25 January Monday

കാഞ്ഞങ്ങാട് ‐ - പാണത്തൂര്‍ സംസ്ഥാന പാത വികസനം 75.70 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് കൈമാറി

എ കെ രാജേന്ദ്രന്‍Updated: Wednesday Jun 12, 2019
രാജപുരം
കാഞ്ഞങ്ങാട്‐ - പാണത്തൂർ സംസ്ഥാന പാത വികസനം 75.70 കോടി രൂപയുടെ  പദ്ധതി  ധനകാര്യ വകുപ്പ് അംഗീകരിച്ച് കിഫ്ബിക്ക് കൈമാറി. രണ്ട് മാസത്തിനകം ടെൻഡർ നടപടി ആരംഭിക്കും. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യമായ  കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതൽ പാണത്തൂർ ചെറംകടവ് വരെയുള്ള 18 കിലോമീറ്റർ പാത  മെക്കാഡം ടാർ ചെയ്യുന്നതിന് ഈ സർക്കാറിന്റെ ആരംഭഘട്ടത്തിൽ തന്നെ  കിഫ്ബിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി  തിരുവനന്തപുരത്തെ  ആർടിഎഫ് ഇൻഫ്ര കമ്പനി  ഒരു മാസത്തെ സർവ്വേ  പൂർത്തിയാക്കി  റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചതിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാന പാത വികസനത്തിനായി  75.70 കോടി രൂപ ചിലവ് വരുമെന്ന് കണ്ടെത്തിയിരുന്നു ഇതേ തുടർന്ന് ധനകാര്യ വകുപ്പ് ഈ പദ്ധതി അംഗീകരിച്ച് കിഫ്ബിക്ക് തുടർ നടപടിക്കായി കൈമാറി. നിലവിലുള്ള വളവുകളും കയറ്റങ്ങളും പരമാവധി കുറച്ചുകൊണ്ടുള്ള  മെക്കാഡം ടാറിങ് നടത്തുന്ന പദ്ധതിയിൽ മലയോര ടൗണുകളുടെ, സമഗ്ര വികസനത്തിനും, നവീകരണത്തിനും ഉതകുന്ന നിലയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി വളവുകളിൽ 16 മീറ്ററും മറ്റ് സ്ഥലങ്ങളിലും 12 മീറ്റാർ വീതിയിലാണ് വികസന പ്രവർത്തനം. അതു കൊണ്ട് റോഡിന്റെ ദൈർഘ്യം കുറക്കാൻ കഴിയുമെന്നും സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടൗൺ മേഖലയിൽ  രണ്ടുവരി പാതയായിരിക്കും. 
സർക്കാറിന് സമർപ്പിച്ച പദ്ധതി രൂപരേഖയിൽ  റോഡ് പുറംപോക്ക് സ്ഥലം 1929 എഫ്എംപി പ്രകാരം അളന്ന് അതിർത്തി നിർണ്ണയിച്ച് എർത്ത് വർക്കുകൾ പൂർത്തികരിച്ച് ഭാവി റോഡ് വികസനത്തിന് തടസ്സമാകാത്ത നിലയിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനും, പൂടംകല്ല്, രാജപുരം, വണ്ണാത്തിക്കാനം, കള്ളാർ, മാലക്കല്ല്, കോളിച്ചാൽ, ചെറുപനത്തടി, പനത്തടി, ബളാംതോട്, അരിപ്രോഡ്, മാവുങ്കാൽ, ചെറംകടവ് ടൗണുകൾ ബ്‌സ് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ,  അപകടമേഖലകളിൽ ഹാൻഡ് റെയിൽ, പനത്തടിയിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, കംഫർട്ട്‌സ്റ്റേഷനുകൾ, എല്ലാ ടൗണുകളിലും ടാക്‌സി - ഓട്ടോ സ്റ്റാന്റുകൾ, സ്‌കൂളുകൾ ഉള്ള രാജപുരം, കള്ളാർ, മാലക്കല്ല്, പനത്തടി, ചെറംകടവ് ടൗണുകളിൽ സ്റ്റുഡന്റ്‌സ് പാസ്സിംഗ് വേകൾ, ഡ്രൈനേജ് സ്‌ളാബുകൾ വരെ ടൈൽസ്, വലുപ്പത്തിലും, ആഴത്തിലുമുള്ള ഡ്രൈനേജുകൾ എന്നി രീതിയിലാണ് പദ്ധതി രൂപ കല്പന ചെയ്തിരിക്കുന്നത് നിലവിൽ 30 മുതൽ 35 മീറ്റർ വരെ റോഡ് പുറമ്പോക്ക്  ഉള്ളതിനാൽ  സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല.  സിപിഐ എം പനത്തടി ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ  മന്ത്രി ജി സുധാകരന്  നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബജറ്റിൽ  പണം അനുവദിച്ചത്. തുടർന്ന് മലനാട് വികസനസമിതിയുടെ ശക്തമായ ഇടപ്പെടൽ കൂടിയായതോടെ പദ്ധതി അംഗീകരത്തിന് വോഗതകൂടി. 
കഴിഞ്ഞ വർഷം സംസ്ഥാന പാതയിൽ എഴാംമൈൽ മുതൽ പൂടംങ്കല്ല് വരെയുള്ള ഭാഗം പൂർണ്ണമായും മെക്കാഡം ടാറിങ് ചെയ്തിരുന്നു. ബാക്കി വരുന്ന  കിലോമീറ്റർ 24 മുതൽ 42 വരെയുള്ള ഭാഗമാണ് പുതിയതായി മെക്കാഡം ടാറിങ് ചെയ്യുന്നതിനുള്ള നടപടി പുരോഗിമിക്കുന്നത്.  വികസന പിന്നോക്കവസ്ഥയ്ക്ക് പരിഹാരമായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാറിയതോടെ മലയോരത്തിന്റെ മുഖഛായ മാറുന്ന വിധത്തിലാണ് വികസനപ്രവർത്തനം അതിവഗത്തിൽ നടക്കുന്നത്. 
ജൂണിൽ തന്നെ   കിഫ്ബി പദ്ധതി അംഗീകരിച്ച് ആഗസ്ത് മാസത്തോടെ ടെന്റർ നടപടി പൂർത്തിയാക്കി  നവംബർ മാസത്തോടെ പ്രവർത്തനാനുമാതി കൊടുക്കുവാൻ കഴിയും കഴിയുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.  പൂടംങ്കല്ല് മുതൽ പാണത്തൂർ വരെയുള്ള പണി കൂടി പൂർത്തിയായാൽ  41 കിലോമീറ്റർ റോഡ് പൂർണമായും മെക്കാഡം റോഡാകും. ഇതോടെപ്പം കൊട്ടോടി - കുറ്റിക്കോൽ   - കുടംബൂർ , കള്ളാർ - മരുതോംതട്ട്, മാലക്കല്ല് - പൂക്കയം - ആനക്കല്ല്, ബളാംതോട് - ബന്തടുക്ക, പനത്തടി - റാണിപുരം ് എന്നീ റോഡുകളുടെ വികസനത്തിന് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്താനുള്ള പദ്ധതിയും പൊതുമരാമത്ത് തയ്യാറാക്കി അനുമതിക്കായി അയച്ചിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top