19 July Friday

കിടപ്പാടം സ്വന്തമാകും; 450 കുടുംബങ്ങൾക്ക‌്

എ കെ രാജേന്ദ്രന്‍Updated: Sunday Jun 9, 2019
രാജപുരം
കോടോം ബേളൂർ പഞ്ചായത്തിൽ പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുന്നു. പ്രതീക്ഷയോടെ 450 കുടുംബങ്ങൾ. ജില്ലയിൽ  ഏറ്റവുമധികം ആദിവാസി വിഭാഗങ്ങൾ തിങ്ങിപാർക്കുന്ന കോടോം ബേളൂർ പഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ 500 ലധികം കുടുംബങ്ങൾ പട്ടയം ഇല്ലാതെ പുറമ്പോക്ക‌് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോടോം ബേളൂർ പഞ്ചായത്ത് ഭരണസമിതി പട്ടയം ഇല്ലാത്ത കുടുംബങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചതിനെ തുടർന്ന‌് പട്ടയം നൽകുന്നതിന് നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. കോടോം ബേളൂർ പഞ്ചായത്തിലെ തായന്നൂർ, തട്ടുമ്മൽ, കോടോം വില്ലേജ‌് പരിധിയിൽ വരുന്ന 19 വാർഡുകളിലും പട്ടയം ഇല്ലാത്ത നിരവധി പേരുണ്ട‌്.  ഈ സർക്കാരിന്റെ കാലത്ത് ഇതിനകം നിരവധി പേർക്ക് പഞ്ചായത്തിൽ പട്ടയം നൽകി. പഞ്ചായത്തിലെ മൂപ്പിൽ, ശാസ്താംപാറ, തായന്നൂർ, അയ്യങ്കാവ്, കാലിച്ചാനടുക്കം, കോട്ടപ്പാറ, കോടോം, തട്ടുമ്മൽ എഴാംമൈൽ, ഇരിയ, എരുമക്കുളം, ചുള്ളിക്കര തുടങ്ങി പ്രദേശങ്ങളിലെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി പുറമ്പോക്ക‌് ഭൂമിയിലും മിച്ചഭൂമിയിലും ചെറിയ വീട് വെച്ച് താമസിക്കുന്നുണ്ട‌്. 
2019-ൽ മാത്രം  കോടോം വില്ലേജിലെ 62 കുടുംബങ്ങൾക്കും തായന്നൂരിൽ വില്ലേജിലെ 18 കുടുംബങ്ങൾക്കും തട്ടുമ്മൽ വില്ലേജിലെ 25 കുടുംബങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള അപക്ഷ താലൂക്കിൽ ലഭിച്ചിട്ടുണ്ട‌്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശപ്രകാരം ഇപ്പോഴും പട്ടയത്തിനുള്ള അപേക്ഷ വില്ലേജുകളിൽ സ്വീകരിക്കുന്നതിനുണ്ട‌്. ഭൂമിക്ക് രേഖയില്ലാത്തതിനാൽ സർക്കാരിൽ നിന്നും പഞ്ചായത്തിൽ നിന്നും കിട്ടേണ്ട ഒരു ആനുകൂല്യവും ഇവർക്ക് കിട്ടുന്നില്ല. പലരുടെയും വീടുകൾ ഏത് നിമിഷവും തകർന്നു വീഴുമെന്ന  നിലയിലാണ‌്. മുൻ എംപി പി കരുണാകരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയുടെയും  റവന്യൂ മന്ത്രിയുടെയും  ശ്രദ്ധ പട്ടയപ്രശ്‌നം പെടുത്തിയതോടെയാണ് സർക്കാർ തലത്തിൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം കോടോം ബേളൂർ പഞ്ചായത്തിലുണ്ടായ വേനൽ മഴയിൽ വീട് തകർന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും പട്ടയം ഇല്ലാത്തവരാണ‌്. കോട്ടപ്പാറ പട്ടികവർഗ കോളനിയിലെ വീട് തകർന്ന അഞ്ച് പേർക്കും പട്ടയം ഇല്ലാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കുന്നത‌്  ആശങ്കയിലാണ്.  വീട് തകർന്ന പലർക്കും സർക്കാർ സഹായം അനുവദിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട‌്. 
കാലിച്ചാനടുക്കം മൂപ്പിലെ കെ വി രമണി എട്ട് വർഷമായി മൂപ്പിലെ പുറമ്പോക്ക‌് സ്ഥലത്ത് വീട് കെട്ടി താമസിക്കുന്നു. ഏഴ് സെന്റ് സ്ഥലമാണ് ഇവരുടെ കൈവശമുള്ളത‌്. എൽഡിഎഫ‌് സർക്കാർ വന്നതോടെ പട്ടയം നൽകാനുള്ള നടപടി ആരംഭിച്ചു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് സർവേ നടത്തി. ഇവിടെ നിരവധി കുടുംബങ്ങൾ  പട്ടയത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  ഈ സർക്കാർ പട്ടയം തരുമെന്ന ഉറച്ച പ്രതീക്ഷയിലാണ‌് മൂപ്പിലെ യമുന, നാരായണൻ, ധന്യ, കുമാരൻ,  രജിത്ത‌്, ശ്രീജയ, നാരായണി എന്നിവർ.
പ്രധാന വാർത്തകൾ
 Top