16 September Monday

ഫിഷറീസ‌് ഓഫീസ‌് മാറ്റരുത്‌: മത്സ്യത്തൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

 കാഞ്ഞങ്ങാട‌്

മീനാപ്പീസിൽ പ്രവർത്തിക്കുന്ന ഫിഷറീസ‌് ജില്ലാ ഓഫീസ‌് കാസർകോട്ടേക്ക‌് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന‌് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറി കാറ്റാടി കുമാരൻ പറഞ്ഞു. 
ജില്ല രൂപീകരിക്കുമ്പോൾ ഫിഷറീസ‌്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ജില്ലാ ഓഫീസ‌് കാഞ്ഞങ്ങാട്ട‌് അനുവദിച്ചിരുന്നു. ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക‌് സൗകര്യപ്രദമായതാണ്‌  മീനാപ്പീസിലുള്ള ഓഫീസ‌്. മത്സ്യത്തൊഴിലാളികൾക്ക‌് അടിയന്തര  ഘട്ടങ്ങളിൽ സഹായം ലഭിക്കുന്ന കാഞ്ഞങ്ങട്ടെ ഓഫീസ‌് മത്സ്യ കർഷക വികസന എജൻസിയുടെ(എഫ‌്എഫ‌്ഡിഎ)ട്രെയിനിങ‌് സെന്ററിലാണ‌് പ്രവർത്തിക്കുന്നത‌്. സർക്കാർ മത്സ്യകൃഷിക്ക‌് പ്രാധാന്യം നൽകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട‌്.  അതിനും  സൗകര്യപ്രദമായ സ്ഥലം കാഞ്ഞങ്ങാട്ടുതന്നെ. 2000ൽ ഉദ‌്ഘാടനം ചെയ‌്ത  കെട്ടിടം ഇതുവരെ അറ്റകുറ്റപ്പണി ചെയ‌്തിട്ടില്ല. 
എഫ‌്എഫ‌്ഡിഎക്ക‌് ഫണ്ട‌് ഉണ്ടെങ്കിലും  കെട്ടിടം നവീകരിക്കാൻ ശ്രമിക്കുന്നില്ല.  ജീർണാവസ്ഥ ആരോപിച്ച‌് കാസർകോട‌്  പണിത അവയർനെസ‌് സെന്ററിലേക്ക‌് പ്രവർത്തനം മാറ്റാനുള്ള നീക്കമാണ‌് ഇതിനു പിന്നിൽ. നിലവിൽ ഫിഷറീസ‌് ഇൻസ‌്പെക്ടറുടെ ഓഫീസ‌് പ്രവർത്തിക്കുന്നത‌് കാസർകോട്ടാണ‌്. യാത്രാസൗകര്യമില്ലാത്ത കസബ കടപ്പുറത്തേക്ക‌്  ഫിഷറീസ‌് ഓഫീസ‌് മാറ്റാനാണ‌് നീക്കം. 
ഉദുമ, വലിയപറമ്പ‌്, പടന്ന, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട‌് തുടങ്ങിയ തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക‌് വലിയ പ്രയാസമാണ‌് ഓഫീസ‌് മാറ്റുന്നതുവഴി ഉണ്ടാവുക. കാഞ്ഞങ്ങാട്ടുള്ള ഓഫീസ‌് നവീകരിച്ച‌് ഇവിടെത്തന്നെ ഫിഷറീസ‌് ഓഫീസ‌് തുടരണം.   സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ മൂന്നാം ഗഡു അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.  ഇതു സംബന്ധിച്ച‌് ഫിഷറീസ‌് മന്ത്രിക്ക‌് നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top