17 September Tuesday

പടന്നക്കടപ്പുറത്ത് കലയുടെ പൊന്നോണം

പി മഷൂദ്Updated: Wednesday Sep 11, 2019
തൃക്കരിപ്പൂർ
കേരളീയ വേഷമണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടിയ വനിതകൾ, മുറുക്കിയുടുത്ത ചട്ടമുണ്ടണിഞ്ഞ് ബാലികമാർ, കാലിൽ കുലുസണിഞ്ഞു കണ്ണെഴുതി കൈയ്യിൽ മൈലാഞ്ചിയിട്ട മൊഞ്ചത്തിമാരായ അമ്മമാർ. തിങ്ങി നിറഞ്ഞ ആയിരങ്ങൾക്ക് മുന്നിൽ  അവരൊന്നായി നിറഞ്ഞാടിയപ്പോൾ മാലോകരെല്ലാം ഒന്നുപോലെയെന്ന വാക്യം ഓണകാലത്ത്‌ വീണ്ടുമുയർന്നു.  പടന്ന കടപ്പുറം, സാംസ്കാരിക കലാ സമിതി, റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായാണ് വനിതാ വേദിയുടെ വർണാഭമായ കലാപൂരത്തിന് നാട് സാക്ഷിയായത്. 
60 പിന്നിട്ട സിപിഐ എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗവുമായ പി ശ്യാമളയുൾപ്പെടെ 36 അമ്മമാരാണ് മാപ്പിളപ്പാട്ടിന്റെ വരികൾക്കൊത്ത് ചുവട് വെച്ചത്. നിലവിളക്കിന് ചുറ്റും വലയം വെച്ച് 36 വനിതകൾ തിരുവാതിര കളിച്ചപ്പോൾ 20 വിദ്യാർഥികൾ ചടുലമായ മാർഗം കളിയിൽ അണിനിരന്നു. തിരുവാതിരക്കും മാർഗം കളിക്കും പിന്നാലെയാണ് കസവ് മുണ്ടുടുത്ത് അണിഞ്ഞൊരുങ്ങി അമ്മമാർ മാപ്പിളപ്പാട്ടിന്റെ ഇൗരടിയിൽ കൈകൊട്ടി നൃത്തം വെച്ചത്. മൂന്ന് കലകളും സമന്വയിച്ച ദൃശ്യ വിരുന്നിനാണ് കടലോര ദ്വീപ് സാക്ഷിയായത്. ഷിജിത്ത് വൈക്കത്താണ്  മതമൈത്രി കലാരൂപം ചിട്ടപ്പെടുത്തിയത്. 
തീരദേശം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത  ജനപ്രവാഹത്തിനാണ് പടന്നകടപ്പുറം സാക്ഷിയായത്. ഫുട്ബോൾ മൈതാനിയിൽ വൃത്താകൃതിയിൽ ഒരുക്കിയ വേദിക്ക് ചുറ്റും തിങ്ങിയ കാണികൾ ഹർഷാരവത്തോടെ കലാവിരുന്നിനെ വരവേറ്റു.  ഒരു വശത്ത് കടലും കായലും അതിരുടുന്ന വലിയപറമ്പ് ദ്വീപിന്റെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന റെഡ് സ്റ്റാറിന്റെ 33 വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ഒരു മാസം നീണ്ട  ഓണോത്സവം സംഘടിപ്പിച്ചത്‌.  ബുധനാഴ്ച തിരശീല വീഴും. തിരുവോണ നാളിൽ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top