23 March Saturday

കൂട്ടായ്‌മയിൽ വിത്തിട്ടു കര നെൽകൃഷിയെ പുണർന്ന്‌ ആയമ്പാറ

സ്വന്തം ലേഖകൻUpdated: Monday Jun 11, 2018

ആയമ്പാറ കൃഷയിടത്തിൽ കൈരളി ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രവർത്തകർ

കാഞ്ഞങ്ങാട് 
പൊന്നോണത്തിനു പുത്തരിയുണ്ണാന്‍  കരനെൽ കൃഷിയിറക്കി ആയമ്പാറ ഗ്രാമം . തരിശിട്ട നെൽപാടങ്ങളില്‍ കതിരണിയിക്കാന്‍ നാടൊന്നാകെ മുന്നോട്ടുവന്നതില്‍ ആവേശഭരിതരായ  പെരിയ ആയമ്പാറ കൈരളി ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് പുല്ലുര്‍ ‐ പെരിയ കൃഷിഭവന്റെ സഹകരണത്തോടെ നാലു ഏക്കര്‍ തരിശിട്ട കരഭൂമിയില്‍ കൃഷിയിറക്കിയത്‌.  
മുന്‍പഞ്ചായത്ത് വൈസ്‌ പ്രസിഡന്റും കര്‍ഷകസംഘം പെരിയ വില്ലേജ് സെക്രട്ടിയുമായ ക്ലബ്ബിന്റെ  പ്രസിഡന്റ് എം മോഹനന്‍ സെക്രട്ടറി ഷാജീവന്‍എന്നിവരുടെ നേതൃത്വത്തിൽ  ക്ലബ്ബ് അംഗങ്ങളായ 22 കര്‍ഷകരടങ്ങിയ സംഘമാണ്  കരനെല്‍കൃഷിയില്‍ പങ്കാളികളാവുന്നത്. പുനംകൃഷിയും വയല്‍കൃഷിയും നടത്തി പാരമ്പര്യമുള്ളവരാണ്‌   ഇവരുടെ പൂർവികർ.  കരനെല്‍കൃഷിയെകുറിച്ച് ലഭ്യമായ വിവരങ്ങള്‍ മനസിലാക്കി തികച്ചും ശാസ്ത്രീയമായ ജൈവ കരനെല്‍കൃഷി തന്നെയാണ് ഇവരുടെ ലക്ഷ്യം. നെല്‍കൃഷിയുടെ അനന്ത സാധ്യതകളും കൃഷിവകുപ്പിന്റെ സഹായങ്ങളുമായി കൃഷി ഓഫീസര്‍ പ്രമോദും പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് പി കൃഷ്ണനും രംഗത്തുവന്നതോടെ യുവ കര്‍ഷകരുടെ ആത്മവിശ്വാസം പതിന്മടങ്ങായി.  നാലു ഏക്കർ കരഭൂമി നേരത്തെ  ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉഴുതുമറിച്ച് മുതിര കൃഷി ചെയ്‌തിരുന്നു. 
വിളവെടുപ്പിനുശേഷം മുതിര ചെടികള്‍ വളര്‍ന്ന കരഭൂമി യന്ത്രസഹായത്താല്‍ ഉഴുതുമറിച്ച് കരനെൽ കൃഷിക്ക്‌  പാകമാക്കിയെടുത്തു. കരിഞ്ഞുണങ്ങിയ മുതിര  ചെടി മണ്ണില്‍ ചേർന്നതോടെ മണ്ണിന്‌ ആവശ്യത്തിനുള്ള നൈട്രജനും ലഭിച്ചു. കൃഷിക്ക് ആവശ്യമായ 100 കിലോ  നാടന്‍ നെൽ വിത്ത്‌  പെരിയ അഗ്രോ സർവീസ്‌ സെന്റര്‍ ലഭ്യമാക്കി. ആയമ്പാറ ഗ്രാമത്തെ ഉല്‍സവലഹരിയിലാക്കി  പെരിയ കൃഷി ഓഫീസര്‍ സി പ്രമോദ് കുമാര്‍ വിത്ത് വിതച്ച് ഉദ്‌്‍ഘാടനം ചെയ്തു. ജലദൗർലഭ്യമുള്ള  പെരിയയില്‍ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും. തെങ്ങിൻ തോപ്പിലും ഇടവിളയായി നെല്‍കൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ഉല്‍പാദനം വർധിപ്പിക്കാൻ  സഹായിക്കുന്നു. അമിതമായ അധ്വാനവും  പരിചരണവും ആവശ്യമില്ലാത്തതിനാല്‍ കൃഷിക്കാര്‍ക്ക് മെച്ചമാണ് കരനെല്‍കൃഷിയെന്ന് കൃഷി ഓഫീസർ പറഞ്ഞു. 
വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാല്‍ വൈക്കോലും മറ്റും കന്നുകാലികള്‍ക്ക് വിശ്വസിച്ച് കൊടുക്കാം. കരനെല്‍കൃഷിക്ക് കീടബാധ താരതമ്യേന കുറവായാണ്‌ കണ്ടുവരുന്നത്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരി മുളകു വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിച്ചാണ് പ്രതിരോധം. 
സന്ധ്യാസമയത്ത് പുരയിടത്തിന് സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതുംചാഴി ശല്യം കുറക്കാനാവും. ഇനി കളപറിക്കലും ചാണകമുള്‍പ്പെടെയുള്ള വൈജവ വളപ്രയോഗവും കീടങ്ങളെ തുരത്തലും വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്ന്‌  കൃഷിയെ കാക്കലും 22 അംഗ കര്‍ഷകസേനയുടെ ചുമതയാണ്. ഇതിനായി ഓരോ ആഴ്ചകളിലും സംഘാംഗങ്ങള്‍ക്ക് ചുമതല വിഭജിച്ചു നല്‍കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് എം മോഹനന്‍ പറഞ്ഞു. മൂന്നര മാസം കൊണ്ട് വിളവെടുക്കാനാകും. ഹെക്ടറിന്‌  13,000 രൂപ സഹായവും കുമ്മായത്തിന് ഹെക്ടർ  ഒന്നിന് 5,400 രൂപയും  കൃഷിവകുപ്പ് സംഘകൃഷി പ്രോല്‍സാഹനത്തിനായി നല്‍കും.
 
 
പ്രധാന വാർത്തകൾ
 Top