15 October Tuesday

ദേശീയപാത നന്നാക്കൽ 10 ദിവസത്തിനകം

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി വി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തോട്‌ കാലിക്കടവിൽ ദേശീയപാതയുടെ ശോച്യാവസ്ഥ എം രാജഗോപാലൻ എംഎൽഎ വിവരിക്കുന്നു

തൃക്കരിപ്പൂർ
ജില്ലയിലെ ദേശീയപാത 10 ദിവസത്തിനകം പൂർണമായും പുനഃനിർമിക്കും.  ജില്ലയിലെ ദേശീയപാതയുടെ തകർച്ച പരിശോധിക്കാനെത്തിയ  കേന്ദ്ര ഉപരിതല ഗതാഗാത മന്ത്രാലയം തിരുവനന്തപുരം മേഖലാ ഓഫീസർ വി വി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച  ജില്ലയിലെ ദേശീപാതകൾ സന്ദർശിച്ചു. മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെയുള്ള കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണ് വിലയിരുത്തിയത്. റിപ്പോർട്ട് തയ്യാറാക്കി 10 ദിവസത്തിനകം ജില്ലയിലെ റോഡ് പൂർണമായും നന്നാക്കാൻ നടപടിയെടുക്കുമെന്ന്‌ വി വി ശാസ്ത്രി പറഞ്ഞു. തലപ്പാടി മുതൽ കുമ്പള വരെ പുനരുദ്ധാരണത്തിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെ അറ്റകുറ്റ പ്രവർത്തിക്ക് 75 ലക്ഷം അനുവദിച്ചു. കഴിഞ്ഞ പത്ത് വർഷമായി പുനരുദ്ധാരണ പ്രവർത്തികൾക്ക്‌ ദേശീയപാത അതോറിറ്റി പണം അനുവദിച്ചിട്ടില്ല. കുഴി അടക്കാൻ സംസ്ഥാന സർക്കാരാണ്‌ തുക അനുവദിക്കുന്നത്‌. ദേശീയപാത പൂർണമായും പുനരുദ്ധാരണം നടത്തണമെന്നും കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും  ആവശ്യപ്പെട്ട്‌ എം രാജഗോപാലൻ എംഎൽഎ പൊതുമരാമത്ത്, ദേശീയപാത ചീഫ് എൻജിനീയർക്ക്‌  നിവേദനം നൽകിയിരുന്നു. 
 റീ ടാറിങ്ങിന്‌ തലപ്പാടി മുതൽ ഉപ്പള വരെ 7.6 കോടി രൂപയും  ഉപ്പള മുതൽ കുമ്പള പെർവാഡ് വരെ 8.5 കോടിയും ദേശീയപാത അതോറിറ്റി അനുവദിച്ചിട്ടുണ്ട്‌. തുടർന്നങ്ങോട്ടുള്ള പാതയുടെ കുഴി അടക്കാൻ സംസ്ഥാന സർക്കാരാണ്‌ തുക അനുവദിച്ചത്‌. പെർവാഡ് മുതൽ മൊഗ്രാൽ പാലം വരെയുള്ള ഭാഗത്ത് 25 ലക്ഷം രൂപ വീതമുള്ള മൂന്ന്‌ പ്രവൃത്തികൾ നടത്തും. മൊഗ്രാൽ പാലം മുതൽ അണങ്കൂർ വരെ 99.8 ലക്ഷം രൂപയും അണങ്കൂർ മുതൽ ചട്ടഞ്ചാൽ വരെ 25 ലക്ഷം രൂപയും അനുവദിച്ചു. ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെ 75 ലക്ഷം രൂപ അനുവദിച്ചു.  ദേശീയപാത അതോറിറ്റി കൂടുതൽ തുക അനുവദിച്ചാലെ ഇവിടങ്ങളിൽ റീ ടാറിങ്്‌ സാധ്യമാകൂ. ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെ ദേശീയ പാത പുതുക്കി പണിയുന്നതിന് 8.5കോടി രൂപയുടെയും കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ 3 കോടി രൂപയുടെയും  എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്‌.
വിദഗ്‌ധ സംഘത്തിന്‌ എം രാജഗോപാലൻ എംഎൽഎ റോഡിന്റെ ശോചനീയാവസ്ഥ നേരിൽ കാണിച്ച് കൊടുത്തു. എൻജിനിയർമാരായ അമിത്ത്, ധനപാലൻ,  ദേശീയപാത വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എൻജിനീയർ ശശിധരൻ,  കാസർകോട്‌ അസിസ്റ്റൻഡ്‌ എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top