്ളിൽ വന്ന‌് മീനാപ്പീസ‌് കടപ്പുറത്തെ ഇപ്പോഴത്തെ ഫിഷ‌് ലാൻഡിങ‌്സെന്ററിൽ  മീൻ കരക്കടുപ്പിക്കാവും. പിന്നീട‌്  വലിയ ഹാർബർ ഉണ്ടാക്കുന്ന കാലത്ത‌് ഇതിൽ ഏതെങ്കിലും ഒരു ബ്രേക്ക‌് വാട്ടർ നീളം  കൂട്ടി പുനർനിർമിക്കാനാകും. നിലവിലുള്ള 30 കോടിയുടെ പദ്ധതി ഭാവിയിൽ വികസിപ്പിക്കാൻ കഴിയുന്ന തരത്തിലാകും നടപ്പാക്കുക. സർക്കാരിന‌് നഷ്ടം ഉണ്ടാകാത്തവിധത്തിലുള്ള മുൻകരുതൽ നടപടികളും ഉണ്ടാകും ‐- സംഘം അഭിപ്രായപ്പെട്ടു. 
അജാനൂർ നിവാസികളുടെ ദീർഘകാലാഭിലാഷമായ ലാൻഡിങ‌് സംബന്ധിച്ച വിശദ പഠന റിപ്പോർട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ വഴി മാറുന്നതിന്റെ സൂചനയാണ‌് സന്ദർശനത്തിലുണ്ടായ‌ത‌്. മൺസൂൺ കാലത്തെ വേലിയേറ്റവും വേലിയിറക്കവും തിരമാലകളുടെ ഗതിവേഗവും ചലനവും പഠിക്കുന്നതിനാണ‌് സെന്റർ വാട്ടർ ആൻഡ‌് പവർ റിസർച്ച‌് സ‌്റ്റേഷൻ(സിഡബ്ല്യുപിആർഎസ‌്)പൂണെയിലെ ശാസ‌്ത്രജ്ഞർ  അജാനൂർ ഫിഷിങ‌് ഹാർബറിൽ എത്തിയത‌്‌.  കഴിഞ്ഞ മാസം ബേപ്പൂരിൽനിന്നുള്ള സംഘം ഇവിടം സന്ദർശിച്ചിരുന്നു. . ബുധനാഴ‌്ച  കാസർകോട‌് മാപ്പിളബേ സന്ദർശിച്ചിരുന്നു. സെന്റർ വാട്ടർ ആൻഡ‌് പവർ റിസർച്ച‌് സ‌്റ്റേഷൻ(സിഡബ്ല്യുപിആർഎസ‌്)പുണെയിലെ ഡോ. പ്രഭാത‌് ചന്ദ്ര, ഹൃദയപ്രകാശ‌്, എ ബി പർദേശി, എസ‌്എസ‌് ചവാൻ, ബി എൽ മീണ എന്നിവരാണ‌് സംഘത്തിലുണ്ടായത‌്. അജാനൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് പി ദാമോദരൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ, വാർഡ‌് മെമ്പർമാരായ ഷീബ, പാർവതി,  എ ഹമീദ‌്ഹാജി എന്നിവരും സംഘത്തോടൊപ്പമുണ്ടായി. 
രണ്ട് വർഷം മുമ്പ്  സെൻട്രൽ വാട്ടർ പവർ റിസർച്ച് സെന്റർ നടത്തിയ പഠന റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയ സാങ്കേതിക പ്രശ്നങ്ങളാണ‌് അജാനൂർ ഹാർബറിന‌് തടസ്സമായത‌്. ഒരു വർഷം മുമ്പേ ഹാർബറിനെ സംബന്ധിച്ച ഫൈനൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ ചിത്താരിപ്പുഴയുടെ അഴിമുഖം തെക്കോട്ട് മാറി അഴിമുഖം മണൽ അടിഞ്ഞ് തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ‌് റിപ്പോർട്ടിലെ ഉള്ളടക്കം.  ഇത് ഹാർബറിന് തടസ്സമാകുമെന്നാണ് കണ്ടെത്തൽ. കടൽ തീരത്ത് ചിത്താരിപ്പുഴയുടെ അഴിമുഖത്തോട് ചേർന്നാണ് ഹാർബർ.  റിപ്പോർട്ട് സംബന്ധിച്ച് ഒരു വർഷം മുമ്പ് ഫിഷറീസ് ‐ റവന്യൂ മന്ത്രിമാരും ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന  യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. അജാനൂർ ഫിഷിങ‌് ഹാർബർ നിർമാണത്തിന്റെ ഭാഗമായി ബേപ്പൂർ ഹാർബർ എൻജിനിയറിങ‌് വിഭാഗത്തിലെ അസിസ്റ്റന്റ‌് എക്സിക്യുട്ടിവ് എൻജിനിയർ ജയദീപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ‌്ച  അജാനൂരിലെത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ‌്  സന്ദർശനം.
പ്രധാന വാർത്തകൾ
 Top