18 September Wednesday

ആധിതോരാതെ പെരുമഴക്കാലം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കാസർകോട്
ജില്ലയിൽ  മൂന്നാം ദിവസവും ശക്തമായ മഴ. ഹൊസ്‌ദുർഗ്‌, വെള്ളരിക്കുണ്ട് താലൂക്കുകളിൽ മഴ കനത്ത നാശ നഷ്ടമുണ്ടാക്കി. പുഴങ്ങൾ കര കവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്‌. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ  ഊർജിതമായി നടക്കുന്നു.വെള്ളം കയറിയ  വീടുകളിൽനിന്ന് ദുരിതബാധിതരെ  ദുരിതാശ്വസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു.  ജില്ലയിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഹോസ്ദുർഗ്,വെള്ളരിക്കുണ്ട് താലൂക്കിലായി 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 726 കുടുംബങ്ങളിലെ 2549 പേരാണ് 19 ക്യാമ്പുകളിലായി കഴിയുന്നത്. ഹൊസ്‌്ദുർഗ് താലൂക്കിൽ 16 ഉം വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ക്യാമ്പുകളാണ്  പ്രവർത്തിക്കുന്നത്.  റവന്യൂ,ഫയർ ഫോഴ്‌സ്,പൊലീസ്‌, തദ്ദേശ സ്വയംഭരണ  പ്രതിനിധികൾ, ഉദ്യോഗസ്ഥർ  എന്നിവർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹൊസ്‌ദുർഗ്‌ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കലക്ടർ  ഡോ. ഡി സജിത് ബാബൂവിന്റെ നേതൃത്വത്തിൽ താൽകാലിക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പൊലീസ്‌ മേധാവി ജെയിംസ് ജോസഫ്,സബ് കലക്ടർ  അരുൺ  കെ വിജയൻ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 
ജില്ലയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെയും 21 വീടുകൾ പൂർണമായും 282 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ രണ്ട് വീടുകൾ പൂർണമായും 31 വീടുകൾ ഭാഗികമായും തകർന്നിരുന്നു.

 

പ്രധാന വാർത്തകൾ
 Top