14 April Wednesday

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ തുടങ്ങി ആത്മവിശ്വാസത്തോടെ 
പരീക്ഷാഹാളിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ പിപിഇ കിറ്റണിഞ്ഞ്‌ എത്തിയ അധ്യാപകൻ

കാസർകോട്‌
ജില്ലയിൽ എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ വിഭാഗങ്ങളിലായി 34,748 വിദ്യാർഥികൾ പരീക്ഷയെഴുതി. 31 പേർ ഇരു വിഭാഗങ്ങളിലുമായി പരീക്ഷക്ക്‌ എത്തിയില്ല. എസ്‌എസ്‌എൽസിക്ക്‌ രജിസ്‌റ്റർ ചെയ്‌തവരിൽ 17 പേരും പ്ലസ്‌ടുവിൽ 14 പേരുമാണ്‌ പരീക്ഷയെഴുതാത്തത്‌. കോവിഡ്‌ പോസിറ്റീവായ മുഴുവൻ വിദ്യാർഥികളും  മാനദണ്ഡം പാലിച്ച്‌ പരീക്ഷയെഴുതി. 162 കേന്ദ്രത്തിലായാണ്‌ എസ്‌എസ്‌എൽസി പരീക്ഷ നടന്നത്‌. 96 കേന്ദ്രത്തിലായിരുന്നു ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ. വിഎച്ച്‌എസ്‌ഇ പരീക്ഷ വെള്ളിയാഴ്‌ച തുടങ്ങും. 1222 വിദ്യാർഥികളാണ്‌ പരീക്ഷയെഴുതുന്നത്‌. 
 പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കി. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാർഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്‌.  ഒരു മുറിയിൽ 20 കുട്ടികൾ എന്നനിലയിലാണ്‌ ഇരുത്തിയത്‌.
കോവിഡ്‌  ബാധിതരായ വിദ്യാർഥികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും‌ പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യമൊരുക്കി. എസ്‌എസ്‌എൽസി പരീക്ഷയിൽ കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിൽ കോവിഡ്‌ പോസീറ്റാവായ മൂന്ന്‌ പേർ മാത്രമാണുണ്ടായത്‌. കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിൽ 16 പേരുണ്ടായി‌. പ്രത്യേക വാഹനത്തിലെത്തിയ ഇവരെ  ഒരു ക്ലാസ്‌ മുറിയിൽ ഒരാൾ എന്നരീതിയിൽ ഇരുത്തി.  അധ്യാപകർ പിപിഇ കിറ്റുൾപ്പെടെയുള്ളവ ധരിച്ചു ക്ലാസ്‌ മുറിയിലെത്തിയപ്പോൾ വിദ്യാർഥികൾ മാസ്‌കിനും കൈയുറയ്‌ക്കും പുറമെ മുഖാവരണംകൂടി അണിഞ്ഞാണ്‌ പരീക്ഷാ ഹാളിലെത്തിയത്‌. മുഴുവൻ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള  സൗകര്യം  ഒരുക്കിയെന്ന്‌ ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ കെ വി പുഷ്‌പ പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top