27 May Monday
നെക്രാജെ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്‌

കോൺഗ്രസ്‌ നേതാവിനെതിരെ അന്വേഷണം

കെ സി ലൈജുമോൻUpdated: Tuesday Feb 12, 2019
കാസർകോട്‌
ബാങ്കിൽ സാമ്പത്തിക ക്രമക്കേട്‌ നടത്തിയതിന്‌ കോൺഗ്രസ്‌ നേതാവിനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌. 
കോൺഗ്രസ്‌ ചെങ്കള മണ്ഡലം ജനറൽ സെക്രട്ടറിയും നെക്രാജെ സർവീസ്‌ സഹകരണ ബാങ്ക്‌ നാരമ്പാടി ഈവനിങ്‌ ബ്രാഞ്ച്‌ മാനേജരുമായ ഷാഫി ചൂരിപ്പള്ളത്തിനെതിരെയാണ്‌ അന്വേഷണം. ഇയാൾ ബാങ്ക്‌ ഇടപാടുകളിലൂടെ വൻ സാമ്പത്തിക ക്രമക്കേട്‌ നടത്തിയെന്ന പരാതികളെ തുടർന്ന്‌ യൂണിറ്റ്‌ ഇൻസ്‌പെക്ടർ നടത്തിയ ആകസ്‌മിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന്‌ ബോധ്യപ്പെട്ടു. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന്‌ വിശദമായ അന്വേഷണം നടത്താൻ ഉത്തരവ്‌. തുടർന്ന്‌ സഹകരണ സംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർക്ക്‌ (ജനറൽ) റിപ്പോർട്ട്‌ നൽകിയിരുന്നു.  അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ നൽകിയ കത്തിന്റെയടിസ്ഥാനത്തിൽ ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാറാർ (ജനറൽ) വി മുഹമ്മദ്‌ നൗഷാദാണ്‌ ഷാഫിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.നാരമ്പാടി ബ്രാഞ്ചിൽ അംഗങ്ങൾ ചെക്ക്‌ കളക്‌ഷന്‌ നൽകുമ്പോൾതന്നെ ഷാഫി തുക നിക്ഷേപകന്‌ നൽകുന്നതായും ചെക്ക്‌ ഇടപാടിൽ ബാങ്കിന്റെ തുക ദുരുപയോഗം ചെയ്‌തതായും യൂണിറ്റ്‌ ഇൻസ്‌പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാങ്കിലെ അറ്റൻഡർ നിയമനത്തിലും  ഇയാൾ അവിഹിത ഇടപാടുകൾ നടത്തിയതായി ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. 
2017‐ 18, 2018‐ 19 സാമ്പത്തിക വർഷത്തിൽ നടത്തിയ മുഴുവൻ ചെക്ക്‌ കളക്‌ഷൻ ഇടപാടുകൾ സംബന്ധിച്ചും ബ്രാഞ്ചിന്റെ പൊതുപ്രവർത്തനം സംബന്ധിച്ചും  കേരള സഹകരണ നിയമം 65‐ാം വകുപ്പ്‌ പ്രകാരം അന്വേഷണം നടത്താനാണ്‌ ഉത്തരവിട്ടത്‌. 
കാസർകോട്‌ താലൂക്ക്‌ ജനറൽ വിഭാഗം സഹകരണ സംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ ഓഫീസിലെ ബദിയടുക്ക യൂണിറ്റ്‌ ഇൻസ്‌പെക്ടർ കെ നാേഗഷിനാണ്‌ അന്വേഷണ ചുമതല. രണ്ട്‌ മാസത്തിനകം അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാറി (ജനറൽ)ന്റെ ഉത്തരവിലുണ്ട്‌.മുട്ടത്തോടി സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനായ യൂത്ത്‌ കോൺഗ്രസ‌് നിയോജക മണ്ഡലം പ്രസിഡന്റിനെതിരായി വനിതാ ജീവനക്കാരി പരാതി നൽകിയതിന്‌ പിന്നാലെ ഇയാളെ സസ്‌പെൻഡ്‌ ചെയ്‌തത്‌ ഒരാഴ്‌ച മുമ്പാണ്‌. ഇതിനുപിന്നാലെ മണ്ഡലം പ്രസിഡന്റിനെതിരെയും അന്വേഷണം നടക്കുന്നത്‌ കോൺഗ്രസ്‌ നേതൃത്വത്തിന‌് തലവേദനയായി.
പ്രധാന വാർത്തകൾ
 Top