14 October Monday

ദുരിത യാത്രാവണ്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
കാഞ്ഞങ്ങാട്
ട്രെയിൻ സമയമാറ്റവും വൈകിയോട്ടവും കാരണം ഓണയാത്ര ദുരിതമയം. ഓണക്കാലമായതിനാൽ അവധിക്ക് നാട്ടിലേക്ക് വരുന്നവരുടെ വൻ തിരക്കാണ് എല്ലായിടത്തും. ഇതിനിടയിലാണ് ട്രെയിൻ സമയമാറ്റവും വൈകിയോട്ടവും യാത്രക്കാരെ വലയ്ക്കുന്നത്.
മംഗളൂരു- ചെന്നൈ സൂപ്പർ മാർക്കറ്റ് എക്‌സ്‌പ്രസ്, മംഗളൂരു- കണ്ണൂർ പാസഞ്ചർ ട്രെയിൻ എന്നിവയുടെ സമയം  മാറ്റിയതാണ് വൈകിട്ടത്തെ യാത്രക്ക് തിരിച്ചടിയായത്‌. വൈകിട്ട് 3.05 കഴിഞ്ഞാൽ കാസർകോട്ടുനിന്നും കണ്ണൂർ ഭാഗത്തേക്കുള്ള അടുത്ത  ട്രെയിൻ കിട്ടാൻ രണ്ട് മണിക്കൂറിലേറെ കാത്തുനിൽക്കണം. കണ്ണൂരിൽ നിന്നും കാസർകോട്ടേക്കും തിരിച്ചുമുള്ള സ്ഥിരം യാത്രക്കാരെല്ലാം ഉപയോഗിക്കുന്നത് സീസൺ ടിക്കറ്റാണ്.  മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്റ്റ് കാസർകോട് റെയിൽവെ സ്റ്റേഷനിലെത്തുന്നത് 5.35നാണ്. ഈ ട്രെയിനിൽ സീസൺ  യാത്ര അനുവദിക്കുന്നില്ല. കണ്ണൂരിലേക്ക് പോകേണ്ടവർക്ക് വൈകിട്ട് ആറുമണിക്കുള്ള പാസഞ്ചർ ട്രെയിൻ വരെ കാത്തുനിൽക്കണം.  ഈ ട്രെയിനിൽ തിക്കിതിരക്കി കയറിപ്പറ്റാൻ ഏറെ പാടുപെടേണ്ടിവരുന്നു. മംഗളൂരുവിൽ പ്ലാറ്റ് ഫോമിന്റെ നവീകരണത്തിനെന്ന് പറഞ്ഞാണ് വൈകിട്ടത്തെ വണ്ടികളുടെ സമയത്തിൽ മാറ്റം വരുത്തിയത്. കോവിഡിന് മുമ്പ് മംഗളൂരു- ചെന്നൈ  സൂപ്പർ ഫാസ്റ്റ് ട്രെയിൻ 4.50നും കണ്ണൂരിലേക്കുള്ള പാസഞ്ചർ  5.35നുമാണ് കാസർകോട് റെയിൽവെ സ്റ്റേഷനിലെത്തിയിരുന്നത്.    
 ട്രെയിനിന്റെ എല്ലാ കമ്പാർട്ടുമെന്റുകളിലും സൂചി കുത്താനിടമില്ലാത്ത വിധത്തിലുള്ള തിരക്കാണ്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകൾ കുറവായതിനാൽ സാധാരണയാത്രക്കാർ  കടുത്ത ബുദ്ധിമുട്ടിലാണ്.  ജനറൽ കമ്പാർട്ടുമെന്റുകളിൽ തിങ്ങിഞെരുങ്ങിയുള്ള യാത്ര കാരണം തളർന്നുവീഴുന്നവരുടെ എണ്ണവും കൂടി. ജനറൽ കമ്പാർട്ടുമെന്റിന് ടിക്കറ്റെടുക്കുന്ന സാധാരണ യാത്രക്കാരിൽ പലരും തിരക്ക് കാരണം സ്ഥലമില്ലാതെ കമ്പാർട്ടുമെന്റുകൾ മാറിക്കയറുന്നുണ്ട്. ഇതിനിടയിൽ ടി ടി ആറിന്റെ പിടിയിലകപ്പെട്ടാൽ വൻ തുക പിഴയൊടുക്കേണ്ടി വരുന്നു.  അധ്യാപകർ അടക്കമുള്ള സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും കണ്ണൂരിൽ നിന്ന് കാസർകോട്ടേക്കും തിരിച്ചും യാത്ര ചെയ്യുന്നത് ട്രെയിനിലാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top