17 September Tuesday

ഇടപെടൽ ഫലിച്ചു ആഹ്ലാദനിറവിൽ ഓണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഉത്രാടപ്പാച്ചിൽ: ഓണത്തിന്‌ സാധനങ്ങൾ വാങ്ങാൻ കാഞ്ഞങ്ങാട്‌ നഗരത്തിലെത്തിയവരുടെ തിരക്ക്‌.

കാഞ്ഞങ്ങാട‌്
ഓണക്കാലത്ത്‌  അവശ്യസാധനങ്ങളുടെ  വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ  നടത്തിയ ഇടപെടൽ ഫലിച്ചു. പ്രളയവാരിധി നീന്തിക്കടന്ന ജനങ്ങൾ തിരുവോണപ്പുലരിയിലേക്ക‌്. പ്രളയം സാരമായി ബാധിച്ച പ്രദേശമായിരുന്നു കാസർകോട്‌. ആയിരക്കണക്കിനാളുകൾക്കാണ്‌ വീട്‌ വിട്ടു ദുരിതാശ്വാസക്യാമ്പുകളിലേക്ക്‌ മാറേണ്ടിവന്നത്‌. എന്നാൽ സർക്കാർ നൽകിയ അകമഴിഞ്ഞ പിന്തുണയിൽ ദുഃഖങ്ങളെല്ലാം മറന്നാണ്‌ ജനങ്ങൾ ഓണം ആഘോഷിച്ചത്‌. പ്രളയത്തിന്റെ പേരിൽ ഒന്നും മാറ്റിവച്ചില്ല.  അവശജനവിഭാഗങ്ങൾക്കെല്ലാം ക്ഷേമ പെൻഷൻ നേരത്തെ എത്തി.ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നൽകി.സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ പച്ചകൊടി കാട്ടിയ ബെൽ–- ഇഎംഎല്ലിൽ പോലും ജീവനക്കാർക്കും   ഓണത്തിന്‌ സഹായം നൽകി.    പട്ടിക വർഗകോളനികളിൽ ഓണകിറ്റുകൾ നൽകി. സഹകരണ സ്ഥാപനങ്ങൾ വഴിയും സപ്ലൈകോ വഴിയും അവശ്യസാധനങ്ങൾ വൻ വിലകുറച്ചു നൽകി. മട്ട അരി കിലോഗ്രാമിന്‌  23രൂപക്കും കുറുവ അരി 24 രൂപക്കുമാണ്‌ നൽകിയത്‌. പഞ്ചസാര22 രൂപക്കും.  ഒരു ലിറ്റർ വെളിച്ചെണ്ണ 92 രൂപക്കുമാണ്‌ നൽകിയത്‌.   
മാവേലി സ‌്റ്റോറുകളിലും സപ്ലൈകോ മാർക്കറ്റുകളിലും കൺസ്യൂമർഫെഡിന്റെ ഓണം വിൽപനകേന്ദ്രങ്ങളിലും നിറഞ്ഞ ചിരിയോടെയാണ്‌ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ എത്തിയത്‌. 
ഇതിന്‌ പുറമേ സിപിഐ എം നേതൃത്വത്തിലും ഡിവൈഎഫ്‌ഐയടക്കമുള്ള സംഘടനകളുടെയും ക്ലബ്ബുകളുടെ നേതൃത്വത്തിൽ പാവങ്ങൾക്ക്‌ പലഭാഗങ്ങളിലും കിറ്റുകൾ നൽകി.   കർഷകരിൽനിന്ന‌്  അധിക വില നൽകി ശേഖരിക്കുന്ന പച്ചക്കറികൾ മുപ്പതു ശതമാനത്തോളം വില കുറച്ചാണ്‌ വിറ്റത്‌.  ഓണത്തിന‌് വിഷരഹിത പച്ചക്കറിയെന്ന സ്വപ്‌നവും ഒരു പരിധിവരെ സാക്ഷാൽക്കരിക്കപ്പെട്ടു. ഓണത്തിന്‌ ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെയും നാടൻ പച്ചക്കറികൾ ചില പ്രദേശങ്ങളിൽ ലഭ്യമാക്കി. കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണിയും നാടു നീളെ തുറന്നു.  കൈത്തറി‐ഖാദി ഉൽപന്നങ്ങളെ പതിവുപോലെ  സർക്കാർ റിബേറ്റ‌് നൽകി പ്രോൽസാഹിപ്പിച്ചു.  സർക്കാർ നടത്തിയ ഇടപെടൽ എല്ലാ മേഖലകളിലും ഉണർവുണ്ടാക്കി.  
 എന്നാൽ ഓണത്തിന‌് എല്ലാവരും ശമ്പളവും ആനുകൂല്യവും വാങ്ങുമ്പോൾ വെറും കൈയുമായി നിൽക്കുന്ന ബിഎസ‌്എൻഎൽ ജീവനക്കാർ നൊമ്പരപ്പെടുത്തുന്ന കാഴ‌്ചയായിരുന്നു.  ആറു മാസമായി ശമ്പളം നിഷേധിക്കപ്പെട്ട അവർക്ക്‌ ഉത്രാടനാളിൽ പട്ടിണി സമരം നടത്തേണ്ടിവന്നു.
 
 
പ്രധാന വാർത്തകൾ
 Top