കാസർകോട്
കൊളത്തൂർ പെർളടുക്കത്തെ കെ കെ നാരായണന്റെയും സുഷമയുടെയും മകൻ കണ്ണനെന്ന സായന്ത് കൃഷ്‌ണയുടെ ആറാം പിറന്നാളായിരുന്നു ഈ ബുധനാഴ്‌ച. അന്നുതന്നെയാണ് കൊളത്തൂർ പെർളടുക്കത്തെ കെ കെ നാരായണന്റെയും സുഷമയുടെയും മകൻ കണ്ണനെന്ന സായന്ത് കൃഷ്‌ണയുടെ ഒമ്പതാം ചരമവാർഷികവും. ഇക്കാര്യമറിയിച്ച് ദേശാഭിമാനി പത്രത്തിൽ എല്ലാ ജൂൺ എട്ടിനും നാരായണനും കുടുംബവും പരസ്യം നൽകും. ഇതുകണ്ട് കൗതുകവും സങ്കടവും സംശയവും പരാതിയും എല്ലാം ഉയരുന്ന ഫോൺ വിളികളും ചെല്ലും പിന്നാലെ. ഒരേ പേര്, ഒരേ വിലാസം; ഏതാണ്ട് ഒരേ ചിത്രം: പക്ഷെ; ഒന്നിൽ തലക്കെട്ട് ചരമവാർഷികം, മറ്റൊന്നിൽ ജന്മദിനം!!
രണ്ടു മക്കളുടെയും പേര് ഒന്നു തന്നെയാണെങ്കിലും കണ്ണനെ വിളിപ്പേര് കേൾക്കാൻ ഇപ്പോൾ നാരായണന്റെ വീട്ടിൽ ഇളയവൻ മാത്രമെയുള്ളു.
2014 ജൂൺ ഏഴിന് രാത്രി നാരായണന്റെ അടുത്ത ബന്ധുവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് അതുമറിഞ്ഞ് മൂത്തവൻ സായന്ത് എട്ടിന് പുലർച്ചെ അകാലത്തിൽ വിട പറയുന്നത്. ആ സങ്കടക്കടൽ താണ്ടാതെ ജീവിതം തുടരുന്നതിനിടയിലാണ് 2017 ജൂൺ എട്ടിന് രണ്ടാമൻ ജനിച്ചത്. മൂത്തയാളുടെ മരണസമയവും രണ്ടാമന്റെ ജനന സമയവും പോലും ഏകദേശം അടുപ്പിച്ചായിരുന്നു. അതുകൊണ്ടാകണം; മൂത്തവന്റെ ജീവിതം രണ്ടാമനിൽ പൂരിപ്പിക്കാൻ ഈ കുടുംബത്തിന് പ്രേരണയായത്.
ചേട്ടന്റെ വിയോഗദിനം ആയതിനാൽ കുഞ്ഞു സായന്തിന് പിറന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷമൊന്നുമില്ല. കൊളത്തൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഐ എം ബ്രാഞ്ചുസെക്രട്ടറിയുമായ നാരായണനും സുഷമയ്ക്കും മൂത്ത മകൾ കൂടിയുണ്ട്; സയന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..