24 October Thursday

കശ്‌മീർ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

 ബങ്കളം

കശ്‌മീർ ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കണമെന്നും ഭരണഘടനയെയും ഫെഡറലിസത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനത എഴുപത്തിരണ്ടാം സ്വാതന്ത്യമാഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് കശ്‌മീരിന്‌ പ്രത്യേക പദവി നഷ്ടപ്പെടുന്നതും കേന്ദ്ര ഭരണ പ്രദേശമാകുന്നതും. മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും ഇന്ത്യയോട് ചേർന്ന് നിൽക്കാനായിരുന്നു കശ്മീർ ജനതയുടെ താൽപര്യം. എന്നിട്ടും കശ്മീരിനെ വിഭജിക്കാനാണ് മോദി സർക്കാർ തയ്യാറായത്. ഇപ്പോൾ ലോകത്തിലെ  ഏറ്റവും സൈനിക സാന്നിധ്യമുള്ള മേഖലയായി കശ്‌മീർ മാറി. കശ്മീരിനെ ഇന്ത്യയുടെ കൂടെ ചേർത്ത് നിർത്തുന്നതിനായി എഴുതിയുണ്ടാക്കിയ വകുപ്പ് ആർഎസ്എസ്- സംഘപരിവാർ ശക്തികൾ എന്നും അസഹിഷ്ണുതയോടെയാണ് കണ്ടത്. കശ്‌മീരിന്‌ മാത്രമല്ല ഇത്തരത്തിലുള്ള പ്രത്യേക പദവി. ബിജെപി ഭരണം നടത്തുന്ന പതിനൊന്ന് സംസ്ഥാനങ്ങളിൽ  ഇത്തരം പദവിയുണ്ട്. സംസ്ഥാനങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ തനിമ  നിലനിർത്തുകയാണ്  ഇത്തരം പ്രത്യേക പദവിയുടെ ലക്ഷ്യം. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിലൂടെ കഴിഞ്ഞ ഒരു മാസത്തിലേറെയായി കാശ്‌മീർ ജനത തടവിലാക്കപ്പെട്ട അവസ്ഥയാണ്. വിദ്യാർഥികൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങിയ സമൂഹത്തിലെ നാനാതുറകളിലുള്ളവർ വലിയ ദുരിതമനുഭവിക്കുകയാണ്‌. കാശ്‌മീർ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും നിലനിർത്താനും എല്ലാ പുരോഗമന ശക്തികളും ശബ്ദമുയർത്തണം. സൈനിക ഇടപെടലിലൂടെ ജനങ്ങളുടെ എല്ലാ അവകാശങ്ങളെയും അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ സമ്മേളനം പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top