22 February Friday
കാട്ടാന ഭീഷണിയെ തുടർന്ന്‌ വീടൊഴിഞ്ഞു

ചാത്തുവും കുടുംബവും വാടക വീട്ടിൽ

രജിത്ത്‌ കാടകംUpdated: Saturday Sep 8, 2018

ചേറ്റോണി ചാത്തുനായരും ഭാര്യ നാരായണിയമ്മയും വാടക വീടിന് മുന്നിൽ

കാടകം 
കാട്ടാനക്കൂട്ടം വീടിന്റെ മുറ്റത്തെത്തി ജീവനെടുക്കുന്ന ഘട്ടം വന്നപ്പോൾ   വീടും കൃഷിയിടവും വനംവകുപ്പിന് നൽകി  കാടകം നെക്കാർളത്ത് വാടക വീട്ടിൽ താമസിക്കുന്ന ചാത്തു നായരെയും കുടുംബത്തെയും  അധികൃതർ ചതിച്ചു. ഇതുവരെയും ഭൂമിയുടെ വില നൽകിയില്ലെന്നു മാത്രമല്ല, വാടക വീട്‌ ഒഴിയേണ്ട സ്ഥിതിയിലുമെത്തി.  ഒന്നരക്കൊല്ലമായി കാടകത്താണ് താമസം.  
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ എന്ന മാരൻ  താമസിസിച്ചിരുന്ന കൊട്ടംകുഴി കോളനിയിൽ നിന്ന് രണ്ടു  കിലോമീറ്റർ നടന്നുപോയാലാണ് ചേറ്റോണിയിലെത്തുക. ചാത്തു നായരും ഭാര്യ നാരായണി അമ്മയും മകനും ഭാര്യയും രണ്ടു കൊച്ചുമക്കളുമടങ്ങുന്ന കുടുംബമാണ് അവിടെ താമസിച്ചിരുന്നത്. 1978 ൽ പട്ടയം ലഭിച്ച 74 സെന്ററിൽ വീടും കെട്ടി കൃഷിയുമായാണ് കുടുംബം കഴിഞ്ഞത്. സംരക്ഷിത വനത്തിന്റെ നടുവിലായിരുന്നു വീടും പ്രദേശവും. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വേറെ വീടില്ല. 
കാട്ടാനക്കൂട്ടവും കാട്ടുപോത്തും പന്നിയും കുരങ്ങുകളും പെരുമ്പാമ്പും വിഹരിക്കുന്ന വനമാണിത്. പകൽ സമയത്ത് പോലും കാട്ടാന കൂട്ടം വീടിന് സമീപം വരുമായിരുന്നു. കൊട്ടംകുഴി കോളനി വരെ വണ്ടിയെത്തും. പിന്നീട് തലച്ചുമടായിട്ടാണ് സാധനങ്ങൾ വീട്ടിലെത്തിക്കുക. ഇങ്ങനെ വരുമ്പോൾ പലപ്പോഴും കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു. തലനാരിഴ വ്യത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയ നിരവധി കഥകളും ചാത്തു നായർക്ക് പറയാനുണ്ട്. 
വർഷങ്ങൾക്ക് മുമ്പ് വീടിന് സമീപം  കാട്ടാന ചെരിഞ്ഞു. ഒരു മാസത്തോളം കാട്ടാനക്കൂട്ടം വീടിന് സമീപത്ത് തന്നെയായിരുന്നു. കൃഷിയടക്കം കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചു. വീട്ടിൽനിന്ന് പുറത്തിങ്ങാൻ പോലും വയ്യാത്ത അവസ്ഥ. വീടിന്റെ വരാന്തയിൽ കാട്ടാന എത്തിയപ്പോൾ ഉടുത്തിരുന്ന മുണ്ട് ഊരിയെടുത്ത്  അതിൽ തീ കൊളുത്തി ആനയുടെ നേരെ എറിഞ്ഞാണ് രക്ഷപ്പെട്ടത്. 
കാറഡുക്ക സ്‌കൂളിൽ പഠിക്കുന്ന കൊച്ചു മക്കളായ  ആദിത്യന്റെയും ആര്യയുടെയും സ്‌കൂൾ കഴിഞ്ഞുള്ള വരവ് അപകട ഭീതിയിലായതു  മുതലാണ് നാടുവിടാൻ ആലോചിച്ചത്. കാട്ടാന ശല്യം മൂലം ജീവൻ നഷ്ടമാകുമെന്ന ഘട്ടം വന്നപ്പോൾ 2013 മാർച്ച് 13 ന്  വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി. ഏപ്രിൽ അവസാനത്തോടെ അന്നത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ  ചുമതല വഹിച്ച പി ബിജുവിന്റെ നേതൃത്വത്തിൽ വസ്തുവിന്റെ വില നിർണയം നടത്തി. 19,08,354 രൂപയാണ് വിലയിരുത്തിയത്. നവംബർ മാസമായി ഈ നടപടി പൂർത്തിയാകാൻ. പിന്നീട് ഒരു നടപടിയുമില്ല. 
 ജീവൻ പന്താടി ജീവിക്കാൻ വയ്യെന്ന ഘട്ടം വന്നപ്പോൾ ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ മാസത്തോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും  വകുപ്പ് തലവൻമാർക്കും പരാതി നൽകി. ഇതുവരെ  നടപടിയുണ്ടായില്ല.  സ്ഥലം എംഎൽഎക്ക് നിവേദനം നൽകിയിട്ടും ഇടപെട്ടില്ല. 2017 ൽ ഉദ്യോഗസ്ഥരുടെ വാക്കും വിശ്വസിച്ച് വീട് വിട്ടിറങ്ങി. താൽക്കാലികമായി കാടകം നെക്കാർളം വാടക വീട്ടിൽ. വേറെ ഒരു വീട് ഉടൻ വാങ്ങുമെന്നും അപ്പോൾ മാറാമെന്ന ഉറപ്പിലായിരുന്നു വാടക വീട്ടിലെ താമസം. 19 ലക്ഷം രൂപ വകുപ്പ് അധികൃതർ തരാനുള്ളതിനാൽ പലയിടത്തും സ്ഥലം  നോക്കി.  അഡ്വാൻസ്  നൽകി.   ഒന്നര കൊല്ലമായിട്ടും തുക കൈമാറാനോ ഫയൽ സംബന്ധിച്ച വിവരങ്ങൾ കൈമാറാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. 
94 വയസ്സുള്ള ചാത്തുനായർക്ക് ഇപ്പോൾ നേരെ നടക്കാൻ പോലും വയ്യ.  വാടക വീട് ഒഴിയാൻ ഉടമസ്ഥൻ നിർബന്ധിക്കുന്നുണ്ട്. ലക്ഷങ്ങൾ കിട്ടാനുണ്ടെങ്കിലും വാർധ്യക പെൻഷൻ കൊണ്ട് ജീവിക്കേണ്ട അവസ്ഥയാണിപ്പോൾ. പെൻഷൻ തുക മരുന്നിനുപോലും തികയില്ല. 68 വര്‍ഷക്കാലത്തെ അധ്വാനത്തില്‍ വിളയിച്ച  350 കവുങ്ങ്, 15 തെങ്ങ്, നൂറുകണക്കിന് വാഴ  എന്നിവ ആറുവര്‍ഷം കൊണ്ട്  കാട്ടാനകൂട്ടം ഞെരിച്ചു കളഞ്ഞപ്പോഴും  പണിയെടുത്തുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടപ്പോഴും ഇത്രയും വിഷമം അനുഭവിച്ചിട്ടില്ല. കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷ നേടാൻ അധികൃതരുടെ വാക്കും വിശ്വസിച്ചിറങ്ങിയ ചാത്തുനായർ ഇപ്പോൾ പെരുവഴിയിലായ അവസ്ഥയിലാണ്.
പ്രധാന വാർത്തകൾ
 Top