20 September Friday

ഓഡിറ്റ്‌ റിപ്പോർട്ട്‌ ചർച്ച ഉത്തരം നൽകാതെ ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻUpdated: Friday Aug 9, 2019
കാസർകോട്‌
ഓഡിറ്റ്‌ റിപ്പോർട്ട്‌ ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക്‌ കൃത്യമായി ഉത്തരം നൽകാതെ ഉദ്യോഗസ്ഥർ. 168 പേജുള്ള ഓഡിറ്റ്‌ റിപ്പോർട്ടിൽ പകുതിയിലേറെറൊഗവും ക്രമക്കേടുകളും തുരുത്തൽ നടപടികളുമാണ്‌ എടുത്തുപറയുന്നത്‌. എന്നാൽ എല്ലാം സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന വാദമുയർത്തി ലഘൂകരിക്കാനാണ്‌ ഉദ്യോഗസ്ഥർ ശ്രമിച്ചത്‌. ഇതിനെതിരെ ചോദ്യങ്ങളുന്നയിച്ച സിപിഐ എമ്മിലെ കെ ദിനേശനും ലീഗ്‌ വിമതൻ റാഷിദ്‌ പൂരണത്തിനും കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. 
തെരുവ്‌ വിളക്കുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ മാത്രമാണ്‌ മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ ഭാഗത്തുനിന്നും ശബ്ദമുയർന്നത്‌. രവി പൂജാരിയുടെ ചോദ്യങ്ങൾക്ക്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി എം മുനീർ മറുപടി നൽകിയതോടെ ബിജെപിക്കാർ നിശബ്ദരായി.
വിദ്യാനഗർ വ്യവസായ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്ന മദീന മില്ലുടമയിൽനിന്നും അനധികൃതമായി ഭൂമി കൈവശം വച്ചതിന്‌ ഈടാക്കാൻ തീരുമാനിച്ച അഞ്ചുലക്ഷത്തോളം രൂപ ഒരു വർഷം കഴിഞ്ഞിട്ടും അടക്കാത്തത്‌ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഉടൻ അടക്കുമെന്ന്‌ ഉടമ അറിയിച്ചതിനാലാണ്‌ നടപടിയെടുക്കാത്തതെന്ന ഒഴുക്കൻ മറുപടിയാണ്‌ റവന്യുവിഭാഗം നൽകിയത്‌. ഒരു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ്‌ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്‌. ഭൂരിഭാഗവും ഉദ്യോഗസ്ഥ വീഴ്‌ച കാരണം സംഭവിച്ചതാണെങ്കിലും ലീഗ്‌‐ ബിജെപി കൗൺസിലർമാർ ഇതിനെതിരെ മൗനം പാലിച്ചു. 
റിപ്പോർട്ടിന്റെ പകർപ്പ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാർക്കും കൗൺസിലർമാർക്കും നൽകാത്തതും ചർച്ച ചെയ്യാനുള്ള അവസരം ഇല്ലാതാക്കി. ഉദ്യോഗസ്ഥരുടെ  നടപടിയെ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാർ ചോദ്യം ചെയ്‌തെങ്കിലും ഇത്രയേറെ പേജുള്ള റിപ്പോർട്ടിന്റെ പകർപ്പ്‌ എല്ലാവർക്കും നൽകുക സാധ്യമല്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. തങ്ങൾ വരുത്തിവച്ച തെറ്റുകൾ പിടിക്കപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ തന്ത്രപൂർവമാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ അംഗങ്ങൾക്ക്‌ നൽകാതിരുന്നത്‌.
ഓഡിറ്റ്‌ റിപ്പോർട്ടിൽ പിശകായി ചൂണ്ടിക്കാണിച്ച പദ്ധതികളിൽ പലതിനും കാരണം ഫയലുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാലാണെന്ന്‌ ഉദ്യോഗസ്ഥർ കൗൺസിലിനെ അറിയിച്ചു. രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള മറുപടിയെ എതിർക്കാതെ ബിജെപി‐ ലീഗ്‌ കൗൺസിലർമാർ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നു. 
ക്രമക്കേടുകൾ നടന്നിട്ടുള്ള ഫയലുകളൊന്നും നഗരസഭയിൽ കാണാനില്ലാത്തത്‌ ഗുരുതരമായ അച്ചടക്കലംഘനവും ഉദ്യോഗസ്ഥ അലംഭാവവുമാണെങ്കിലും ഇതിനെതിരെ കൗൺസിലിൽ ശബ്ദമുയരാത്തത്‌ ഓഡിറ്റ്‌ പരിശോധനയെ നിസാരവൽക്കരിക്കുന്നതാണ്‌. യോഗത്തിൽ വൈസ്‌ ചെയർമാൻ എൽ എ മെഹമൂദ്‌ ഹാജി അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top