26 September Saturday

കോവിഡ്‌ പ്രതിരോധത്തിൽ വഴിവിളക്കായി ഫീൽഡ് ഫോഴ്സ്

പി പി കരുണാകരൻUpdated: Saturday Aug 8, 2020

പിപിഇ കിറ്റിട്ട‌് ശവമടക്കിന‌് നേതൃത്വം നൽകുന്ന ഫീൽഡ‌് വിഭാഗം ജീവനക്കാർ

കാഞ്ഞങ്ങാട‌്
കോവിഡ്‌‌ വ്യാപന ഘട്ടത്തിലും വിശ്രമമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന ഫീൽഡ് വിഭാഗം ജീവനക്കാർ. കൊറോണ പ്രതിരോധത്തിൽ കേരളമാതൃകയുടെ നട്ടെല്ലാണിവർ. ആറു മാസത്തിലധികമായി ഇടവേളകളില്ലാത്ത പ്രതിരോധ പ്രവർത്തന വഴികളിലാണ്. 
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തുന്നവരെ  രജിസ്റ്റർ ചെയ്യിക്കാനും അവരുടെ നിരീക്ഷണം ഉറപ്പുവരുത്താനും കാണിച്ച ജാഗ്രതയായിരുന്നു വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ സമ്പർക്കക്കേസുകൾ കുറയാനും വ്യാപനം തടയാനും സാധിച്ചത്.  വാർഡുതലങ്ങളിൽ  ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ‌്തു.  സർക്കാർ  നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിന്‌  ജനങ്ങൾക്കിടയിൽ  പ്രവർത്തിക്കുന്നത്‌ ഫീൽഡ്‌ വിഭാഗമാണ‌്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്യുകയാണിവർ. 
കൊറോണ ബാധിതരുടെ ശവമടക്കിന് നേതൃത്വം നൽകുന്നതും ഇവരാണ‌്.  മരണവീടുകളിലും കല്യാണവീടുകളിലും ആളുകൾ കൂടുന്നത്‌ നിരീക്ഷിച്ചും നിയന്ത്രണം വരുത്തിയും രോഗം പടരുന്നത‌് തടയുന്നതും ഫീൽഡ‌് ജീവനക്കാരുടെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ‌്. 
രോഗ വ്യാപനം തീവ്രമായതോടെ ക്വാറന്റൈൻ കേന്ദ്രങ്ങളിലും സിഎഫ‌്എൽടിസികളിലും ഇവരുടെ കാര്യക്ഷമമായ പ്രവർത്തനമുണ്ട്‌.   സ്രവ പരിശോധനാകേന്ദ്രങ്ങൾ വിപുലമാക്കിയപ്പേൾ രജിസ്ട്രേഷൻ മുതൽ പരിശോധനയ്ക്ക് വരെ സഹായിക്കുന്നൂ.  വിവരശേഖരണം നടത്തി ജാഗ്രതാപോർട്ടലിൽ ചേർക്കുന്നതും ഇവരാണ്.  മഴക്കാല ആരംഭത്തിൽ പടർന്ന ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങളും  മുടക്കമില്ലാതെ നടത്തുന്നു.  ജില്ല കൊറോണ കൺട്രോൾ സെല്ലിലും സുപ്രധാന ചുമതല  നിർവഹിക്കുന്നത് മൂന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ്. 
കൊറോണ പ്രതിരോധം  ഏകോപിപ്പിക്കാനും സംശയ നിവാരണത്തിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഹെൽപ് ഡസ‌്കുകളിൽ വരെ പ്രവർത്തിക്കുന്നു.   ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക‌് ഹെൽത്ത് നേഴ്സ്, ജൂനിയർ പബ്ലിക‌് ഹെൽത്ത് നേഴ്സ്, ആശാ പ്രവർത്തകർ എന്നിവരടങ്ങിയതാണ്‌ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തായ ഫീൽഡ്‌വിഭാഗം.
 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top