19 October Saturday

""അന്തരീക്ഷം തെളിയും... ഉദിക്കും നല്ലൊരു നാളെ...''

വിജയൻ കരിവെള്ളൂർUpdated: Sunday Jun 9, 2019
പയ്യന്നൂർ
""കുഞ്ഞമ്പു ! അന്തരീക്ഷം ഇപ്പോഴും കാറ് കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. സാവകാശത്തിൽ തെളിഞ്ഞുവരും. അങ്ങിനെ ഒരു നല്ല നാളെയുടെ ഉദയം ഉണ്ടാകും. സ്വൈര്യമായും അപ്പോൾ നമുക്കു സല്ലപിക്കാം. ആനന്ദത്തിലും സന്തോഷത്തിലും കഴിയാം. കത്ത് നിർത്തട്ടെ? സൗകര്യപ്പെടുമ്പോൾ നാട്ടുവർത്തമാനം കാണിച്ച് കത്തയക്കുക .അഭിവാദനങ്ങൾ. സ്വന്തം എ വി (ഒപ്പ്).''  
കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പു 1966 മാർച്ച‌് 28ന‌് പുത്തൂരിലെ  കമ്യൂണിസ‌്റ്റ‌് പാർടിയുടെയും കർഷകസംഘത്തിന്റെയും ഉശിരനായ പ്രവർത്തകൻ അറക്കുളവൻ കുഞ്ഞമ്പുവിന‌് എഴുതിയ കത്ത‌ിലെ വാക്കുകളാണിത‌്. 53 വർഷംമുമ്പ‌് എ വി ജയിലിൽനിന്ന‌് അയച്ച കത്ത‌് നിധിപോലെ സൂക്ഷിക്കുകയാണ‌് അറക്കുളവൻ കുഞ്ഞമ്പു. ചെറുപ്രായത്തിലേ എ വിയുടെ രാഷ്ട്രീയപ്രവർത്തനം  മാതൃകയാക്കി  കമ്യൂണിസ‌്റ്റ‌് പാർടി പ്രവർത്തകനായതാണ‌് അറക്കുളവൻ കുഞ്ഞമ്പു. 1952‐ൽ പാർടി അംഗമായി. എ വിയുടെ നിർദേശപ്രകാരം കർഷകസംഘം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. 1964‐-ൽ താലൂക്ക‌് ഓഫീസ‌് പിക്കറ്റ‌് ചെയ‌്തതിന്റെ പേരിൽ ഒരു മാസം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.  മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത‌് എ വിയും അന്ന‌് ജയിലിലുണ്ടായിരുന്നു. അക്കാലത്താണ‌് എ വിയുമായുള്ള ബന്ധം ദൃഢപ്പെട്ടത‌്. ജയിൽമോചിതനായി  നാട്ടിലെത്തിയ കുഞ്ഞമ്പുവിന‌് എ വി ജയിലിൽനിന്ന‌് കത്തയച്ചു. നാടിന്റെ പ്രശ‌്നത്തോടൊപ്പം തന്റെ കുടുംബത്തെ നോക്കണമെന്നും എ വി കത്തിലൂടെ  ആവശ്യപ്പെട്ടു. തുടർന്ന‌് പച്ചക്കറിയടക്കമുള്ള ഭക്ഷ്യസാധനങ്ങൾ എ വി യുടെ വീട്ടിലെത്തിച്ചത‌് ഇന്നും കുഞ്ഞമ്പു ഓർക്കുന്നു.  
വയസ്സ‌് 90 പിന്നിട്ടെങ്കിലും ചരമവാർഷികദിനത്തിൽ എ വിയുടെ വീട്ടിലും തുടർന്ന‌് എ വി അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷിനഗറിലെ പതാക ഉയർത്തൽ ചടങ്ങിനും മുടങ്ങാതെ അറക്കുളവൻ കുഞ്ഞമ്പുവെത്തും. കരിവെള്ളൂർ സമരനായകനായിരുന്ന കെ കൃഷ‌്ണൻ മാസ‌്റ്ററുടെ അവസാനകാലത്ത‌് 57 ദിവസം തുടർച്ചയായി പുത്തൂരിൽനിന്ന‌് കരിവെള്ളൂർ ഗവ. ആശുപത്രിയിലേക്ക‌് നടന്നുവന്നതിന്റെ  ഓർമയും കുഞ്ഞമ്പുവിനുണ്ട‌്. പ്രവർത്തനകേന്ദ്രം പുത്തൂരാണെങ്കിലും താമസം കാസർകോട‌് ജില്ലയിലെ  വലിയപൊയിലിലാണ‌്. കർഷകസംഘം പെരളം വില്ലേജ‌് കമ്മിറ്റിയംഗം, പെരളം സർവീസ‌് ബാങ്ക‌് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട‌്.  നിലവിൽ സിപിഐ എം വട്ടപ്പൊയിൽ ബ്രാഞ്ചംഗമാണ‌്. പരേതയായ മടയമ്പത്ത‌് മാണിക്കമാണ‌് ഭാര്യ. ലീല, ബാലഗോപാലൻ, പവിത്രൻ,  രമണി,  പ്രസന്ന എന്നിവർ മക്കളാണ‌്.
പ്രധാന വാർത്തകൾ
 Top