17 October Thursday

കൃഷി ഭൂമി തരിശിടേണ്ട; സർക്കാർ നെൽകർഷകരെ സഹായിക്കും

പി പി കരുണാകരൻUpdated: Tuesday Jun 11, 2019
കാഞ്ഞങ്ങാട‌്
നഷ്ടത്തിന്റെ പേരിൽ നെൽവയൽ തരിശിടേണ്ട‌.  നെൽകർഷകരെ സർക്കാർ സഹായിക്കും.  വൻ ആനുകല്യങ്ങളാണ‌് നെൽകൃഷിക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത‌്.  
കൃഷിഭവനുകളിൽ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ‌് ആനുകൂല്യങ്ങൾ ലഭിക്കുക. ഇടനിലക്കാരുടെ കൈകളിൽപോകാതെ ആനുകൂല്യം കൃഷിക്കാരന്റെ ബാങ്ക‌് അക്കൗണ്ടിലേക്ക‌് നേരിട്ടെത്തും.   നെൽക്കൃഷിയിലേക്ക് യുവ കർഷകരെയും പരമ്പരാഗത കർഷകരെയും ആകർഷിക്കുന്ന പദ്ധതിയിൽ യുവജന കൂട്ടായ‌്മ, കുടുംബശ്രീ, പുരുഷ സംഘങ്ങൾ, ക്ലബ്ബുകൾ എന്നിവയും മുന്നിട്ടിറങ്ങുന്നു.  തരിശുഭൂമി നെൽക്കൃഷി പദ്ധതിയാണ്  ഏറ്റവും ആകർഷകവും ആദായകരവും.  25,000 രൂപയാണ് ഒരു ഹെക്ടർ  തരിശ് ഭൂമി നെൽകൃഷിക്ക് നൽകുന്നത്. സ്ഥമുടമയ്ക്ക് 5000 രൂപ വേറെയും നൽകും.  കരനെൽ കൃഷിക്ക് 13600 രൂപ  ഹെക്ടറിന് ലഭിക്കും. 
പാരമ്പര്യ നെൽകർഷകർക്ക് ഹെക്ടറിന് 5500 രൂപ സബ്സിഡി നൽകും.  പാടശേഖര സമിതി വഴി ഓരോ പഞ്ചായത്തിലെയും പാടശേഖര സമിതിക്കും നിലം ഒരുക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനും ഹെക്ടറിന് 360 രൂപ വീതം നൽകി വരുന്നു.  നെൽകൃഷി ചെയ്യുന്നവരെ പരമാവധി സംരക്ഷിക്കുകയും സഹായിക്കുകയും  ചെയ്യുക എന്നതാണ‌്  സർക്കാരിന്റെ നയം. 
കൃഷിയിൽനിന്ന‌് അകന്നുപോകന്ന പുതിയ തലമുറയെ തിരിച്ചുകൊണ്ടുവരാനും കേരളത്തിന‌് ആവശ്യമുള്ള അരി ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനും ലക്ഷ്യമിട്ടാണ‌്  പദ്ധതി.   രണ്ട് വർഷം മുമ്പ് ഒരു ഹെക്ടർ നെൽകൃഷിക്ക് പാരമ്പര്യ കർഷകർക്ക്  ലഭിച്ചിരുന്നത് 1500 രൂപയായിരുന്നു. ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അത് 5500 രൂപയാക്കി വർധിപ്പിച്ചു. ഹെക്ടറിന് 17,000 രൂപ ജില്ലാ പഞ്ചായത്ത് വഴി കർഷകർക്ക് ഉഴവുകൂലിയായും ലഭിച്ചു തുടങ്ങി.  
ഏക്കറുകൾ കൃഷി ചെയ്യുന്ന പാരമ്പര്യ കർഷകന് മൂന്നുവർഷം മുമ്പ്  ലഭിച്ചിരുന്നത്  1500 രൂപ. രാഷ്ട്രീയ കൃഷി വികാസ് യോജന വഴി ലഭിച്ചിരുന്ന കേന്ദ്രത്തിന്റെ 3000 രൂപയും നിലച്ചിട്ട് വർഷം നാലായി. പാരമ്പര്യ കൃഷി  പ്രോത്സാഹിപ്പിക്കാൻ നൂതന പദ്ധതികൾ വേണമെന്നാണ‌് കൃഷിക്കാരുടെ ആവശ്യം. കൂലിയും കൃഷിച്ചെലവും താങ്ങാൻ പറ്റാത്തവിധം വർധിച്ചതിനാൽ  നെൽകൃഷി നഷ്ടത്തിലാകുന്ന  സാഹചര്യത്തിലാണ് ഇടത് സർക്കാരിന്റെ ആസൂത്രിത നടപടികൾ കൃഷിക്കാരന‌് കരുത്ത് നൽകുന്നത്.
പ്രധാന വാർത്തകൾ
 Top