18 February Monday

വൻകരകൾ കടന്ന‌് സന്തോഷിന്റെ ചിത്രപ്പെരുമ

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019

സന്തോഷ്‌ പള്ളിക്കര ചിത്രരചനയിൽ

കാഞ്ഞങ്ങാട‌്     
ജില്ലയുടെ ചിത്രപ്പെരുമ വൻകരകൾക്കപ്പുറം അറിയിക്കാൻ നീലേശ്വരത്തുകാരനും. യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാട്ടർകളർ ആർട്ടിസ്റ്റ്‌സ് ബുക്കിൽ 39 രാജ്യങ്ങളിലെ കലാകാരന്മാർക്കൊപ്പം  ഇന്ത്യയിൽനിന്നു നീലേശ്വരം സ്വദേശിയും. പ്രശസ്ത ചിത്രകാരി കൊറാലി ബർച്ച് എഡിറ്ററായ വാട്ടർകളർ ആർട്ടിസ്റ്റ്‌സ് ബുക്കിലാണ് നീലേശ്വരം പള്ളിക്കരയിലെ സന്തോഷ് പള്ളിക്കരയും അംഗമായിട്ടുള്ളത്. 
യുഎസ്, ഫ്രാൻസ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ്, യുഎസ്എ, സൗത്താഫ്രിക്ക, ജർമനി, മെക്‌സികോ, ഇറ്റലി, ഹോങ്കോങ‌്, മലേഷ്യ, സെർബിയ, ചൈന, തായ്‌വാൻ, ചെക്കോസ്ലോവാക്യ, ഡെൻമാർക്ക്, ഘാന, നൈജീരിയ, ഹോളണ്ട്, ബംഗ്ലാദേശ്, ഇറാൻ, ടെർക്കി, മ്യാൻമാർ, ഗ്രീസ്, കാനഡ, സ്‌പെയിൻ, ഉറുഗ്വേ, ഇറ്റലി  തുടങ്ങിയ 39 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 48 കലാകാരന്മാർക്കൊപ്പമാണ് ആർട്ടിസ്റ്റ്‌സ് ബുക്കിൽ സന്തോഷിന്റെ നാലു ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.  ഇനിയുള്ള ലക്കങ്ങളിലും സന്തോഷിന്റെ ചിത്രങ്ങൾ ഇടം നേടും. വളർന്നു വരുന്ന കുട്ടികളിൽ ജലച്ഛായത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്  ബുക്ക് പ്രസിദ്ധീകരിക്കുന്നത്.  
നീലേശ്വരത്തെ കെ വി ഭാസ്‌കരനിൽനിന്നു ചിത്രരചനയുടെ ബാലപാഠം അഭ്യസിച്ച  സന്തോഷ് പിന്നീട് ശ്യാമശശിയുടെ കീഴിൽ ജലഛായ ചിത്രങ്ങളിൽ പ്രാവീണ്യം നേടി. കണ്ണൂർ ബ്രഷ്മാനിൽ നിന്നും ചിത്രരചനയിൽ ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ സൗദി അറേബ്യയിൽ ഫ്രാൻസ് ഇൻഡീരിയൽ ഡക്കറേഷൻ കമ്പനിയിലെ ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. പള്ളിക്കര കറുത്തഗേറ്റില അമ്പാടി-യുടെയും മാധവിയുടെയും  മകനാണ് സന്തോഷ്. ഭാര്യ: ഷൈമ. മകൻ: വചസ്.
പ്രധാന വാർത്തകൾ
 Top